| Wednesday, 8th August 2018, 12:31 am

കള്ളക്കുടി വീരന്റെ അസ്തമയ കാലം

കെ.എ. ഷാജി

രണ്ടായിരത്തിയൊന്‍പത് നവംബര്‍ മാസം അവസാനം. ട്രിച്ചിയില്‍ നിന്നും ചെന്നൈ നഗരത്തിലേയ്ക്കുള്ള ബസില്‍ തടസങ്ങള്‍ ഏതുമില്ലാതെ താംബരം വരെ എത്തിയത് ഓര്‍മ്മയുണ്ട്. പൊടുന്നനെ ഇഴയാന്‍ തുടങ്ങിയ ബസ് നഗരപ്രാന്തത്തില്‍ വലിയൊരു ഗതാഗതകുരുക്കില്‍ പെടുന്നത് രാവിലെ എട്ടരയ്ക്ക്. എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കും പിടിയില്ല. മുന്നിലും പിന്നിലും വാഹനങ്ങളുടെ നീണ്ടനിരമാത്രം. കുരുക്കഴിഞ്ഞു ബസ് യാത്ര തുടരുമ്പോള്‍ ഉച്ചയ്ക്ക് ഒന്നര കഴിഞ്ഞിരുന്നു. അപ്പോഴേയ്ക്കും നഗരത്തിലെങ്ങും ഗതാഗതം താറുമാറായിരുന്നു.

കോയമ്പേട് ബസ് സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ വൈകുന്നേരമായി. നഗരത്തിന്റെ പ്രവേശന കവാടത്തില്‍ ഉള്ള കത്തിപ്പാറ ഗ്രേഡ് സെപ്പറേറ്റര്‍ ഉച്ചവരെ രജനികാന്ത് അഭിനയിച്ചുകൊണ്ടിരുന്ന യന്തിരന്‍ സിനിമയ്ക്കായി കലൈജ്ഞര്‍ മുത്തുവേല്‍ കരുണാനിധിയുടെ സര്‍ക്കാര്‍ നിര്‍മ്മാതാക്കളായ മാരന്‍ സഹോദരന്മാര്‍ക്ക് വിട്ടു കൊടുത്തിരിക്കുകയായിരുന്നു. തെക്കന്‍ ഗ്രാന്‍ഡ് ട്രങ്ക് റോഡ്, ഇന്നര്‍ റിംഗ് റോഡ്, അണ്ണാ ശാലൈ, മൌണ്ട്-പൂനമല്ലി റോഡ് എന്നിവയെ കൂട്ടിയിണക്കുന്ന ഗ്രേഡ് സെപ്പറേറ്റര്‍ എപ്പോഴും തിരക്ക് നിറഞ്ഞതാണ്. അതില്‍ ഒരു നിമിഷം സ്തംഭനം വന്നാല്‍ നഗരത്തിന് താങ്ങാന്‍ ആകില്ല. വിമാനത്താവളത്തിലേക്ക് പോകാനും അത് കയറി ഇറങ്ങണം. അവിടെയാണ് ഭരണത്തിന്റെ തണലില്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് യന്തിരന്‍ ആയി മാറിയ രജനീകാന്ത് കാറുകള്‍ തള്ളിയിടുന്നത് പട്ടാപ്പകല്‍ ഷൂട്ട് ചെയ്യുന്നത്. എന്തൊരു ധൈര്യം. ധിക്കാരം. ട്രാഫിക് രാമസ്വാമി പിന്നീട് കേസ് കൊടുത്തു. കാര്യം ഉണ്ടായില്ല.

ഒടുവിലെ കരുണാനിധി ഭരണത്തില്‍ സത്യം പറഞ്ഞാല്‍ കരുണാനിധി ഇല്ലായിരുന്നു. സ്റ്റാലിന്‍ നിഴലും അഴഗിരി പതിരും മാരന്‍ സഹോദരങ്ങള്‍ റിമോട്ട് കണ്ട്രോളും ആയിരുന്നു. ഗുണങ്ങള്‍ പറ്റാന്‍ കള്ളന്മാരും കൊള്ളക്കാരും ക്യൂ നിന്നു.

മധുരയില്‍ മൂത്തമകന്‍ നാട്ടുരാജാവായി. സ്വന്തം പാര്‍ട്ടിയുടെ നേതാവിനെ മകന്റെ ഗുണ്ടകള്‍ തട്ടി. ഗ്രൂപ്പ് വഴക്കില്‍ അഴഗിരിയുടെ അനുയായികള്‍ സ്റ്റാലിന്‍ അനുകൂല പത്രത്തിന്റെ ഓഫീസിനു തീയിട്ടു. ജീവനക്കാര്‍ വെന്തു മരിച്ചു. ചോദിച്ചത്രയും പാര്‍ട്ടി ഫണ്ട് കൊടുക്കാഞ്ഞ ജോയ് ആലുക്കാസിന്റെ മധുരൈ ബ്രാഞ്ചിന് മുന്നില്‍ പോലീസുകാര്‍ വാഹനങ്ങള്‍ നിര്‍ത്തി പകല്‍ മുഴുവന്‍ പരിശോധിച്ച് പിഴയിട്ടു കൊണ്ടിരുന്നു. പേടിച്ചു ആരും സ്വര്‍ണം വാങ്ങാന്‍ പോകാതായി.

ദ്രാവിഡ രാഷ്ട്രീയവും സ്വാഭിമാനവും ഒക്കെ അട്ടത്തായി. പകരം അവസരവാദം ആയി ആപ്തവാക്യം. അണ്ണാ ശാലയിലൂടെ അകമ്പടി വാഹനങ്ങള്‍ക്കിടയില്‍ ജനനേതാവ് ജനങ്ങളില്‍ നിന്നും ഒരുപാട് അകന്നു മാറി യാത്ര ചെയ്തു. ശ്രീലങ്കയിലെ വംശഹത്യകളെ കണ്ടില്ലെന്നു നടിച്ചു. കൂട്ടക്കുരുതികള്‍ക്കിടയില്‍ കരുണാനിധിയില്‍ രക്ഷകനെ പ്രതീക്ഷിച്ച ശ്രീലങ്കന്‍ തമിഴ് സമൂഹം നിരാശരായി. മറീനയിലെ ജനലക്ഷങ്ങള്‍ സാക്ഷികള്‍ ആകുന്ന മാസ്മരിക പ്രഭാഷണങ്ങള്‍ വഴിപാടായി. പഴയ കരുണാനിധി എന്നേ ഓര്‍മയായി മാറിയിരുന്നു.

മാറ്റങ്ങള്‍ തുടങ്ങുന്നത് അതിനും മുന്‍പാണ്. ദ്രാവിഡ രാഷ്ട്രീയവും മതേതര പ്രതിബദ്ധതകളും പുരോഗമാനത്മകതയും ഹിന്ദുത്വത്തിന് അടിയറ വച്ച് അദ്ദേഹം വാജ്‌പേയിയെ പ്രധാനമന്ത്രിയാക്കാന്‍ ബി ജെ പിയുടെ കൂടെ പോയപ്പോള്‍ കാലവും ചരിത്രവും വഴിമാറുകയായിരുന്നു. രണ്ടു ഭാര്യമാരും മക്കളും കൊച്ചുമക്കളും മരുമക്കളും സ്തുതിപാടകരും ചേര്‍ന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി ദ്രാവിഡ മുന്നേറ്റ കഴഗം മാറിയിരുന്നു.

പറയാന്‍ ഉണ്ടായിരുന്ന ഏക വിഷയം ജയലളിതയുടെ അഴിമതി. അതിലും വലിയ അഴിമതികള്‍ ഇപ്പുറത്ത് ഉണ്ടാകുന്നതില്‍ അദ്ദേഹത്തിന് ജാള്യം തോന്നിയില്ല. സിനിമയും മാധ്യമ രംഗവും വ്യവസായ മേഖലയും കുടുംബം അടക്കി ഭരിച്ചു.

കോണ്‍ഗ്രസ്സുകാര്‍ തിരികെ വിളിച്ചു മുന്നണിയില്‍ നിലനിര്‍ത്തിയതിനാല്‍ ഇപ്പോള്‍ പഴയ മതേതര മുഖം ബാക്കിയുണ്ട്. ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു കരുണാനിധിയെ ആദ്യമായി കാണുന്നത്. കൂനൂരിലെ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങി അവിടെ കോയമ്പത്തൂര്‍ കണക്ഷന്‍ ബസ് കാത്തു നില്‍ക്കുമ്പോള്‍ തൊട്ടടുത്ത് ഡി എം കെ യുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദി.

അവിടെ ആര്‍ക്കോട്ട് വീരസാമിക്കും കെ അന്‍പഴകനും ഒപ്പം കരുണാനിധി വന്നിറങ്ങുന്നു. ചുണ്ടില്‍ മനോഹരമായ ചിരി. കണ്ണുകള്‍ക്ക് മീതെ കറുത്ത കട്ടി കണ്ണട. പ്രസംഗം കേട്ടിട്ടേ പോകുന്നുള്ളൂ എന്ന് വച്ചു. എത്ര സരളവും സുന്ദരവുമായ ഭാഷ. തമിഴ് അതിന്റെ പൂര്‍ണ മനോഹാരിത നേടുന്നത് അദ്ദേഹം പ്രസംഗിക്കുമ്പോള്‍ ആണെന്ന് തോന്നി. ആ ഒഴുക്കില്‍ ജനത്തിന്റെ മനസ്സുകള്‍ അദ്ധേഹത്തിന്റെ കൂടെ സഞ്ചരിച്ചു. കാലവും സമയവും ദേശവും മറന്നു അന്ന് അത് കേട്ടു നിന്നു.

തമിഴ്‌നാടിന്റെ ഭാഗമായി മാറ്റപ്പെട്ട ഗൂഡല്ലൂരില്‍ ജനിച്ച ഞങ്ങള്‍ മലയാളി കുടിയേറ്റക്കാരുടെ മുഖ്യശത്രു എന്നും കരുണാനിധി ആയിരുന്നു. എ കെ ജി യും ഫാദര്‍ വടക്കനും എല്ലാം ഇടപെട്ടിട്ടും ഗൂഡല്ലൂരില്‍ മലയാളികള്‍ കൂട്ടത്തോടെ കുടിയിറക്കപ്പെട്ടു. അവിടുത്തെ മലയാളി ഭൂരിപക്ഷം കുറയ്ക്കുക മുഖ്യമന്ത്രി കരുണാനിധിയുടെ മുഖ്യലക്ഷ്യം ആയിരുന്നു.ശ്രീലങ്കന്‍ അഭയാര്‍ഥികളെയും റിപ്പാര്‍ട്രിയറ്റുകളേയും അവിടെ കാടുകള്‍ വെട്ടി തെളിച്ചു തേയില നട്ട് കുടിയിരുത്തി. മലയാളികളെ മറുവശത്ത് കയ്യേറ്റക്കാര്‍ മാത്രമായി അവതരിപ്പിച്ചു. ആ അജണ്ട വിജയിക്കുകയും ചെയ്തു.

കുടിയിറക്കപ്പെട്ട മലയാളികളുടെ ദുര്‍ബലമായ ചെറുത്തു നില്‍പ്പുകളുടെ ഭാഗമായിരുന്നു അപ്പന്‍. ഒളിവില്‍ നിന്ന് വന്ന് പോലീസിന്റെ കണ്ണ്വെട്ടിച്ച് പള്ളിയില്‍ കയറി ആയിരുന്നു അപ്പന്‍ അമ്മയെ വിവാഹം ചെയ്തത്. ചടങ്ങ് കഴിയാന്‍ പുറത്ത് പോലീസ് കാത്തു നിന്നു. സദ്യ വിളമ്പും മുന്‍പ് അറസ്റ്റ് നടന്നു. ആരുടെയോ കൃഷിഭൂമി പിടിച്ചെടുത്ത് അതില്‍ വനം വകുപ്പ് നട്ട യൂക്കാലി തൈകള്‍ പിഴുതു കളഞ്ഞതായിരുന്നു കുറ്റം. ജാമ്യം കിട്ടി വീട്ടില്‍ വരുന്നത് ഒന്‍പതാം ദിവസം ആയിരുന്നു.

ഭാഷാന്യൂനപക്ഷങ്ങളോട് വേണ്ട മര്യാദ അദ്ദേഹം ഒരിക്കലും കാട്ടിയിട്ടില്ല. കന്യാകുമാരി ജില്ലയിലെ മലയാളി ഭൂരിപക്ഷം ഇല്ലാതാക്കാന്‍ അദ്ദേഹവും പാര്‍ട്ടിയും ചെയ്തത് എല്ലാം ടി എന്‍ ഗോപകുമാര്‍ ശുചീന്ദ്രം രേഖകളില്‍ പറഞ്ഞിട്ടുണ്ട്. കന്നഡ സംസാരിക്കുന്നവര്‍ ഇടതിങ്ങിയിരുന്ന ദിംബം, താളവാടി, കൊള്ളയ്ഗാല്‍ മേഖലകളിലും ഇതേ സമീപനം ആയിരുന്നു. പ്രധാനമായും ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകമായുള്ള സ്‌കൂളുകള്‍ നിര്‍ത്തലാക്കുക. അവരുടെ കുട്ടികളെ തമിഴ് മീഡിയത്തില്‍ പഠിക്കാന്‍ നിര്‍ബന്ധിതര്‍ ആക്കുക. ഭൂരഹിതരും ദരിദ്രരുമായ തമിഴര്‍ക്കു വീടും സ്ഥലവും കൊടുക്കുമ്പോള്‍ ഇവിടങ്ങളില്‍ കൊടുക്കുക. ലക്ഷ്യം വ്യക്തമായിരുന്നു.

ചെറുപ്പം മുതല്‍ കേട്ടുകൊണ്ടിരുന്ന കരുണാനിധി വിരോധങ്ങള്‍ക്കിടയിലും ആ മനുഷ്യനോട് എന്നും വലിയ ബഹുമാനം ആയിരുന്നു. കടുത്ത ധീരത, ചെറുത്തു നില്‍പ്പ്, മലയാളികള്‍ക്ക് ഇല്ലാത്ത സ്വാഭിമാനവും സ്വത്വാഭിമാനവും. ജനകോടികളെ ആവേശം കൊള്ളിക്കുന്ന ഭാഷ കൊണ്ടുള്ള അമ്മാനം ആടല്‍. കലയിലും സാഹിത്യത്തിലും സിനിമയിലും ഉള്ള നിപുണത.

അയല്‍പക്കങ്ങളിലെ അഭയാര്‍ത്ഥികളുടെ മക്കളില്‍ നല്ല സുഹൃത്തുക്കള്‍ ഉണ്ടായപ്പോള്‍ തമിഴ് സമൂഹം സ്വന്തം സമൂഹമായി തോന്നി. അവര്‍ക്കൊപ്പം തമിഴ് പഠിച്ചു. ദ്രാവിഡ രാഷ്ട്രീയം എന്നും വല്ലാതെ ആകര്‍ഷിച്ചു. ഹിന്ദി വിരുദ്ധ സമരമൊക്കെ കോരിത്തരിപ്പിച്ചു. പെരിയാറും അണ്ണാദുരൈയും ഇതിഹാസങ്ങള്‍ ആയി കൂടെ നിന്നു. ശ്രീലങ്കയിലെ സിംഹള അധീശത്വത്തില്‍ വേട്ടയാടപ്പെടുന്ന തമിഴ് സ്വത്വം എന്നും മനസ്സില്‍ വേദനയായി.

ലാല്‍ഗുഡി ജയരാമനോടുള്ള ആദരവില്‍ ഒരിക്കല്‍ ട്രിച്ചിയില്‍ ലാല്‍ഗുഡി ബസ് കണ്ടപ്പോള്‍ അതില്‍ കയറി. കള്ളക്കുടി അവിടെ അടുത്തായിരുന്നു. അവിടെയും പോകണം എന്ന് തോന്നി. പോയി. ഡാല്‍മിയ സിമന്റ് ഫാക്ടറി തുടങ്ങിയ കൊച്ചു ഗ്രാമം. പ്രത്യുപകാരമായി പഴയ കോണ്‍ഗ്രസ് ഭരണക്കാര്‍ ഗ്രാമത്തിന്റെ പേര് മാറ്റി: ഡാല്‍മിയാ പുരം.

കരുണാനിധിയും ഇതര യുവ ദ്രാവിഡ കഴഗം പ്രവര്‍ത്തകരും ഗ്രാമത്തിന്റെ ഉത്തരേന്ത്യന്‍വത്കരണം അന്ഗീകരിക്കില്ലെന്നു പ്രഖ്യാപിച്ചു. തീവണ്ടി സ്റ്റേഷന്റെ അടക്കം ഡാല്‍മിയ എന്ന് മാറ്റിയ പേരിനു മുകളില്‍ കള്ളക്കുടി എന്നെഴുതി തിരുത്തി. ഓടിയെത്തിയ തീവണ്ടികള്‍ക്ക് മുന്നില്‍ വീണു കിടന്നു പ്രതിഷേധിച്ചു. സമരത്തില്‍ പങ്കെടുത്തതിന് അഞ്ചു മാസം തടവും മുപ്പതിയഞ്ച് രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പണം അടയ്ക്കാതെ ഒരു മാസം അധികം ശിക്ഷ വാങ്ങിയ കരുണാനിധി കള്ളക്കുടി വീരന്‍ എന്നറിയപ്പെട്ടു.

പാര്‍ട്ടിയില്‍ വളര്‍ന്നു. പതിനേഴു വയസ്സുമുതല്‍ ഒരു നാടിന്റെ ചരിത്രത്തെ അയാള്‍ സ്വാധീനിച്ചു. കലയിലും സാഹിത്യത്തിലും സിനിമയിലും ദേശീയതയിലും തന്റെതായ മൌലിക സംഭാവനകള്‍ നല്‍കി. കോണ്‍ഗ്രസിനും ഇടതു പക്ഷ കക്ഷികള്‍ക്കും തമിഴ്‌നാട്ടില്‍ വളര്‍ച്ച മുരടിപ്പിച്ച കരുണാനിധി പക്ഷെ തരാതരം പോലെ ഇരു കൂട്ടരോടും ഇണങ്ങുകയും പിണങ്ങുകയും ചെയ്തു. ഒപ്പം പ്രാദേശിക കക്ഷികളുടെ കൂട്ടായ മുന്നേറ്റം സാധ്യമാക്കി ഫെഡ്‌റലിസത്തെ ശക്തമാക്കി. മദ്രാസ് സംസ്ഥാനത്തിന് തമിഴ് നാട് എന്നദ്ദേഹം പേരുമാറ്റി. സ്വാഭിമാന വിവാഹങ്ങള്‍ക്ക് നിയമ സാധുത നല്‍കി.

ദ്വഭാഷാ പദ്ധതി വഴി ഇംഗ്ലീഷും തമിഴും പ്രോത്സാഹിപ്പിച്ചു. പൊതുഗതാഗതം പൂര്‍ണ്ണമായി ദേശസാത്കരിച്ചു. വൈദ്യുതി സാധാരണക്കാര്‍ക്ക് പ്രാപ്യമാക്കി. വിദ്യാഭ്യാസം സാര്‍വത്രികവും സൌജന്യവുമാക്കി. ദളിത്, ആദിവാസി, സ്ത്രീ സംവരണങ്ങള്‍ നടപ്പാക്കി സാമൂഹിക നീതി ഉറപ്പാക്കുന്നതില്‍ രാജ്യത്തിന് മൊത്തം മാതൃകയായി. ഒരു രൂപയ്ക്ക് അരിയും ഉഴവര്‍ ചന്തകളും വലിയ മാറ്റം ഉണ്ടാക്കി. തമിഴ് നാട്ടില്‍ പട്ടിണി ഇല്ലാതായി.

ഇതിനെല്ലാം ഇടയിലും ഏകാധിപത്യവും പണാധിപത്യവും അഴിമതിയും കുടുംബ വാഴ്ചയും പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കി. ചതിയും വഞ്ചനയും പകയും പ്രതികാരവും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ ചേക്കേറി. തനിക്ക് വിഘാതം ആകുമെന്ന് കണ്ട വി ആര്‍ നെടുംചെഴിയനെ ഒതുക്കാന്‍ എം ജി ആറിനെ കൂടെ കൂട്ടി. പിന്നെ അതെ എം ജി ആറിനെ പുകച്ചു പുറത്ത് ചാടിച്ചു. മകന് വെല്ലുവിളിയാകും എന്ന് കണ്ട് തീപ്പൊരി നേതാവ് വൈകൊയെ നിഷ്‌കരുണം പുറംതള്ളി. റാഡിക്കലിസം സൗകര്യം പോലെ സങ്കുചിത മത ചിന്തകള്‍ തിരുകി കയറ്റി ദുര്‍ബലമാക്കി. ജ്യോതിഷി പറഞ്ഞപ്പോള്‍ സ്വന്തം മേല്‍വസ്ത്രത്തിന്റെ നിറം ദ്രാവിഡ കറുപ്പില്‍ നിന്ന് മഞ്ഞയാക്കി.

എല്ലാ പരിമിതികള്‍ക്കും ഇടയിലും കരുണാനിധി ഒന്നേയുള്ളൂ… പെരിയാറും അണ്ണാ ദുരൈയും വളര്‍ത്തിയെടുത്ത ഒരു സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തെ വിദഗ്ദമായി കയ്യിലെടുത്തു അതിനെ സ്വന്തം താത്പര്യങ്ങള്‍ക്ക് അനുസ്രിതമായി ഉപയോഗിച്ചു. ജയലളിത എന്നൊരു എതിരാളി ഇല്ലായിരുന്നു എങ്കില്‍ അദ്ധേഹത്തിന്റെ രാഷ്ട്രീയം പണ്ടേ അപ്രസക്തം ആകുമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. എന്നിരിക്കിലും വാക്കുകളുടെ മായാജാലത്തില്‍ ഒരു ജനതയെ എന്നും തന്നോട് ചേര്‍ത്ത് നിര്‍ത്തി. അവരുടെ വര്‍ത്തമാനവും ഭാവിയും നിയന്ത്രിച്ചു. അവരുടെ സ്വപ്നങ്ങളെ തിരുത്തിയെഴുതി.

ഒന്നുറപ്പാണ്: തമിഴകത്തെ ഒടുവിലെ ജനകീയ നേതാവാണ് മരിച്ചത്. ഇനി തമിഴ് നാട്ടില്‍ ആ ജനുസ്സില്‍ പെട്ടവര്‍ ഇല്ല. ഒരു യുഗം അവസാനിക്കുകയാണ്. ആദരാഞ്ജലികള്‍…

(ചുവടെയുള്ള ചിത്രം: കരുണാനിധിയും ജയലളിതയും ഒറ്റ സ്‌നാപ്പില്‍. ജയലളിത രാഷ്ട്രീയത്തില്‍ വരുന്നതിനു മുന്‍പ്).

കെ.എ. ഷാജി

പരിസ്ഥിതി, അതിജീവനം, ആദിവാസി പ്രശ്‌നങ്ങള്‍, ദളിത് പ്രശ്‌നങ്ങള്‍, സന്തുലിത വികസനം, ഭൂമിയുടേയും പ്രകൃതി വിഭവങ്ങളുടേയും ഉപയോഗം, മനുഷ്യാവകാശങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിച്ച് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ലേഖകന്‍ മോംഗാബെ ഇന്ത്യ, ഡൗണ്‍ ടു എര്‍ത്ത്, ദി ടെലഗ്രാഫ്, ദൈനിക് ഭാസ്‌കര്‍, പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്ത്യ എന്നിവയ്ക്കായി പ്രവര്‍ത്തിക്കുന്നു. ഇന്‍ഡിപെന്‍ഡന്റ് ആന്റ് പബ്ലിക്ക് സ്പിരിറ്റഡ് മീഡിയാ ഫൗണ്ടേഷന്റെ സൗത്ത് ഇന്ത്യാ കണ്‍സള്‍ട്ടന്റാണ്. ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ എക്‌സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more