|ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍: ഡോ. ബി. ഇക്ബാല്‍|
കേന്ദ്രസര്‍ക്കാരിന്റെ വിനാശകരമായ ഔഷധ നയം ജീവന്‍ രക്ഷാ ഔഷധങ്ങളൂടെ വില വീണ്ടും വര്‍ധിപ്പിച്ചിരിക്കയാണ്. ഇറക്കുമതി ചെയ്യുന്ന 74 ഔഷധങ്ങളുടെ കസ്റ്റംസ് തീരുവയിലെ ഇളവ് പിന്‍വലിച്ചതോടെ കാന്‍സര്‍, എച്ച്.ഐ.വി, പ്രമേഹം, ഹൃദ്രോഗം പാര്‍ക്കിന്‍സണ്‍ തുടങ്ങിയ രോഗങ്ങള്‍ ചികിത്സിക്കാനാവശ്യമായ മരുന്നുകളുടെ വില കുതിച്ചുയര്‍ന്നിരിക്കയാണ്.
മരുന്നുകളുടെ ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിച്ച് ഇന്ത്യന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കാനാണ് ഈ നടപടിയെന്ന വിചിത്രമായ വാദമാണ് അധികൃതര്‍ മുന്നോട്ട് വച്ചിട്ടുള്ളത്. ഇവയില്‍ പലമരുന്നുകളും പേറ്റന്റ് സംരക്ഷണയോടെ വിദേശകമ്പനികള്‍ നിര്‍മ്മിക്കുന്നവയാണ്. ഇത്തരം മരുന്നുകള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പേറ്റന്റ് കാലാവധി കഴിയുന്നത് വരെ നിര്‍മ്മിക്കാനാവില്ല.
മാത്രമല്ല യു.പി.എ സര്‍ക്കാരുകള്‍ ആരംഭിക്കുകയും എന്‍.ഡി.എ സര്‍ക്കാര്‍ തുടരുകയും ചെയ്യുന്ന വിദേശ കമ്പനികള്‍ക്കനുകൂലമായ ഔഷധവ്യവസയ നയങ്ങള്‍ മൂലം ഇന്ത്യയിലെ പൊതു മേഖലസ്വകാര്യ കമ്പനികളെല്ലാം തകര്‍ച്ചയെ നേരിടുകയാണ്. ഒരു കാലത്ത് ഔഷധ ഉല്പാദനത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിരുന്ന പൊതുമേഖല കമ്പനികളായ ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സും ഇന്ത്യന്‍ ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡും സാമ്പത്തിക പ്രതിസന്ധിമൂലം ഉല്പാദനത്തില്‍ വലിയ വെട്ടിക്കുറവ് വരുത്തിയിട്ട് വര്‍ഷങ്ങളാവുന്നു.
പൊതു മേഖല ഔഷധ കമ്പനികളുടെ പുനരുജ്ജീവനത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായ പദ്ധതികളൊന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് യാതൊരു നീതികരണവുമില്ലാതെ അടച്ച് പൂട്ടിയ മൂന്നു വാക്‌സിന്‍ ഫാക്ടറികള്‍ വീണ്ടും തുറന്നെങ്കിലും ഉല്പാദനം പഴയ നിലയില്‍ ഇപ്പോഴും എത്തിയിട്ടില്ല.
നിരവധി വിദേശരാജ്യങ്ങളിലേക്ക് ഗുണമേന്മയുള്ള മരുന്നുകള്‍ കുറഞ്ഞവിലക്ക് കയറ്റ് മതി ചെയ്തിരുന്ന സ്വകാര്യ കമ്പനികള്‍ പലതും വിദേശകമ്പനികള്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കയാണ്. ഈ സാഹചര്യത്തില്‍ ആഭ്യന്തര കമ്പനികളെ സഹായിക്കാനെന്ന അവകാശവാദവുമായി കേന്ദ്ര സര്‍ക്കാര്‍ അവശ്യമരുന്നുകളുടെ ഇറക്ക് മതി തീരുവ പിന്‍വലിച്ചത് തീരുമാനം വിദേശ മരുന്നുകമ്പനികളുടെ താത്പര്യം മാത്രമാണ് സംരക്ഷിക്കുക എന്ന് വ്യക്തമാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ ഔഷധ നയത്തിനെതിരെ അതിശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു. .