| Friday, 13th January 2017, 2:53 pm

തോറ്റ് തോറ്റ്, പ്രണയം മരിച്ച്, ഹൃദയം നിലച്ച്, ബിരുദം ലഭിച്ച്, വീട്ടില്‍ തിരിച്ചെത്തുന്ന മൃതദേഹങ്ങള്‍ക്കെല്ലാം ഒരേയൊരു പേര് 'എഞ്ചിനീയര്‍'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കവിതയും സംഗീതവും കണ്ടുപിടുത്തങ്ങളും പ്രണയവും വിപ്ലവവും പൂക്കുന്ന പ്രായത്തില്‍ അവനവിടെ ചെന്ന് കയറും.



അവിടങ്ങള്‍ അങ്ങനെയാണ്.

വിദ്യാലയമല്ല.
ഒരുക്കി വച്ച അച്ചിലേക്ക് കുട്ടികളെ ഉരുക്കി ഒഴിച്ച് തല്ലിപ്പരത്തുന്ന കൊല്ലപ്പണിക്കാരന്റെ ആലകള്‍.
തൊലിയുരിച്ച്, വെട്ടിമുറിച്ച് കൊന്ന് തിന്നുന്ന അറവുശാലകള്‍.

കവിതയും സംഗീതവും കണ്ടുപിടുത്തങ്ങളും പ്രണയവും വിപ്ലവവും പൂക്കുന്ന പ്രായത്തില്‍ അവനവിടെ ചെന്ന് കയറും.

പ്രോഗ്രാം ടൈപ്പ് ചെയ്ത് റിസല്‍ട്ടെടുക്കുമ്പോള്‍ അവന്റെ വിരലുകള്‍ക്ക് കവിതകള്‍ നഷ്ടമാകും.

പ്ലാന്‍ വരക്കുന്ന പേപ്പറില്‍ നിന്നവന്റെ വര്‍ണ്ണചിത്രങ്ങള്‍ മായ്ക്കും.

യന്ത്രങ്ങളോട് സംസാരിക്കാന്‍ അവരവന്റെ നാവറുക്കും.

ഗിറ്റാറിന്റെ സ്ട്രിങ്ങുകളൂരി അവനു സര്‍ക്ക്യൂട്ടുകള്‍ക്ക് കണക്ഷന്‍ കൊടുക്കേണ്ടിവരും.

സിലബസിന്റെ അതിരുകളില്‍ അവരവനിലെ ശാസ്ത്രജ്ഞനെ ശവമടക്കും.

ഫൈന്‍ അടക്കാന്‍ പണമില്ലാത്തതുകൊണ്ടവന്‍ സ്വപ്നങ്ങള്‍ വില്‍ക്കും.

ഇന്റേര്‍ണല്‍ മാര്‍ക്കിനാല്‍ അവന്റെ വിപ്ലവം അവര്‍ അടിച്ചമര്‍ത്തും.

അവസാനം അവന്‍, അവനല്ലാതായെന്ന് അവര്‍ക്ക് ഉറപ്പാകുമ്പോള്‍ അവനു പ്ലേസ്മന്റ്.

ഇടക്കെപ്പഴോ തോല്‍ക്കാന്‍ മനസില്ലാതെ, എങ്ങോട്ടോ ഇറങ്ങിപ്പോയ ജീവനുകള്‍ക്ക് പലപേര്‍,

ആനന്ദ്, വിഗ്‌നേഷ്, രജനി, ജിഷ്ണു.

അനന്തരം,
തോറ്റ് തോറ്റ്,
പ്രണയം മരിച്ച്,
ഹൃദയം നിലച്ച്,
ബിരുദം ലഭിച്ച്,
വീട്ടില്‍ തിരിച്ചെത്തുന്ന മൃതദേഹങ്ങള്‍ക്കെല്ലാം ഒരേയൊരു പേര്‍.

“എഞ്ചിനീയര്‍”


Read more: രാജ്യം വിട്ടുപോയ്‌ക്കോ എന്ന് പറയാന്‍ ‘അവന്റേത് ‘മാത്രമാണോ ഇന്ത്യ: സംഘികള്‍ വിവരക്കേട് പറയരുതെന്നും മാമുക്കോയ


We use cookies to give you the best possible experience. Learn more