കസബ ചവറാണെന്നതില്‍ സംശയമില്ല. അല്ലെങ്കില്‍ തന്നെ, മ-മോ ദ്വയങ്ങളുടെയടക്കം ഇപ്പോഴിവിടെയിറങ്ങിയതില്‍ ചവറല്ലാത്തതേതുണ്ടെന്നതാണ് സംശയം.മലയാളസിനിമയിലെ നായകന്റെ കരുത്ത് ഡയലോഗിലെ സ്ത്രീവിരുദ്ധതയുടെ ആഴം കൊണ്ടാണടയാളപ്പെടുത്തുന്നത് എന്നതില്‍ തീരെ തര്‍ക്കമില്ല. അതല്ലാത്തയെത്ര പേരെ മലയാളി നെഞ്ചിലേറ്റിയെന്നതിലാണ് തര്‍ക്കം.
സമൂഹത്തിലെ സ്ത്രീവിരുദ്ധത സിനിമയില്‍ കാണില്ലേ എന്ന നിഷ്‌കളങ്കചോദ്യങ്ങള്‍ക്ക് അതിനെ ഗ്ലോറിഫൈ ചെയ്ത് കയ്യടിപ്പിക്കുന്നതിലാണ് പ്രശ്‌നമെന്ന് ഉത്തരം പറഞ്ഞിട്ട് കാര്യമില്ല. കൊപ്രപ്പിണ്ണാക്കും ചാണകവും സമാസമം ചേര്‍ത്ത ഫാന്‍സ് തലകളില്‍ അത് കയറിയാലാണ് കാര്യം.
സഹപ്രവര്‍ത്തകയെ സ്വന്തം ഫാന്‍സ് സ്ലട്ട് ഷേമിങ്ങും വെര്‍ബല്‍ റേപ്പും നടത്തുമ്പോള്‍ പഴം വിഴുങ്ങിയിരിക്കുന്ന സൂപ്പര്‍സ്റ്റാറുകളില്‍ അത്ഭുതമില്ല. അവര്‍ വാ തുറന്നരുതെന്ന് മൊഴിഞ്ഞാല്‍ മാത്രമാണല്‍ഭുതം.
അതുകൊണ്ടതിനെപറ്റിയൊന്നുമില്ല. ഉള്ളത്, നല്ലപെണ്ണിന്റെ വാര്‍പ്പുമാതൃകകളൊരുക്കുന്ന, അല്ലാത്തവര്‍ക്ക് പൂരത്തെറികള്‍ സമ്മാനം നല്‍കുന്ന ആണധികാരമരപ്പാഴുകളെ പറ്റിയാണ്.
“ഫെമിനിച്ചി കൊച്ചമ്മ” വിളികള്‍ ആഘോഷമാക്കി ഞെട്ടിക്കുന്ന ഒറ്റുകാരി സ്ത്രീകളോടാണ്. അവരാല്‍ വെറുക്കപ്പെടുന്ന ആണ്‍-പെണ്‍-ട്രാന്‍സ് കൂട്ടത്തിലുള്ള ഫെമിനിസ്റ്റുകളോടുള്ള ഐക്യപ്പെടലാണ്.
ജന്മനാല്‍ തന്നെ ആണിനും പെണ്ണിനും തുല്യമൂല്യമമാണുള്ളതെന്നും സമൂഹത്തിന്റെ പുരുഷകേന്ദ്രീകൃതാധികാരഘടന സാമൂഹിക- സാമ്പത്തിക -രാഷ്ട്രീയ- വൈയക്തികതലങ്ങളില്‍ സ്ത്രീകള്‍ക്കുമേല്‍ ഇടപെടുന്നുവെന്നും തിരിച്ചറിഞ്ഞ്, അര്‍ഹമായ അവകാശങ്ങള്‍ നിര്‍വചിച്ച്, അതിനായി പ്രവര്‍ത്തിക്കുന്ന മൂവ്‌മെന്റിനെയാണ് ഫെമിനിസം എന്നുകൊണ്ടര്‍ത്ഥമാക്കുന്നത്.
അടിമയുടെ, തൊഴിലാളിയുടെ, കറുത്തവന്റെ തുടങ്ങി എല്ലാ വിമോചനചരിത്രത്തിലും പോരാളികളുണ്ട്, അധികാരത്തിനിളക്കം ഭയന്ന് അതിനെ അടിച്ചമര്‍ത്തിയവരുണ്ട്, നൈസായി ഒറ്റുന്നവരുണ്ട്. അവരെയും തകര്‍ത്ത് അത്തരം മുന്നേറ്റങ്ങള്‍ കടന്ന് പോയിട്ടുമുണ്ട്, പോകുന്നുമുണ്ട്. ഉടമയും മുതലാളിയും വെളുത്തവനും എതിര്‍നില്‍ക്കുന്ന അത്തരം സമരങ്ങള്‍ സ്ത്രീവിമോചനത്തിലെത്തുമ്പോള്‍ വില്ലനായി നില്‍ക്കുന്നത് ഞാനടക്കമുള്ള ആണുങ്ങളാണ്.
കൈവശം വച്ചനുഭവിച്ച് പോന്ന അധികാരത്തിന്റെ, അനുകൂലാചാരങ്ങളുടെ ലഹരി രുചിച്ചറിഞ്ഞ ആണ്‍ബുദ്ധി, അതിനെ നിലനിര്‍ത്താനായി ഒരുക്കുന്ന റൊമാന്റിസൈസ്ഡ് & ഫോഴ്‌സ്ഡ് വാര്‍പ്പ് മാതൃകകളെയാണ് “അടക്കവും ഒതുക്കവുമുള്ള പെണ്ണ്” എന്നുകൊണ്ട് ഉദ്ദേശിക്കുന്നത്. അത്തരം അച്ചിലൊതുങ്ങാത്തെ പെണ്ണുങ്ങളെയാണ് “ഒരുമ്പെട്ട ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍” എന്ന് സംബോധനചെയ്യപ്പെടുന്നത്.
“അടക്കവും ഒതുക്കവുമുള്ള” പെണ്ണിനെ മാത്രം അംഗീകരിക്കുന്ന, ദേഹത്ത് കയറിപ്പിടിച്ചാലും പെണ്ണ് പ്രതികരിക്കരുതെന്ന് വിശ്വസിക്കുന്ന, സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചാല്‍ ഭരണിപ്പാട്ട് നടത്തുന്ന, വാ തുറക്കുന്ന പെണ്ണിനെ സര്‍ക്കസ് മുതലാളിയോട് കൂറില്ലാത്ത കുരങ്ങനാക്കുന്ന ആണ്‍ബോധങ്ങളോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. പക്ഷേ, ഇതേ ചിന്തയുള്ള പെണ്ണുങ്ങളോട്, അതിനു കയ്യടിക്കുന്നവളുമാരോട് സമാനമായ ഒരുദാഹരണം പറയാനുണ്ട്.
മാല്‍കം എക്‌സിന്റെ വിഖ്യാതമായ ഒരു പ്രസംഗമുണ്ട്. അമേരിക്കയിലെ കറുത്തവംശജരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയത്. അതിന്റെ ഉള്ളടക്കം ഇങ്ങനെയാണ്.
അടിമകളായിരുന്ന നീഗ്രോകളെ തൊഴിലെടുക്കുന്നയിടങ്ങളെ അടിസ്ഥാനമാക്കി “ഹൗസ് നീഗ്രോ” എന്നും “ഫീള്‍ഡ് നീഗ്രോ” എന്നും തിരിച്ചിരുന്നു. മാസ്റ്ററിന്റെ വീടുകളിലും അടുക്കളയിലും തൊഴിലെടുത്ത്, അവര്‍ക്കരികില്‍ ജീവിച്ച്, അവരുടെ ബാക്കി വരുന്ന ഭക്ഷണം കഴിച്ചും അവരിട്ട് മുഷിഞ്ഞ വസ്ത്രം ധരിച്ചും ജീവിച്ച അടിമകളായ ഹൗസ് നീഗ്രോകള്‍ക്ക് മാസ്റ്ററിനോട് ഭയങ്കരമായ വിധേയത്വവും ആത്മാര്‍ത്ഥതയുമായിരുന്നു. അവനവനേക്കാള്‍ അവര്‍ മാസ്റ്ററെ സ്‌നേഹിച്ചു. മാസ്റ്ററിനു അസുഖം വന്നാല്‍ ഹൗസ് നീഗ്രോ വ്യസനിച്ചു, മാസ്റ്ററിന്റെ വീട് കത്തിയാല്‍ ഹൗസ് നീഗ്രോ വെള്ളം കോരിയൊഴിച്ചു, മാസ്റ്ററിന്റെ ഓരോ വേദനയും സ്വന്തം വേദനയായി കണ്ടു.
അതേസമയം വയലില്‍ പണിയെടുക്കുന്ന ഫീല്‍ഡ് നീഗ്രോകള്‍ തങ്ങള്‍ ആത്യന്തികമായി അടിമകളാണെന്നും മാസ്റ്റര്‍ തന്റെ ക്രൂരനായ ഉടമയാണെന്നും തിരിച്ചറിഞ്ഞു. മാസ്റ്ററിനസുഖം വന്നാല്‍ അയാള്‍ മരിച്ചുകിട്ടാന്‍ പ്രാര്‍ത്ഥിച്ചു, വീടിനു തീ പിടിച്ചാല്‍ കാറ്റ് വീശി ആളിപ്പടരട്ടെ എന്നാശിച്ചു, മാസ്റ്ററിനുണ്ടാകുന്ന ഓരോ തിരിച്ചടികളിലും സന്തോഷിച്ചു.
ഓടിപ്പോകാന്‍ അവസരം കിട്ടിയപ്പോഴൊക്കെ ഫീള്‍ഡ് നീഗ്രോകള്‍ അത് ചെയ്തു. ഹൗസ് നീഗ്രോകളെ കൂടെ കൂട്ടാന്‍ ശ്രമിച്ച അവരോട് “ഞങ്ങള്‍ എന്തിനു വരണം, ഞങ്ങളുടെ മാസ്റ്ററിനു ഞങ്ങളോട് നല്ല സ്‌നേഹമാണ്, ഇതിനേക്കള്‍ മെച്ചപ്പെട്ടതൊന്നും ആര്‍ക്കും തരാന്‍ കഴിയില്ല” എന്ന് മൊഴിഞ്ഞ് ഹൗസ് നീഗ്രോകള്‍ കൈ കഴുകി, വൃത്തിയായി എതിര്‍ത്തും പുച്ഛിച്ചും അവരെ തള്ളി. “ഔര്‍ മാസ്റ്റര്‍, ഔര്‍ ഹോം, ഔര്‍ ഫീള്‍ഡ്” എന്നിങ്ങനെ മാസ്റ്ററിന്റേതെല്ലാം സ്വന്തം പോലെ കണ്ട് അവര്‍ അടങ്ങി ഒതുങ്ങി ജീവിച്ചു. അടിമത്തവിമോചനാശയങ്ങളെ സുന്ദരമായി ഒറ്റിക്കൊടുത്തു.
തങ്ങളെന്താണെന്ന്, മാസ്റ്ററെന്താണെന്ന് തിരിച്ചറിയാത്തവിധം ഇന്‍സ്റ്റുറ്റിയുഷണലൈസഡ് ആയ ഹൗസ് നീഗ്രോകളെ, ഉടമയെ സ്‌നേഹിച്ചവരെ “അടക്കവും ഒതുക്കവുമുള്ള അടിമ” എന്നും തങ്ങളെന്തെന്ന്, മാസ്റ്ററെന്തെന്ന് അറിഞ്ഞ് പ്രതികരിച്ചവരെ “ഒരുമ്പിട്ടിറങ്ങിയ ഹുമാനിച്ച്/ച്ചി കാപ്പിരികള്‍” എന്നും ആ മാസ്റ്റേര്‍സ് വിളിച്ചിരുന്നോ എന്നറിയില്ല. പക്ഷേ, ഭരിക്കുന്നവര്‍ക്കെന്നും അടക്കവും ഒതുക്കവുമുള്ളവരെ വലിയ ഇഷ്ടമായിരുന്നു എന്നറിയാം. അവകാശങ്ങള്‍ക്കായി മുറവിളി കൂട്ടുന്നവരെ, സമത്വത്തിനായി വാദിക്കുന്നവരെ അതേ വര്‍ഗ/ലിംഗ/സ്വത്വത്തിലുള്ളവര്‍ അറിഞ്ഞോ അറിയാതെയോ ഒറ്റുകൊടുക്കല്‍ എല്ലാ കാലത്തുമുണ്ടായിരുന്നു എന്നും പറയാം.
ഫ്‌ലാഷ്‌മൊബ് പെണ്‍കുട്ടികളെ പിന്തുണച്ചവരോട് ലൈവില്‍ വന്ന് ഒരു കൂട്ടം നാരികള്‍ “നിങ്ങള്‍ പറയണ സ്വാതന്ത്ര്യം ഞങ്ങക്ക് വേണ്ട” എന്ന് പറയുമ്പോ, സ്ത്രീസമത്വം പറയുന്നവരെ ഒരുത്തി കൊച്ചമ്മയെന്ന് വിളിക്കുമ്പോ, ആക്രമിക്കപ്പെടുന്ന പെണ്ണിന്റെ സ്വഭാവമഹിമയെ മറ്റൊരു പെണ്ണ് പരിഹസിക്കുമ്പോ ഉയര്‍ന്ന് കേള്‍ക്കുന്ന കയ്യടികളും “വെല്‍ സെഡ് സിസ്റ്റര്‍” കമന്റുകളും ചറപറ വീഴുന്ന ലൈക്കുകളും ഒറ്റിന്റെ പ്രതിഫലമാണ്. അധികാരമുള്ളവര്‍ക്ക് ഒറ്റുകൊടുത്താല്‍ എക്കാലവും ഒറ്റുകാര്‍ക്ക് മെച്ചവുമാണ്.
പണ്ട് എമിലിന്‍ എന്നൊരു “ഫെമിനിച്ചി” സ്വന്തം വീടും കുടിയും വിറ്റ്, നാട് മുഴുവന്‍ കറങ്ങി പ്രസംഗിച്ചും പരിഹാസമേറ്റും, പിന്നെ കുറച്ചവളുമാര്‍ അവര്‍ക്ക് പിന്നില്‍ ഒരുമ്പെട്ടിറങ്ങിയുമാണത്രേ പെണ്ണുങ്ങള്‍ക്ക് വോട്ടവകാശം വാങ്ങിയെടുത്തത്. പിറകെ പിറകെ ഓരോ “ഫെമിനിച്ചി”മാരും കച്ചകെട്ടിയിറങ്ങിയതിന്റെ ബാക്കിയത്രേ തൊഴിലിടങ്ങളിലും അല്ലാതെയുമായുള്ള അവകാശങ്ങള്‍ ആണുങ്ങള്‍ മനസില്ലാമനസോടെ അംഗീകരിച്ചത്.
216 കൊല്ലം മുന്‍പ് മുലമുറിച്ചിട്ട് ചത്തുമലച്ച ഒരു കൂത്തിച്ചി നങ്ങേലിയുടെ ചോര കണ്ടത്രേ, തിരുവതാംകൂറിലെ മുലക്കരം നിര്‍ത്തലാക്കിയത്.
ഫെമിനിസത്തെ കയ്യൊഴിയുന്ന, ഫെമിനിസ്റ്റുകളെ തള്ളുന്ന, ആങ്ങളമാരുടെ “ഫെമിനിച്ചി” വിളികളില്‍ കയ്യടിക്കുന്ന പെണ്ണുങ്ങളേ, നിങ്ങളറിയുന്നുണ്ടോ ആങ്ങളമാര്‍ ഉരുട്ടിത്തന്നതല്ല ഈ വച്ചനുഭവിക്കുന്നതൊന്നുമെന്ന്, തള്ളാനും പള്ള് പറയാനുംവിധം നിങ്ങളെങ്ങനെ ഈ നിങ്ങളായെന്ന്.?
ഫെമിനിസ്റ്റുകളേ, അതിന്റെ രാഷ്ട്രീയം തിരിഞ്ഞവരേ,
മുന്നില്‍ നടക്കുന്നവര്‍ക്ക് കൂക്കുവിളികളാണ്, കല്ലേറുകളാണ്, ആള്‍ക്കൂട്ടാക്രമണമാണ്, അതിന്റെ തീവ്രതയാണ് വഴിയുടെ ശരിമയെ കുറിക്കുന്നത്. ഇന്നാട്ടിലെ സ്ത്രീപക്ഷരാഷ്ട്രീയത്തിനായുള്ള ഓരോ കലാപവും ഓരോ തവണയും ഒന്നിലധികം ഫെമിനിസ്റ്റുകളെ സൃഷ്ടിക്കുകയും ചെയ്യും.
ആണധികാരദേശത്തെ കലാപകാരികള്‍ക്ക്, കലാപങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍..!