ഗുജറാത്ത് കലാപത്തില്‍ വീട്ടില്‍ കയറി സംഘ്പരിവാര്‍ വെട്ടിക്കൊന്ന ഇഹ്‌സാന്‍ ജഫ്രിയെന്ന അഹമ്മദാബാദിലെ കോണ്‍ഗ്രസ് എം.പിയെക്കുറിച്ച് എനിക്കറിയാവുന്ന എല്ലാ കമ്യൂണിസ്റ്റുകാരും വൈകാരികമായി സംസാരിച്ച് കേട്ടിട്ടുണ്ട്, ഫേസ്ബുക്കില്‍ എഴുതി കണ്ടിട്ടുണ്ട്, സംഘ്പരിവാര്‍ മനുഷ്യരല്ലെന്ന് ആണയിടാറുണ്ട്. പക്ഷേ, ഞാനറിയുന്ന ഒരൊറ്റ കോണ്‍ഗ്രസുകാരും ജഫ്രിയെ പറ്റി ഒരിടത്തും പറഞ്ഞ് കേട്ടിട്ടില്ല.
കഴിഞ്ഞ വര്‍ഷം, ത്രിപുരയില്‍ 90% കോണ്‍ഗ്രസുകാരും ബി.ജെ.പിയില്‍ പോയിട്ടും പാര്‍ട്ടിക്കൊപ്പം നിന്ന കോണ്‍ഗ്രസുകാരനായ താഹര്‍ മിയയെ പള്ളിമുറ്റത്തിട്ട് സംഘപരിവാറുകാര്‍ തല്ലിക്കൊന്നപ്പോള്‍, ആ കോണ്‍ഗ്രസുകാരനെ പറ്റിയും അന്ന് ഭരണം പോയ സി.പി.ഐ.എമ്മുകാര്‍ ദെണ്ണം കൊണ്ടിരുന്നു. അന്ന് ഇവിടെയുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരടക്കം മാണിക്ക് സര്‍ക്കാരിനേയും അവിടെ തോറ്റ കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും നഴ്‌സറി നിലവാരത്തില്‍ കൊഞ്ഞനം കുത്തി കാണിക്കുകയായിരുന്നു
കണ്ണൂരില്‍ മുന്‍പ് സംഘപരിവാര്‍ കൊന്ന ജനപ്രിയനായ കോണ്‍ഗ്രസുകാരന്‍ അത്‌ലറ്റ് സത്യനെക്കുറിച്ച് എന്റെ ഫ്രണ്ട്‌ലിസ്റ്റിലോ നാട്ടിലോ ഉള്ള ഏതെങ്കിലും കോണ്‍ഗ്രസുകാരന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ല. അങ്ങേരെ കുറിച്ച് സി.പി.ഐ.എമ്മുകാര്‍ എഴുതി കണ്ടിട്ടുണ്ട്. അന്നാ കൊലപാതകത്തില്‍ സംഘിനെതിരെ മൊഴി കൊടുക്കാന്‍ അവിടത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നിലുണ്ടായിരുന്നു. അകത്ത് പോയ സത്യന്റെ കൊലയാളികള്‍ക്ക് പിന്നീട് പരോള്‍ കിട്ടാന്‍ ശുപാര്‍ശക്കത്ത് നല്‍കിയ നേതാവാണ് ഇന്ന് കോണ്‍ഗ്രസിന്റെ കണ്ണൂരിലെ നേതാവും സ്ഥാനാര്‍ഥിയുമായ കെ സുധാകരന്‍.
ഓറീസയില്‍ കന്ധമാല്‍ ജില്ലയില്‍ 2007-08 വര്‍ഷം സംഘ്പരിവാര്‍ കൃസ്ത്യാനികള്‍ക്കെതിരെ നടത്തിയ കലാപത്തില്‍ മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടു, കന്യാസ്ത്രീകളടക്കം റേപ്പ് ചെയ്യപ്പെട്ടു, നൂറിലേറെ പള്ളികള്‍ പൊളിക്കപ്പെട്ടു. അവിടത്തെ സര്‍ക്കാരും കോണ്‍ഗ്രസ് പ്രതിപക്ഷവും നോക്കുകുത്തിയായപ്പോള്‍ അന്നാട്ടിലെ എണ്ണം പറഞ്ഞ കമ്യൂണിസ്റ്റുകാര്‍ അവിടെ പ്രതിരോധം തീര്‍ത്തു. അന്ന് ജീവന്‍ കയ്യില്‍പ്പിടിച്ച് ഓടിയവര്‍ക്ക് പാര്‍ട്ടി ഓഫീസ് തുറന്നിട്ടാണവര്‍ അഭയം കൊടുത്തത്. വൈരുദ്ധ്യാത്മക ഭൗതികവാദം പറയുന്നവരുടെ ഓഫീസിലാണവര്‍ പ്രാര്‍ത്ഥന നടത്തിയത്, വേദന പങ്കിട്ട് കരഞ്ഞത്.
തലശേരി കലാപത്തില്‍ മുസ്ലിം കമ്യൂണിറ്റിയെ വേട്ടയാടാന്‍ ഇറങ്ങിയ സംഘിന്റെ കത്തിയില്‍ തീര്‍ന്നത് കുഞ്ഞിരാമനെന്ന സഖാവായിരുന്നു. കമ്യൂണിസ്റ്റുകാരല്ലാതെ ആ സഖാവിനെക്കുറിച്ച് നല്ലതെഴുതാന്‍ ഒരു പാര്‍ട്ടിക്കാരും മുതിരില്ലെന്ന് മാത്രമല്ല, സംഘ്-സുഡാപ്പി നരേറ്റീവുകളും അപവാദങ്ങളും പ്രചരിപ്പിക്കുന്ന പണിയാണെപ്പഴും ലീഗുകാരും കോണ്‍ഗ്രസും തുടര്‍ന്ന് പോന്നത്. ഒരു വേള, ആ കലാപം പ്രതിരോധിച്ചത് സി പി ഐ എമായതുകൊണ്ട് കലാപമേ നടന്നില്ലെന്ന് മട്ടില്‍ സംഘിനെ വെള്ളപൂശുന്ന, അവര്‍ക്കായി വാദിക്കുന്ന സ്വത്വവാദികളെ വരെ കണ്ടിട്ടുണ്ട്.
സംഘ്പരിവാര്‍ കമ്യൂണിസ്റ്റുകാരുടെ മെക്കിട്ട് കേറുമ്പോള്‍ അണ്ണാക്കില്‍ പിരിവെട്ടുന്ന കോണ്‍ഗ്രസിന്റെ, കൂട്ടുകക്ഷികളുടെ കളവല്ല. ആ പാര്‍ട്ടിക്കാരെയും ആ പാര്‍ട്ടിയുടെ വോട്ട് ബാങ്കായിരുന്ന കമ്യൂണിറ്റികളുടേയും മേല്‍ സംഘ് നടത്തിയ കലാപങ്ങളില്‍ പോലും പ്രയോരിറ്റി മാറാത്ത ഇടതുപക്ഷത്തിന്റെ നിലപാടിന്റെ കാര്യമാണ്, അപ്പോഴും സംഘിനെ സഹായിക്കുന്ന, അല്ലെങ്കില്‍ സൈലന്റാകുന്ന കോണ്‍ഗ്രസിന്റെ കഥയാണ്.
ഒന്നും വേണ്ട, ആദ്യം കാണുന്ന കോണ്‍ഗ്രസുകാരോട്, സംഘ്പരിവാര്‍ കൊന്ന ഒരു കോണ്‍ഗ്രസുകാരന്റെ പേര് പറയാമോ എന്ന് ചോദിച്ചാല്‍ മതി. ഒരൊറ്റ പേര് പറയില്ല. കൊല്ലപ്പെട്ടവരില്ലാഞ്ഞിട്ടല്ല, അവരുടെ മെമ്മറി ഒരുതരം പ്രത്യേക രീതിയിലാണ് ഫീഡ് ചെയ്യുന്നത്.!
ഗാന്ധിവധത്തിന് ശേഷം നിരോധിക്കപ്പെട്ട സംഘിനെ മൂന്ന് പതിറ്റാണ്ട് ഗര്‍ഭം ചുമക്കുകയും, പെറ്റ് പാല് കൊടുക്കുകയും, വളരാന്‍ തൊട്ടിലൊരുക്കുകയും ചെയ്ത പാര്‍ട്ടിക്ക്, സംഘിനെ വെല്ലുന്ന ചരിത്രവുമുണ്ടായതുകൊണ്ട് തന്നെയത് എളുപ്പവുമല്ല. അത് ഹാഷിം പുരയില്‍ 41 മുസ്‌ലിം യുവാക്കളെ കൊന്ന് തിന്നതോ, രാജീവ്ഗാന്ധി സമ്മതിച്ചനുവദിച്ച സിഖ് വംശീയ കലാപമോ, ബാബരിമസ്ജിദ് പൊളിക്കാന്‍ വന്ന കര്‍സേവകര്‍ക്ക് നരസിംഹറാവു ഗ്ലൂക്കോസ് കൊടുത്തതോ, 23 സംസ്ഥാനങ്ങളിലെ ഗോവധനിരോധന നിയമമോ, സംഘിന് പരുവപ്പെടാന്‍, സമ്പത്ത് വലിച്ചെടുക്കാന്‍ മാര്‍ക്കറ്റ് തുറന്ന് കൊടുത്ത നിയോലിബറല്‍ നയങ്ങളോ ആവട്ടെ, സംഘിന് എപ്പോഴും സംഘിന്റെ അജണ്ട നടത്താന്‍ ബി ജെ പിയോളം തന്നെ നല്ല ടൂളായിരുന്നു കോണ്‍ഗ്രസ്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദ് രണ്ട് ദിവസം മുന്‍പ് അലിഗര്‍ യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കുമ്പോ സങ്കടം പറഞ്ഞത്, മുസ്‌ലിമായതുകൊണ്ട്, തന്നെ പ്രചാരണത്തിന് കൊണ്ടുപോയാല്‍ വോട്ട് കുറയുമെന്ന് കോണ്‍ഗ്രസ് കരുതുന്നുവെന്നും, പ്രചാരണത്തിന് വിളിക്കുന്നില്ലെന്നുമാണ്. ഒരു ആയുസ് മുഴുവന്‍ പാര്‍ട്ടിക്കായി പണിയെടുത്ത, മുന്‍പ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ഒരു നേതാവിന്, വൃദ്ധന് പിന്തുണയോ വിശ്വാസമോ കൊടുക്കാന്‍ പറ്റാത്ത പാര്‍ട്ടിയിലിവിടുത്തെ അപ്പാവികളെന്ത് സംരക്ഷണമാണ് പ്രതീക്ഷിക്കേണ്ടത്.?
എനിക്ക് ബീഫ് തിന്നാന്‍ തോന്നിയാല്‍ ഞാന്‍ തിന്നുമെന്ന് പറഞ്ഞ സിദ്ധരാമയ്യയോട്, ഗൗരിലങ്കേഷും കല്‍ബുറഗിയും മതമൗലികവാദികളാല്‍ കൊല്ലപ്പെട്ട കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വത്തോട് നിയമസഭാ ഇലക്ഷന് മുന്‍പ് രാഹുല്‍ കൊടുത്ത നിര്‍ദേശം പശുരാഷ്ട്രീയത്തെപ്പറ്റിയോ ഹിന്ദുത്വ തീവ്രവാദത്തെപ്പറ്റിയോ മിണ്ടേണ്ടതില്ല എന്നായിരുന്നു. ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെ തുറന്ന് കാണിക്കണ്ട എന്ന് നിര്‍ദേശം നല്‍കിയ രാഹുല്‍ എങ്ങനെയാണതിന് പ്രതിവിധിയുണ്ടാക്കുന്നത്.?
ഹിന്ദുത്വം പറഞ്ഞാല്‍, അമ്പലങ്ങള്‍ മാത്രം കയറിയാല്‍, മുസ്‌ലിം നേതാക്കളെ പരമാവധി ഒഴിവാക്കിയാല്‍, കാശ്മീരി ദത്താത്രേയ ബ്രാഹ്മിണ്‍ ആണ് താനെന്ന് വെളിപ്പെടുത്തിയാല്‍, സ്ത്രീവിരുദ്ധ നിലപാട് പറഞ്ഞാല്‍, റാം മന്ദിര്‍ പണിയാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന് തന്റെ ഉത്തരാഖണ്ഡ് സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ മാനിഫെസ്റ്റോ അവതരിപ്പിക്കുമ്പോ തള്ളാതെയോ കൊള്ളാതെയോ നിന്നാല്‍, വോട്ടിങ്ങ് ശറപറേന്ന് പോരുമെന്ന് രാഹുലിനുമറിയാം. വോട്ടിനപ്പുറം വലിയ രാഷ്ട്രീയമെന്നും പറയേണ്ടതില്ലയെന്നും. സംഘിനെ തലോടുക, ചിലപ്പോള്‍ സംഘ് തന്നെയാവുക, ഇടക്കിട സംഘിന്റെ അപ്പനാവുക എന്ന രാഷ്ട്രീയത്തിനപ്പുറം ഈ നാടിനെ ഗ്രസിച്ചിരിക്കുന്ന മതവര്‍ഗീയക്ക് എന്ത് ബദലാണയാള്‍ പറയുന്നത്.?
മതനിരപേക്ഷതയുടെ രാജകുമാരന്‍, സ്‌നേഹത്തിന്റെ സുല്‍ത്താന്‍, ഇന്ത്യയുടെ രാക്ഷകനെന്നൊക്കെ ചുമ്മാ ഗീര്‍വാണമടിക്കുന്നവരും, അങ്ങനെ വിശ്വസിക്കുന്നവരുമൊക്കെ അയാളുട പ്രസംഗങ്ങള്‍ ഒന്ന് കൂടെ കേട്ടാല്‍ മതി. ബഹുസ്വരത, സ്‌നേഹം, ഇന്ത്യയെ തിരിച്ച് പിടിക്കലെന്നൊക്കെയുള്ള സുന്ദരപദങ്ങളെ ഒരു മാലയില്‍ കോര്‍ത്തുരുവിടുന്നതല്ലാതെ, സ്വകാര്യവല്‍ക്കരണം, ഇന്ധനവില, സാമ്പത്തികനയം, ഹിന്ദുത്വ എന്നിവയെക്കുറിച്ച് പ്രിസൈസായി ഒരു പുല്ലും അതിനകത്ത് കാണില്ല.
കോണ്‍ഗ്രസിനെ വിമര്‍ശിച്ചാല്‍ സി.പി.ഐ.എമ്മിനെ ബി.ജെ.പിയുടെ ബി ടീമെന്ന് വിളിക്കുന്നവരേ, രാഹുലിനെ വിമര്‍ശിച്ചാല്‍ കമ്യൂണിസ്റ്റുകാര സംഘികളെന്ന് വിളിക്കുന്നവരേ..സ്റ്റാറ്റിസ്റ്റിക്കലായോ ചരിത്രപരമായോ നയങ്ങള്‍ കൊണ്ടോ, കോണ്‍ഗ്രസാണ് സംഘിന്റെ ബി ടീം.
ഉന്മൂലനപ്രത്യയശാസ്ത്രം ഒരെണ്ണം കയ്യിലില്ലെന്ന കുറവേയുള്ളു, മേല്‍പ്പറഞ്ഞ നേതാവാണ് സംഘി.
കോര്‍പ്പറേറ്റുകളോടും വര്‍ഗീയതയോടും കൂറില്ലാത്തവര്‍ക്ക് കയ്യടിക്കാനൊരു ചൊളയും അയാളുടെ കയ്യിലില്ല. പശു തൊഴുത്തിലെ ചാണകത്തിന്റെ രൂക്ഷനാറ്റം സഹിക്കാതാവുമ്പോള്‍ ആട്ടിന്‍കൂട്ടിലെ മൂത്രത്തിന്റെ നാറ്റം കിടുവാണെന്ന് തോന്നുന്നതുകൊണ്ട് രാഹുലിന് ജയ് വിളിക്കുന്നവര്‍ അതങ്ങ് ചെയ്യട്ടെ. ഞങ്ങള്‍ രണ്ടിനും മൂക്ക് പൊത്തും, കഴുകിക്കളയാന്‍ നോക്കും.
ഉത്തരം മുട്ടുമ്പോഴുള്ള നിങ്ങളുടെയാ സംഘി ചാപ്പ കയ്യില്‍ വച്ചാല്‍ മതി. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം, അത് വേറെയാണ്.