ഇന്നലെ പീരുമേട്, പഠിച്ചിരുന്ന കോളേജില്‍ പോയിരുന്നു. തരക്കേടില്ലാത്ത മഴ. തിരിച്ച് പോരാന്‍ നേരം ഇന്നലത്തെ പത്രോം വാങ്ങി കുട്ടിക്കാനത്ത് നിന്ന് വെയിറ്റ് ചെയ്ത് ബസ് വന്ന്. ചാടിക്കേറി.
ബസില്‍ വലിയ തിരക്കില്ല. 2 പേര്‍ക്കിരിക്കാവുന്ന കാലി സീറ്റില്‍ വിന്‍ഡോ ചേര്‍ന്ന് ഇരുന്ന്. മഴ അപ്പോഴേക്ക് ചെറിയ ചാറ്റല്‍ ആയോണ്ട് ഷട്ടര്‍ പൊക്കി, ഹെഡ്‌സെറ്റ് വച്ച് അങ്ങനെ എല്ലാരും പറയാറുള്ള KSRTC- വിന്‍ഡോ സീറ്റ്- ഹെഡ് സെറ്റിലെ 90″ െസോംഗ് – മൂടല്‍ മഞ്ഞ് കോമ്പിനേഷന്‍ ഒന്ന് ആസ്വദിച്ച് വരുമ്പോഴേക്ക് ബസ് ഒറ്റ ചവിട്ട്. എന്തൊക്കെയോ പുറത്തുനിന്ന് ആരോ പറയുന്നുണ്ട്. കണ്ടക്ടര്‍ മുഷിഞ്ഞു ഡോര്‍ തുറന്ന് കൊടുക്കുന്നു. ഒരു ചെങ്ങായി നനഞ്ഞൊട്ടി ബസിലേക്ക് കയറി.
അകത്തേക്ക് കേറി അയാള്‍ ചുറ്റും നോക്കി. എനിക്ക് ടെന്‍ഷന്‍. അങ്ങേരെങ്ങാന്‍ എന്റെയടുത്ത് വന്നിരുന്നാല്‍ എന്റെ സകല മൂഡും പോകും.
മൂഡ് പോയി. കൃത്യം എന്റെയരികിലെ ഒഴിഞ്ഞ സീറ്റിലേക്ക് കണ്ണ് തറപ്പിച്ചങ്ങേര് വരുന്നു. നീരസത്തിനിടയിലും ഒരു ചെറിയ സ്പാര്‍ക്ക് എന്റെ തലയില്‍. “ശെടാ, ഇയാളെ ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ. ടിവിയിലാണോ.? അതോ വല്ല സെമിനാറോ മറ്റോ..”, നല്ല മുഖപരിചയം.
ഞാന്‍ ഒതുങ്ങിയിരുന്നു. അയാള്‍ മാന്യമായി നനവെന്റെ ദേഹത്താവാതെ കുറച്ചകന്നിരുന്നു. “സോറി, ആകെ നനഞ്ഞു, വെപ്രാളത്തില്‍ കുടയൊന്നും എടുക്കാന്‍ പറ്റിയില്ല.”
ഞാന്‍ വെറുതെ ഒരു പച്ചച്ചിരി കൊടുത്തു. ആരാണെന്നാലോയിച്ച് പ്രൊഡക്ടീവായ സമയം വെറുതെ കളയണ്ടല്ലോ എന്ന് കരുതി ഹെഡ്‌സെറ്റ് ഒന്നൂടെ തിരുകി ഞാന്‍ ഇരുന്നു.
“പത്രമൊന്ന് തരാമോ.?” പാട്ടിന്റെ ഇടയിലൂടെ അയാളുടെ ശബ്ദം. ഞാന്‍ പാട്ട് നിര്‍ത്തി പത്രം കൊടുത്തു. അയാള്‍ മുന്‍പേജിലേക്കൊന്ന് നോക്കി. “അയ്യപ്പനില്ലാത്ത പ്രശ്‌നമാണല്ലോ ഇവന്മാര്‍ക്ക്. ആര്‍ത്തവോം ചോരയുമൊക്കെ ഇതേ ദൈവം കൊടുത്തതാണെന്നേലും ചിന്തിച്ചൂടെ ഇവന്മാര്‍ക്ക്. ബോധമില്ലത്തവന്മാര്‍.”
ആഹാ, ചേട്ടന്‍ കൊള്ളാം. ഞാന്‍ ഹെഡ്‌സെറ്റ് ഊരി.
കമ്യൂണിസ്റ്റാണോ എന്ന് ചോദിക്കാമെന്ന് കരുതി. പെട്ടെന്ന് മറ്റേ ബി.ജി.എമും തുണിപൊക്കിക്കാണിക്കണ സംഘിയേം ഓര്‍മ്മ വന്ന് ചിരിപൊട്ടി, വാ പൂട്ടി.
അയാള്‍, “പിന്നെ വിശ്വാസത്തില്‍ യുക്തി പറഞ്ഞിട്ട് കാര്യമില്ല എന്നാണേലും മലേല്‍ എനിക്കോര്‍മ്മയുള്ള കാലത്തൊക്കെ പെണ്ണുങ്ങള്‍ വന്നിട്ടുണ്ടെന്നേ. താലികെട്ട്, ചോറൂണ്, സിനിമാ ഷൂട്ടിംഗ് തുടങ്ങി എല്ലാ പ്രായത്തിലുമുള്ള പെണ്ണുങ്ങള്‍.
10 വര്‍ഷത്തിനിടയില്‍ ഈ രാഹുല്‍ ഈശ്വറൊക്കെ സമ്മതിച്ച് കൊടുത്ത് തന്ത്രി കുടുംബത്തില്‍ ഹോള്‍ഡൊള്ള കൊറച്ച് ടീംസും വന്നണ്ട്. 91 ലെ കോടതി വിധിക്ക് മുന്‍പും പിന്‍പും വന്നണ്ട്. വിശ്വാസമാണേല്‍ തന്നെ ഈ പെണ്ണുങ്ങളെ കേറ്റാത്തതിനു ആചാരങ്ങളിലെ യുക്തിയില്ലായുക്തിക്ക് ചരിത്രത്തിന്റെ സപ്പോര്‍ട്ടും കിട്ടത്തില്ല.”
അഹാ, ഫുള്‍ ഡാറ്റ കൊണ്ടുള്ള കളിയാണല്ലോ. ഇത് ചാനല്‍ ചര്‍ച്ചക്ക് കാണാറുള്ള അങ്ങേരെങ്ങാനുമാണോ.? അല്ലല്ലോ, അങ്ങേര്‍ക്ക് താടിയുണ്ട്.
“എനിക്കും എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ കേറുന്നതിനോട് യോജിപ്പാ” – കിട്ടിയ ഗാപ്പില്‍ ഞാനും ഒന്ന് സ്‌കോര്‍ ചെയ്തു.
“അല്ല പിന്നെ. മനുഷ്യസ്ത്രീകള്‍ അരികില്‍ ചെന്നാല്‍ ദൈവത്തിന്റെ ബ്രഹ്മചര്യം പോകുമെന്നൊക്കെ. അതും ശിവ-വിഷ്ണു ഹോമോസെക്ഷ്വലിറ്റിയുടെ ഔട്ട്കം ആയ അയ്യപ്പന്റെ. പുള്ളീടെ സെക്ഷ്വാലിറ്റി എന്തുകൊണ്ടങ്ങനെ ആയിക്കൂടാ? പേരെന്റസിന്റെ ട്രെയിറ്റ്‌സ്. അതോണ്ടാണ് മാളികപ്പുറത്തിനോട് നൈസായി കാത്തിരിക്കാന്‍ പറഞ്ഞതെങ്കിലോ.? ഹോമോസെക്ഷ്വാലിറ്റി ഇപ്പോ ക്രൈമും അല്ലാതായല്ലോ.”
ഓഹ്, ഇതെന്തോ കൂടിയ ഇനമാണ്. ചാനല്‍ ചര്‍ച്ചക്കാരനല്ല. ഞാന്‍ മിണ്ടിയില്ല.
“പെണ്ണുങ്ങളെ കേറ്റുന്ന വിധിക്ക് മുന്നേ, ആ വിധി വന്നത് ഒരു സൂചനയാണേലോ.? കോടതിയൊക്കെ അങ്ങേരുടേതല്ലേ. അങ്ങനെ ആര്‍ക്കേലും തോന്നിയാലും കുറ്റം പറയാന്‍ പറ്റില്ല.”
പോയിന്റ്. അങ്ങനെ ആവുമോ. അപ്പോ വാവരുസ്വാമി എങ്ങാനും.? എന്റെ ചിന്തകളാവഴിക്കായി.
“ഡേയ്, നീ ഇപ്പോ വാവരെ പറ്റിയല്ലേ ഓര്‍ത്തേ.?”
ഞാന്‍ ഞെട്ടി.
“അത് ജസ്റ്റ് ഫ്രണ്ട്ഷിപ്പാടെ. ഞാന്‍ അങ്ങനൊരു വര്‍ത്താനം കേട്ടിട്ടുണ്ട്. കേള്‍ക്കുന്നോരുടെ ഒരു തോന്നലെന്താവുമെന്നറിയാന്‍ പറഞ്ഞതാ. അങ്ങനൊന്നുമില്ല.”
“നിങ്ങളെന്ത ചെയ്യുന്നേ, എവിടെയോ കണ്ട പോലുണ്ട്.”
“കൗണ്‍സലിംഗ്.”
“എങ്ങനെ?”
“മീന്‍സ്, മാനസികബുദ്ധിമുട്ട്, ആത്മവിശ്വാസക്കുറവ്, പ്രശ്‌നങ്ങളൊക്കെയുള്ളവരെയൊക്കെ സമാധാനിപ്പിക്കാന്‍, മോട്ടിവേഷന്‍ കൊടുക്കാന്‍, അങ്ങനെ പലരീതിയില്‍ ചെയ്യലുണ്ട്.”
അതാണ്. കോളേജില്‍ എന്തെങ്കിലും പ്രോഗ്രാമിനു കണ്ടതാവണം.
“അസി ഉദ്ദേശിച്ചയാളല്ല. നീ എന്നെ കണ്ടിട്ടുണ്ട്. കോളേജില്‍ വച്ചല്ല. കോളേജില്‍ മാത്രവുമല്ല.”
വീണ്ടും ഞെട്ടല്‍.
“എന്റെ പേരെങ്ങനെ.?”
“അറിയാം”.
“എങ്ങനെ.? നിങ്ങളെയെനിക്ക്…..”
അയാളൊന്ന് ചുറ്റും നോക്കി, അല്‍പം ചെരിഞ്ഞ് എന്റെ ചെവിയോട് ചേര്‍ന്നത് പറഞ്ഞു.
ദേഹം പൂത്ത് കയറി. രോമമൊക്കെ എഴുന്നേറ്റ് നിന്ന്. ചെറിയ വിറയലെനിക്ക്, നെഞ്ചിടിപ്പ് കൂടി. പുള്ളി എന്റെ ദേഹത്ത് രണ്ട് തട്ട് തട്ടി. ഞാന്‍ നോര്‍മ്മലായി.
“ഇതെന്നാ അണ്ണന്‍ ഈ വഴിക്ക്..?”
“മറ്റേ വഴി സമരക്കാരെക്കൊണ്ട് നിറഞ്ഞേക്കുവല്ലേ. അതിലെ പാമ്പിനും പരുന്തിനും പോവാന്‍ വയ്യാതായണ്ട്. ഇന്നലെ വൈകീട്ട് ഇറങ്ങി. പൊന്നമ്പലമേട് വഴി പിടിച്ച്, വണ്ടിപ്പെരിയാര്‍ വന്ന്. അവിടെന്ന് ജീപ്പിനു കൈകാണിച്ച് ഇവിടെ ഇറങ്ങി. ബസില്‍ കേറി.”
“എന്തേ ഇറങ്ങാന്‍.?”
“ഓഹ്, എല്ലാക്കൊല്ലോം വൃശ്ചികത്തോടടുക്കുമ്പോ ഞാന്‍ അവിടെന്നിറങ്ങാറുണ്ട്. എല്ലാര്‍ക്കും സമാധാനമാണല്ലോ വലുത്. എവിടേലുമൊക്കെ കറങ്ങി ഒന്ന് രണ്ട് മാസം കഴിഞ്ഞ് ചെന്ന് കേറും. ഇത്തവണ ഇങ്ങനൊരു സീനുള്ളോണ്ട് നേരത്തെ ഇറങ്ങി.”
“ഇവിടെ ടിക്കറ്റ്” – കണ്ടക്ടറെത്തി.
“ടാ..കായുണ്ടോ നിന്റേല്‍, ആ ടിക്കറ്റൊന്നെട്”
ശതകോടി വരുമാനമുണ്ടായിട്ടും ഒരു ഭിക്ഷാംദേഹിയെപ്പോലെ അദ്ധേഹം. ഞാന്‍ ടിക്കറ്റെടുത്തു.
“അപ്പോ കയ്യിലൊന്നുമില്ലേ.? മഞ്ഞള്‍ പുരണ്ട നോട്ടൊന്നും..?”
“ടേ, ക്ഷേത്രാഗമ വിനിയോഗ, നിര്‍ രാജ്യസ്ഥിത് നഃ അധിക്ഷിത്, സര്‍വ്വ് ദേവസ്വ.”
“എന്നു വച്ചാ.?”
“ഞാനോ സര്‍ക്കാരോ വരുമാനത്തില്‍ കൈ ഇട്ട് വാരലില്ലെന്ന്. സിര്‍ഫ് ദേവസ്വം.”
“അങ്ങനല്ലല്ലോ എല്ലാരും പറയുന്നേ.? മൊത്തം സര്‍ക്കാര്‍ കൊണ്ടുപോനെന്നൊക്കെ.”
പുള്ളി ഒന്ന് നോക്കി. പിന്നെ അരയില്‍ നിന്ന് രണ്ട് പേപ്പറെടുത്ത് നീട്ടി.
“വിവരാവകാശ രേഖ, നിയമസഭയിലെ ചോദ്യോത്തരം. രണ്ടും ഉണ്ട്. പറഞ്ഞ് പറഞ്ഞ് മടുത്തപ്പോ രണ്ട് കോപ്പി ഞാനും ഒപ്പിച്ച്. വായിച്ച് നോക്ക്.”
“അല്ല. എനിക്കറിയാം. ഞാന്‍ അങ്ങനൊരു ഗോസിപ്പുണ്ടെന്ന് പറഞ്ഞതാ.”
ബസ് പെരുവന്താനം സ്റ്റോപ്പില്‍ നിര്‍ത്തി. ഒരാളിറങ്ങി. ചാറ്റല്‍ മഴ മാറിയിരുന്നു.
“ഇനിയിതിപ്പോ എവിടെയാവും.?”
“നോര്‍ത്ത് ഈസ്റ്റ് പിടിക്കണം. കഴിഞ്ഞ സീസണില്‍ ജാര്‍ഖണ്ഡതിര്‍ത്തിയില്‍ ആദിവാസി കുട്ടികള്‍ക്കൊരു കൈത്തൊഴില്‍ പരിശീലനകേന്ദ്രം തുടങ്ങിയാരുന്നു. പോണ വഴി അവിടൊന്ന് കേറണം.”
“ഒറ്റക്ക് ചടപ്പല്ലേ..?”
“ഒറ്റക്കല്ല.”
“പിന്നാരാ? കൂട്ടാരനോ.?”
“അവനും വന്നാ ഇവിടെ ആരാ.?”
“പിന്നാരാ.?”
“അവള്‍.”
“ഏഹ്, ശെരിക്കും.?”
“ആടാ.”
“അപ്പോ എന്തോ ശപഥമൊക്കെ ഉണ്ടാര്‍ന്നില്ലേ.?”
“ഉണ്ടാര്‍ന്ന്.”
“ഏഹ്..”
“ആ…”
“സ്വാമിയേട്ടാ..??” ഞാന്‍ നീട്ടി വിളിച്ചു.
പുള്ളി ഒന്ന് ചിരിച്ചു.
“അപ്പോ ശപഥം.?”
“ആഹാ, നീ എം ടെക്കിനു പഠിക്കുമ്പോ സ്‌നേഹയോട് പിണങ്ങി ഇനി മേലാല്‍ മെസേജ് അയക്കില്ലാന്നൊക്കെ ശപഥമെടുത്തത് ഓര്‍ക്കുന്നോ.?”
“ഉവ്വാ” – എനിക്ക് ചളിപ്പ് തോന്നി.
“രണ്ട് ദിവസം നീ പിടിച്ച് നിന്നോ എന്നിട്ട്.?”
“ഇല്ല.”
“ബി ടെക്കിനു പഠിക്കുമ്പോ….”
“അണ്ണാ” -ഞാന്‍ ഇടക്ക് കയറി. “പേരു പറയണ്ട.”
“എന്തേ, അവള്‍ ഫ്രണ്ട് ലിസ്റ്റിലുണ്ടാ.?”
“അവള്‍ ഉള്ളോണ്ടല്ല. ഓള്‍ടെ കെട്ട്യോനുമുണ്ട്.”
“അപ്പോ എന്നെ കണ്ടകാര്യം നീ ഫേസ്ബുക്കിലിടും.”
“ഇടണ്ടേ.”
“പൊങ്കാല കിട്ടുവോടെ?”
ഞാന്‍ മിണ്ടിയില്ല.
“ആഹ് കിട്ടട്ടെ, ഇതിനൊക്കെയല്ലേ ഫേസ്ബുക്ക്.” പുള്ളിയൊന്നാലോചിച്ചു പറഞ്ഞു.
“അല്ലപിന്നെ.” – ഞാന്‍
“അപ്പോ പേരു പറയണ്ട.”
“വേണ്ട.”
“അപ്പോ അവളോട്, എല്ലാ കാലോം കൂടെ കാണുമെന്ന് ഒരിടക്ക് ചാമ്പിയാരുന്നോ.?”
“ഉം..”
“ന്നിട്ട് ഇപ്പോ കൊല്ലത്തിലൊരിക്കല്‍ ബര്‍ത്ത്‌ഡേ വിഷല്ലാതെ വല്ലതും.?”
“ഇല്ല.”
“അപ്പോ നിനക്കൊക്കെ വാക്ക് തെറ്റിക്കാ, ഉഗ്രശപഥം മുറിക്കാ, എന്തുമാവാം. എനിക്ക് പറ്റൂലാലേ.?”
“അങ്ങനല്ല. ചോയിച്ചതാ. അപ്പോ ശപഥം മുറിച്ചല്ലേ. നോ മോര്‍ ബ്രഹ്മചാരി.?”
“ഡേ..കഷ്ടം.”
“എന്തേ..?”
“ഒരാണും പെണ്ണും എങ്ങോട്ടേലും ഒന്നിച്ച് പോണത് അതിനു മാത്രാണോ.? പെണ്ണിനെ കണ്ടാലും മിണ്ടിയാലും തൊട്ടാലും കൂടെ കറങ്ങിയാലും പോകുന്നതാണോടെ അത്.? ഇത്രേയൊള്ളൊടേ നീ.? ഛെ.!”
എനിക്കുത്തരം മുട്ടി.
“അപ്പോ ശപഥം തെറ്റീട്ടില്ല.”
“പറഞ്ഞു പോയില്ലേ. തെറ്റിക്കാന്‍ പറ്റോ. നീയാണോ ഞാന്‍.?”
“അപ്പോ തത്വമസി കണ്‍സെപ്റ്റ് അങ്ങനെന്തോ അല്ലേ.?”
“അത് പറഞ്ഞരാം.”
“ഓക്കേ. അല്ല, പുള്ളിക്കാരി എവിടെ.?”
“ഒന്നിച്ചിറങ്ങണ്ട എന്ന് വച്ചു. കോട്ടയം റെയില്വേ സ്റ്റേഷനിന്ന് ചേരും.”
“ഹാ..”
ബസ് മുണ്ടക്കയം സ്റ്റാന്‍ഡിലേക്ക് കയറി.
“അണ്ണാ, ഞാനിവിടെ ഇറങ്ങും.”
“അറിയാം.”
“ഇറങ്ങുന്നോ.? ഒരു കാലി അടിക്കാം.”
“ആ.”
പുള്ളിയും കൂടെയിറങ്ങി. ചായക്ക് പറഞ്ഞു. ചായ വന്നു. പുള്ളിക്കാരന്‍ ഊതിയൂതി ചായ കുടിച്ചു. ഞാന്‍ ചുറ്റും നോക്കി. പി സി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണയുടെ പോസ്റ്റര്‍ മതിലില്‍ കണ്ടു.
“അണ്ണാ, അത് നോക്ക്.”
പുള്ളി നോക്കി. കണ്ട നിമിഷം ഊതിക്കുടിച്ച ചായ നീട്ടിത്തുപ്പി.
“വായിലൂടെ തൂറുന്ന ഈ നാറിയൊക്കെയാ എന്റെ ബ്രഹ്മചര്യം കാക്കാന്‍ ഇറങ്ങുന്നത്.”
“അണ്ണാ, ലാംഗ്വേജ്.”
“സ്വാമി ശരണം.”
ബസ് എടുക്കാനായി.
“ഡേ, നിന്റെ ഫ്രണ്ട് ലിസ്റ്റില്‍ മനോരമക്കാരുണ്ടാ.?”
“ഷാനിയുണ്ട്.”
“അതല്ല, പ്രിന്റ് മീഡിയാ.”
“അറിയില്ല.”
“എന്നാ എന്നെ കണ്ട കാര്യം രണ്ട് ദിവസം കഴിഞ്ഞെഴുതിയാ മതി.”
“എന്തേ.?”
“അവന്മാര്‍ ഞാന്‍ വന്ന വഴിയും പോണ വഴിയുമൊക്കെ മാപ്പും പ്ലാനുമാക്കിയാ പിന്നെ അത് നോക്കി പോണ്ട വരും. ഞങ്ങള്‍ അതിര്‍ത്തി കടന്നിട്ട് നീ പോസ്റ്റിയാ മതി. സമാധാനത്തോടെ ഞങ്ങള്‍ ഞങ്ങടെ പ്ലാന്‍ നടത്തിക്കോട്ട്.”
“മം.”
ബസ് ഹോണടിച്ചു.
“എടുക്കാനായി”
പുള്ളിയെന്നെയൊന്ന് ഹഗ് ചെയ്തു.
“ശെരിയെന്നാ, കാണാടാ.”
“കാണാം.”
ചെങ്ങായി ബസിലേക്ക് കയറി. ഞാനിരുന്ന സീറ്റിലിരുന്നു. പെട്ടെന്ന് ഞാന്‍ പുള്ളീടേല്‍ പൈസയായി ഒന്നുമില്ലല്ലോ എന്നോര്‍ത്തു. വിന്‍ഡോയോട് ചേര്‍ന്ന് ചെന്ന് പുള്ളിയെ വിളിച്ചു.
“അണ്ണാ.?”
“എന്താടേ”
പുള്ളി പുറത്തേക്ക് തല നീട്ടി.
“അണ്ണാ, ഇത് വച്ചോ. ഒരു വഴിക്ക് പോകുവല്ലേ.?” – രണ്ടുമൂന്ന് നോട്ട് ചുരുട്ടിപ്പിടിച്ച് ഞാന്‍ നീട്ടി.
“വേണ്ടടാ. ഞങ്ങള്‍ എങ്ങനേലുമൊക്കെ എത്തിക്കോളും.”
“ഒന്നുലല്ലോ കയ്യില്‍.?”
“വേണ്ടടേ, ചോദിക്കാന്‍ തോന്നിയല്ലോ നിനക്ക്. നല്ലത്.”
“അണ്ണന്‍ തോന്നിപ്പിക്കുന്നതല്ലേ.?”
“ആണോ.?”
“അല്ലേ..?”
“നിനക്ക് തോന്നുന്നതാ.”
“അങ്ങനാണോ.? അണ്ണന്‍ അല്ലേ അങ്ങനെ തോന്നണോയെന്ന് ഡിസൈഡ് ചെയ്യണേ.?”
“അല്ല. നിന്റെയുള്ളിലെന്തേലും നന്മ കാണും.”
ഹോണ്‍ നീട്ടിയടിച്ച് ബസ് മുന്നോട്ട് നീങ്ങി. പുള്ളി കൈ പൊക്കിക്കാണിച്ചു, ഞാനും.
“എന്നാ ആ നന്മയാവും നിങ്ങള്‍.” – ഞാന്‍ മനസില്‍ പറഞ്ഞു.
“ടാ…” – ഓടിത്തുടങ്ങിയ ബസില്‍ നിന്നും എന്നെ പുള്ളി ഉറക്കെ വിളിച്ചു. ഞാന്‍ നോക്കി. ഒരു പുഞ്ചിരി.
ആ ചിരിയില്‍ എരുമേലിയും കരിമലയും സന്നിധാനവും ഞാന്‍ കണ്ടു. പമ്പയിലെ നനവും സഹ്യനിലെ കോടയുടെ കുളിരും ഞാനറിഞ്ഞു. വ്രതം നോറ്റ സ്ഥൈര്യവും പടി ചവിട്ടിയ ഭാരക്കുറവുമെനിക്ക് തോന്നി.
“ഇപ്പോ നീ മനസിലെന്തോ പറഞ്ഞില്ലേ. അത് തന്നെയടേ തത്വമസി.!”