| Friday, 17th August 2018, 2:54 pm

'അസാമാന്യ കരുത്തും ഭൂമിയില്‍ അവതരിച്ച ഏത് അവതാരങ്ങളെക്കാള്‍ സൗന്ദര്യവും എന്നെ രക്ഷിച്ച ആ മൂന്ന് പേര്‍ക്കുമുണ്ടായിരുന്നു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജീവിതത്തില്‍ പല തവണ കരയേണ്ടി വന്നിട്ടുണ്ട്.

കരഞ്ഞുകൊണ്ട് എന്തെങ്കിലും എഴുതുന്നത് ഇതാദ്യമായാണ്.

ഇതെഴുതുമ്പോഴും എന്റെ കണ്ണുനീരിനെ – എന്നെ പോലെ തന്നെ ഒരു നാടിന്റെ മുഴുവന്‍ മനുഷ്യരുടെയും കണ്ണുനീരിന്റെയും ദുരിതങ്ങളുടെയും വേദനകളുടെയും നേരെ അല്പം പോലും കരുണ കാണിക്കാന്‍ തയ്യാറില്ലാതെ കാലവര്‍ഷം പരമാധി പ്രഹര ശേഷിയോടെ തന്നെ അതിന്റെ സംഹാരാത്മകത തുടര്‍ന്നു കെണ്ടേയിരിക്കുകയാണ്…

വിടിന്റെ വളരെ അടുത്ത് ഉള്ള ദേവമാതാ സ്‌ക്കൂളിലുള്ള ക്യാമ്പിലാണ് ഞാനിപ്പോള്‍ ….

എന്റെ ഭാര്യ എന്റെ കൂടെ ഉണ്ട് എങ്കിലും എന്റെ തറവാട്ടില്‍ താമസിക്കുന്ന പെങ്ങളെയും ചേട്ടന്മാരെയും ഒന്നും വിളിച്ചിട്ട് കിട്ടുന്നതേയില്ല.

ചേട്ടന്റെ ഇളയ മകള്‍ വര്‍ഷയുമായി ഇന്നലെ രാവിലെ വിളിച്ചപ്പോള്‍ വീടിന്റെ തറയില്‍ നിന്നും നാല് സ്ഥലത്ത് നിന്ന് ഒറു പൊട്ടി വെള്ളം വരുന്നുണ്ട് എന്നും ഏറെക്കുറെ അടുത്ത സ്ഥലമായ കള്ളായി ചെമ്പലങ്കാട് പ്രദേശത്ത് ഉരുള്‍പൊട്ടല്‍
ഉണ്ടായി എന്നൊക്കെയായിരുന്നു പറഞ്ഞത്…

പറഞ്ഞ് തീരുന്നതിന് മുമ്പ് തന്നെ ഫോണ്‍ കട്ടായതാണ്…

പിന്നെ ഒരു വിവരവും അറിയാനായിട്ടില്ല …

തൃശൂര്‍ ടൗണില്‍ താമസിക്കുന്ന എന്റെ വീട്ടില്‍ നിന്നും ഞാനിന്നലെ വൈകീട്ട് പോരുമ്പോള്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം ഉണ്ടായിരുന്നു …

അതിപ്പോള്‍ പല മടങ്ങ് കൂടിയിട്ടുണ്ടാവും…

എന്റെ തറവാട് കാട് മാത്രമല്ല, മലമ്പ്രദേശവുമാണ് …

ഒട്ടും സുരക്ഷിതമല്ലാത്ത വീടും ചുറ്റുപാടുമാണ് അവിടെ …

വളരെ സുരക്ഷിതമായ ചുറ്റുപാടില്‍ ജീവിക്കുന്ന ഞാനും എന്റെ ഭാര്യയും ഭാഗ്യം കൊണ്ട് മാത്രമാണ് ഈ ക്യാമ്പില്‍ എത്തിച്ചേര്‍ന്നത്…

ഭാഗ്യം എപ്പോഴും എല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല എന്നതാണ് ജീവിത നിയമം എന്നതകൊണ്ട് തന്നെ മനസ്സിലെ ഉല്‍ക്കണ്ഡകള്‍ പെയ്ത് തീരുന്നതേയില്ല…

എങ്കിലും അല്പം ആശ്വാസവും പ്രതീക്ഷയും ഇപ്പോഴും മനസ്സില്‍ അവശേഷിക്കാതിരിക്കുന്നില്ല …

അത് എന്നില്‍ അവശേഷിപ്പിച്ചത്, രക്ഷാദൗത്യവുമായി വഞ്ചിയുമായി ഇന്നലെ വൈകീട്ട് വീട്ടിലേക്ക് വന്ന മൂന്ന് യുവാക്കളാണ്.

അതില്‍ ഒരാള്‍ യുവാവല്ലായിരുന്നു.

പ്‌ളസ് ടുവിന് പൊങ്ങണംങ്കാട് സ്‌കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയായിരുന്നു.

അവനായിരുന്നു തുഴയല്‍ക്കാരന്‍…!

മറ്റു രണ്ടു പേര്‍ കൂലി പണിക്കാര്‍ …

അവരുടെ മൂന്നു മുഖങ്ങളും എന്റെ കണ്ണുകളില്‍ നിന്നും ഇപ്പോഴും കണ്ണുനീര്‍ ഒഴുക്കികൊണ്ടേയിരിക്കുന്നു…

അതിലെ താടി വച്ച ഒരാള്‍ ഒറ്റക്ക് രാവിലെ തന്നെ ഞങ്ങളുടെ അസോസിയേഷനിലുള്ള മുഴുവന്‍ വീടുകളിലേക്കും നീന്തി വന്ന് പേടിക്കേണ്ട ഞങ്ങള്‍ നിങ്ങളെ രക്ഷപെടുത്താന്‍ വരുന്നുണ്ട് എന്ന് പറഞ്ഞിരുന്നു…

അസാമാന്യ കരുത്തും ഭൂമിയില്‍ അവതരിച്ച ഏത് അവതാരങ്ങളെക്കാള്‍ സൗന്ദര്യവും ആ മൂന്ന് പേര്‍ക്കുമുണ്ടായിരുന്നു …

ഞാന്‍ ഭൂമിയില്‍ കേട്ടറിഞ്ഞ വായിച്ചറിഞ്ഞ ഏത് ദൈവങ്ങള്‍ക്കും അവര്‍ക്ക് താഴെ മാത്രമെ ഞാന്‍ വില കല്പിക്കൂ….

അവര്‍ രാവിലെ മുതല്‍ ഒന്നും കഴിച്ചിട്ടില്ല എന്ന് ആ പ്ലസ് ടു ക്കാരന്‍ എന്നോട് പറയുകയുണ്ടായി…
അപ്പോഴും അവരുടെ ശരീരഭാഷ അസാമാന്യ കരുത്തും ഉന്മേഷവും തോന്നിപ്പിക്കുന്ന തരത്തില്‍ …

എന്റെ കയ്യില്‍ കരുതിയിരുന്ന പഴം ഞാനാ കുട്ടിക്ക് കൊടുത്തു.

വാങ്ങിയില്ല ….

അവരുടെ പേരോ വീടോ ഒന്നും എനിക്കറിയില്ല…

അതൊന്നും ഞാന്‍ ചോദിച്ചിരുന്നില്ല …

എന്നാല്‍ ഒന്ന് ഞാന്‍ അവരോട് ചോദിച്ചറിഞ്ഞിരുന്നു….

ആരാണ് അവരെ ഈ പണി ഏല്പിച്ചത് എന്ന് …

അവരെ ആരും ഏല്പിച്ചതായിരുന്നില്ലത്രേ…

സ്വയം തോന്നിയതുകൊണ്ട് മാത്രം സ്വന്തം ജീവന്‍ പണയപ്പെടുത്തി ഒരു പ്രതിഫലവും സ്വീകരിക്കാതെ ഒന്നും ആഗ്രഹിക്കാതെ ഒന്നും കഴിക്കാതെ അവര്‍ നിസ്സഹായരായ ഞങ്ങളെ, ഞങ്ങളെ പോലുള്ള മറ്റുള്ളവരെയും രക്ഷിക്കാനായി വന്നവരായിരുന്നു…

കൂലിപണി ചെയ്ത് ജീവിക്കുന്നവര്‍…

അവരെ പോലുള്ള ചിലരെ ഈ ദുരിത മഴ നമുക്ക് കാണിച്ചു തന്നു എന്നത് മാത്രമാണ് ഒരു മലയാളി എന്ന രീതിയില്‍ ഇന്ന് ഞാനനുഭവിക്കുന്ന ഏക ആശ്വാസവും…

കാരണം മറ്റൊന്നിലും എനിക്കിപ്പോള്‍ വിശ്വാസമില്ലാതായിട്ടുണ്ട് ….

ഇവരെ പോലെ ആരെങ്കിലും എന്റെ പെങ്ങളെയും കുട്ടികളെയും വീട്ടുകാരെയും എന്തെങ്കിലും സംഭവിച്ചാല്‍ രക്ഷപെടുത്താതിരിക്കില്ല എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുകയാണ്.

അതല്ലാതെ മറ്റെന്താണ് നമുക്കിനി ചെയ്യാന്‍ കഴിയുക…

എനിക്കു വേണ്ടി – നമുക്കെല്ലാവര്‍ക്കും വേണ്ടി ഒരു തുള്ളി കണ്ണുനീര്‍ അല്പം സ്‌നേഹം ഈ മൂന്ന് പേര്‍ക്കു വേണ്ടി ഇവരെ പോലുള്ളവര്‍ക്കു വേണ്ടി ഈ ദുരിത മഴയെ സാക്ഷ്യം നിറുത്തി നമ്മള്‍ ചൊരിയേണ്ടതാണ്…

ഞാനീ പറയുന്നത് പ്രധാനമായും ഇന്നലെ എന്നെ ഫോണ്‍ വിളിച്ചും, എനിക്ക് മെസേജ് അയച്ചും എനിക്ക് ധൈര്യവും ആശ്വാസവും തന്നവരോടാണ് ….

എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചവരോടാണ് ….

നിങ്ങളെ പോലുള്ളവരുടെ പ്രാര്‍ത്ഥനകളാവാം ഇവരെ പോലുള്ളവരെ ഈ പ്രളയജലത്തിന്റെ ഭീഷണമായ ദംഷ്ട്രകളോട് ഞങ്ങളുടെ ജീവനു വേണ്ടി പൊരുതാനുള്ള ഊര്‍ജ്ജം ഇവര്‍ക്ക് ചിലപ്പോള്‍ നല്‍കിയിട്ടുണ്ടാവുക….

കാരണം ദുരിതം മറ്റെല്ലാം നമ്മളില്‍ നിന്നും കവര്‍ന്നു കഴിഞ്ഞിരിക്കുന്നു…

ഈ കണ്ണു നിരല്ലാതെ മറ്റൊന്നും അത് അവശേഷിപ്പിച്ചില്ലല്ലോ …

ഇനി എന്തെങ്കിലും അത് അവശേഷിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം കണ്ണുനീരിനാല്‍ വിശുദ്ധീകരിക്കപ്പെടട്ടെ….

കണ്ണുനീരിനാല്‍ വിശുദ്ധമാക്കപ്പെട്ടതെല്ലാം നിതാന്ത വൃത്തിയോടെ സൗന്ദര്യത്തോടെ വര്‍ത്തിക്കുന്നു…

അതെല്ലാം എന്നും നിലനില്ക്കുന്നു.

മറ്റെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെടാവുന്നതാണെന്ന് പ്രളയം അതിന്റെ ഏറ്റവും ഭീഭത്സമായ ഭാഷയില്‍ നമ്മെ ബോധ്യപ്പെടുത്തി കഴിഞ്ഞിരിക്കുന്നു…!

We use cookies to give you the best possible experience. Learn more