മോദി പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളും വ്യാജ വാര്‍ത്താ തടയല്‍ നിയമത്തിന് പിന്നിലെ യാഥാര്‍ഥ്യങ്ങളും
FB Notification
മോദി പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളും വ്യാജ വാര്‍ത്താ തടയല്‍ നിയമത്തിന് പിന്നിലെ യാഥാര്‍ഥ്യങ്ങളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd April 2018, 10:50 pm

സ്വതന്ത്ര ഇന്ത്യ കണ്ട, ഒരു രാജ്യത്തിന്റെ ഭാഗധേയം തന്നെ തീരുമാനിക്കപ്പെടാവുന്ന കുറെ അധികം കാര്യങ്ങൾക്ക് സാക്ഷ്യം വഹിച്ച ദിവസമായിരുന്നു ഇന്നലെ. അതിലേക്ക് എത്താൻ ഇന്നത്തെ ചില കാര്യങ്ങൾ കൂടി നോക്കേണ്ടതുണ്ട്.

ഫേക് ന്യൂസ് തടയാൻ നിയമം ഉണ്ടാക്കാൻ നോക്കിയ സ്‌മൃതി ഇറാനിയുടെ നടപടി മാധ്യമ സ്വാതന്ത്ര്യത്തെ മുഴുവൻ ഹനിക്കുന്നതാണെന്ന ജേർണലിസ്റ്റുകളുടെ മുറവിളിക്കിടയിലാണ് മോദിജിയുടെ ആ പ്രഖ്യാപനം വന്നതാണ് ഇന്നത്തെ പ്രധാന വർത്തകളിലൊന്ന്. “ഹോ! പ്രധാനമന്ത്രി ഇടപെട്ടത് കൊണ്ട് ഭാഗ്യം” എന്ന മട്ടിലൊക്കെയാണ് തള്ളുകൾ. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് നാലു കൊല്ലമേ ആയുള്ളൂ എന്നും മോദി ഇടപെട്ട് ഇല്ലാണ്ടായിപ്പോയ മാധ്യമസ്വാതന്ത്ര്യം തിരിച്ചു പിടിച്ചു എന്നൊക്കെ കാണുമ്പൊൾ ചില കാര്യങ്ങൾ ഒന്നാലോചിച്ചു നോക്കാവുന്നതാണ്. യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിഗ്രി എടുത്തു എന്ന് മറ്റാരും പറഞ്ഞുണ്ടാക്കിയതല്ല, ശ്രീമതി ഇറാനി സ്വയം പറഞ്ഞതാണ്- പച്ച നുണ. രാജ്യത്തെ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസ യോഗ്യത വേണമെന്ന് എവിടെയും എഴുതി വച്ചിട്ടില്ല. പക്ഷെ, പ്രധാനമന്ത്രി ആണെങ്കിലും,പ്രത്യേകിച്ച് എക്സാം വാര്യരും കൂടിയായ ആൾ സ്വന്തം വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് കള്ളം പറയുകയാണ് എന്ന് എന്ന് സംശയം ഉയർന്നാൽ അത് അങ്ങനെ അല്ല തെളിയിക്കേണ്ടത് ഒരു ഹോണസ്റ്റിയുടെ പ്രശ്നമാണ്. അമിത് ഷായും ജെയ്റ്റ്ലിയും മോദിയുടെ സർട്ടിഫിക്കറ്റും ഉയർത്തി പത്രസമ്മേളനം നടത്തിയത് ഓര്മയുണ്ടാകുമല്ലോ. എന്നിട്ട് എന്തായി. ഏതെല്ലാം വിധത്തിലാണ് അദ്ദേഹത്തിന്റെ “യോഗ്യതകൾ” പുറത്തു വിടാതിരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.


Read Also: ദളിത് പ്രക്ഷോഭം: ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്ത ബി.ജെ.പി പ്രവര്‍ത്തകനെതിരെ കേസെടുത്തു


ഇനി ഈ അടുത്ത് വന്നിട്ടുള്ള ചില ഫെക് ന്യൂസുകൾ കൂടി നോക്കാം – കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കഴിഞ്ഞ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഫ്‌ളഡ് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുന്നതായി നല്‍കിയ ചിത്രം യഥാര്‍ത്ഥത്തില്‍ സ്‌പെയിന്‍-മൊറോക്കോ അതിര്‍ത്തിയിലേതായിരുന്നു.

റോഡ് വികസന കാര്യത്തില്‍ മോദി സര്‍ക്കാര്‍ വന്‍ പദ്ധതികളാണ് നടത്തുന്നതെന്ന് കാട്ടി ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഷെയര്‍ ചെയ്ത ചിത്രം പോളണ്ടിലെ മോട്ടോര്‍വേ എ2 ആയിരുന്നു.

മോദി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ MyGov-ന്റെ മുന്‍ ഡയറക്ടര്‍ അഖിലേഷ് മിശ്ര, അഹമ്മദാബാദ് ബി.ആര്‍.ടി.എസ് പദ്ധതിയുടെ വിജയം കാണിക്കാനായി ഉപയോഗിച്ച ചിത്രം സിംഗപ്പൂരിലേതായിരുന്നു.

ബി.ജെ.പി ഭരിക്കുന്ന ദക്ഷിണ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കോടതിയില്‍ സമര്‍പ്പിച്ച ഫോട്ടോ വ്യാജമായിരുന്നു. ദ്വാരകയിലെ റോഡുകളും നടപ്പാതകളും വൃത്തിയുള്ളതാണെന്നും തങ്ങള്‍ ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് എല്ലാം ശരിയാക്കിയെന്നും കാണിച്ച് സമര്‍പ്പിച്ച ഫോട്ടോ വ്യാജമാണെന്ന് ഡല്‍ഹി ഹൈക്കോടതി കണ്ടെത്തുകയായിരുന്നു.


Read More: ഭാരത് ബന്ദിനെതിരെ സര്‍വണ മാര്‍ച്ച്; രണ്ട് ദളിത് എം.എല്‍.എമാരുടെ വീടുകള്‍ കത്തിച്ചു


സോഷ്യല്‍ മീഡിയയില്‍ മോദി സര്‍ക്കാര്‍ ഏറെ പരിഹാസത്തിന് വിധേയമായ ഒന്നായിരുന്നു നരേന്ദ്ര മോദി ചെന്നൈ വെള്ളപ്പൊക്കം വിമാനത്തിലിരുന്ന് നിരീക്ഷിക്കുന്ന ചിത്രം. സര്‍ക്കാരിന്റെ സ്വന്തം ഏജന്‍സിയായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ചിത്രത്തില്‍ കൃത്രിമം വരുത്തി പുറത്തുവിട്ടു. സംഭവം വിവാദമായതോടെ ചിത്രം പിന്‍വലിച്ചെങ്കിലും ആര്‍ക്കെങ്കിലുമെതിരെ നടപടി എടുത്തതായി വിവരമില്ല.

ഏതാനൂം മാസങ്ങള്‍ക്ക് മുമ്പ് ദക്ഷിണ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്റെ റോഡുകളിലെ സ്ട്രീറ്റ് ലൈറ്റുകളാണെന്ന് വ്യക്തമാക്കി ഡല്‍ഹി ബി.ജെ.പി പ്രചരിപ്പിച്ച ചിത്രം ക്യാനഡയിലെ റോഡിന്റേതായിരുന്നു.

അതിന്റെ ഒപ്പമാണ്, സ്‌മൃതി ഇറാനി ഉൾപ്പെടെ 13 കേന്ദ്രമന്ത്രിമാർ ഫെക് ന്യൂസുകൾ തടയൂ എന്ന് ആഹ്വാനം ചെയ്ത് ഇന്നലെ ട്വീറ്റ് ചെയ്ത ഒരു വെബ് സൈറ്റ് യഥാർത്ഥത്തിൽ അതിനേക്കാൾ തട്ടിപ്പും സംഘപരിവാരത്തിന്റെ- മോദി സർക്കാരിന്റെ പല പദ്ധതികളുടെയും നടത്തിപ്പുക്കാരും ആയിരുന്നവരുടേതാണ് എന്ന് പുറത്തു വന്നത്.


Read Also: ഭഗല്‍പൂര്‍ വര്‍ഗീയ സംഘര്‍ഷം; കേന്ദ്രമന്ത്രിയുടെ മകന്റെ ജാമ്യാപേക്ഷ കോടതി തള്ളി


ഈ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഏതിലെങ്കിലും അവരാരെങ്കിലും നടപടി എടുക്കുന്നത് പോയിട്ട് ഖേദം പോലും പ്രകടിപ്പിച്ചിട്ടില്ല. ആരാണ് ആ പാർട്ടിയുടെ അധ്യക്ഷൻ? എത്ര കൊലപാതകങ്ങൾ, തട്ടിക്കൊണ്ടു പോകലുകൾ, വെറുപ്പ് പടർത്തൽ കാര്യങ്ങളിൽ കുറ്റാരോപിതനാവുകയും നമ്മുടെ സിസ്റ്റത്തിന്റെ മേന്മ കൊണ്ട് അതിലൊക്കെ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത ആൾ. ഇത് തിരിച്ചു കണക്ക് ചോദിക്കാനുള്ള സമയമാണ് എന്ന് മുസഫർനഗറിൽ പ്രസംഗിച്ചതിനു പിന്നാലെ നടന്ന കലാപത്തിൽ 50-ലേറെപ്പേർ മരിച്ചെങ്കിലും അയാൾ എന്ത് കുറ്റം ചെയ്തു എന്നാണ് ഇലക്ഷൻ കമ്മീഷൻ പോലും ചോദിച്ചത്. സാക്ഷി മഹാരാജ് ബിജെപി എംപിയും സ്വാധി നിരഞ്ജൻ ജ്യോതി മന്ത്രിയുമാണ്; യോഗി യുപി മുഖ്യമന്ത്രിയും.

അതൊക്കെ സർക്കാരുമായി, ഔദ്യോഗികമായി ബന്ധപ്പെട്ട കാര്യങ്ങൾ ആണെങ്കിൽ ഈ രാജ്യത്ത് കലാപങ്ങളിലേക്ക് നയിക്കുന്ന, വെറുപ്പും വിദ്വേഷവും മാത്രം പ്രചരിപ്പിക്കുന്ന, പച്ച നുണകൾ എഴുതി വിടുന്ന പോസ്റ്റ് കാർഡ് ഉൾപ്പെടെ എത്ര വെബ്സൈറ്റുകൾ, എത്ര ട്വിറ്റര് അകൗണ്ടുകൾ, അതിൽ മോദി സ്വയം ഫോളോ ചെയുന്നത് എന്ന് അവർ അഭിമാനത്തോടെ പ്രചരിപ്പിക്കുന്ന എത്രയെണ്ണം.- എവിടെ എങ്കിലും എന്തെങ്കിലും ഖേദപ്രകടനം എങ്കിലും ഉണ്ടായിട്ടുണ്ടോ? ഇത്തരത്തിൽ വ്യാജ വാർത്തകൾ, വെറുപ്പ്, നുണകൾ പ്രചരിപ്പിക്കുന്നവർ താൻ എൻഡോഴ്സ് ചെയ്യില്ല എന്നെങ്കിലും മോദിക്ക് പറയാമായിരുന്നല്ലോ. ഹിന്ദി സിനിമയില്‍ നിന്നുള്ള ഒരു രംഗം ബംഗാളില്‍ ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് പ്രചരിപ്പിച്ചത് ഹരിയാനയിലെ ഒരു ബിജെപി നേതാവായിരുന്നു. മെക്സിക്കോയില്‍ നടന്ന ഒരു കൊലപാതകത്തിന്റെ ദൃശ്യം കേരളത്തില്‍ ഹിന്ദുക്കളെ കൊല്ലുന്നതാണെന്ന് പ്രചരിപ്പിച്ചത് വീണ്ടും മോദി ഫോളോ ചെയ്യുന്ന ഒരു ഘടാഘടിയൻ സംഘിയാണ്. ബിഹാറിൽ കഴിഞ്ഞ ദിവസം പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കി എന്നാരോപിച്ചു മൂന്നു ചെറുപ്പക്കാർ അകത്തു കിടക്കുന്നുണ്ട്. ഇവർക്കെതിരെ പ്രചരിപ്പിച്ചത് വ്യാജ വീഡിയോ ആണെന്ന് തെളിഞ്ഞിട്ടും ഫോറൻസിക് പരിശോധനാ ഫലം കാത്തിരിക്കുകയാണ് പോലീസ്.


Don”t Miss: ബി.ജെ.പി സര്‍ക്കാരിനെ ഞെട്ടിച്ച് ഹിമാചലിലും കര്‍ഷകര്‍: കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നിയമസഭ വളഞ്ഞു (ചിത്രങ്ങള്‍ / വീഡിയോ)


ഇനി മോദി ഈയടുത്ത വളരെ സെലക്ടീവ് ആയി ഇന്റർവ്യൂ കൊടുത്ത സീ ന്യൂസിലെ സുധീർ ചൗധരിയുടെ യോഗ്യത എന്താണ്? ബ്ലാക്‌മെയിൽ ചെയ്ത് ജിൻഡാലിൽ നിന്ന് നൂറു കോടി തട്ടാൻ ശ്രമിച്ചതിന് ഇപ്പോഴും ജാമ്യത്തിൽ കഴിയുന്ന ആൾ. ജെഎൻയുവിനെ ദേശദ്രോഹികളുടെ താവളമെന്ന് പ്രചരിപ്പിക്കാൻ വ്യാജവാർത്തയും ദൃശ്യങ്ങളും ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ആൾ. ഇന്റർവ്യൂ കൊടുത്ത മറ്റൊരാൾ അർണാബ് ഗോസ്വാമിയാണ്. കേരളത്തെ പാകിസ്ഥാൻ എന്ന് വിശേഷിപ്പിച്ച ഒരാൾ. ഒരു ജനാധിപത്യ, മതേതരരാജ്യത്തിന്റെ അഖണ്ഡതയ്ക്ക് കോട്ടം തട്ടുന്ന നടപടി രാജ്യദ്രോഹമാണെന്ന നിയമം അനുസരിച്ചു പത്തു തവണയെങ്കിലും ജെയിലിൽ പോകേണ്ടയാൾ. ഇനി പറയൂ എന്തിനായിരുന്നു അങ്ങനെ ഒരു ഓർഡർ?

ആ ഓർഡർ വന്നത് ഇന്നലെയാണ്. അത് പുറത്തു വരുന്നതിനു ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് ലക്ഷക്കണക്കിന് ദളിതർ തെരുവിലിറങ്ങിയത്. അതായത്, സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ, ഒരു പക്ഷെ ഏറ്റവും വലിയ ദളിത് മുന്നേറ്റം. തങ്ങൾ ദളിത് വിരുദ്ധരല്ലെന്ന് ആർ എസ് എസിനു വരെ പ്രസ്താവനയുമായി വരേണ്ടി വന്നു. 11 പേര് കൊല്ലപ്പെട്ടു.

ബന്ദിന്റെ ഒടുവിൽ സമരത്തിന് നേതൃത്വം കൊടുത്തവരിൽ ഒരാളായ അശോക് ഭാരതിയോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പ്രസ് ക്ലബിന്റെ മുകളിലത്തെ നിലയിൽ മറ്റൊരു പരിപാടി നടക്കുന്നുണ്ടായിരുന്നു. ജാർഖണ്ഡിൽ ഗോരക്ഷാ ഗുണ്ടകൾ മരത്തിൽ കെട്ടിത്തൂക്കിയ 31 ഉം 12 ഉം വയസുള്ള രണ്ടു പേരുടെ ബന്ധുക്കൾ തങ്ങൾ നേരിടുന്ന അനുഭവങ്ങൾ തുറന്നു പറയുകയായിരുന്നു.


Read Now: കോട്ടക്കല്‍ ബൈപാസ് സമരം: നിരാഹാരമിരുന്ന ഷബീനയെ അറസ്റ്റ് ചെയ്ത് നീക്കി; പൊലീസെത്തിയത് സമര നേതാക്കള്‍ പോയതിനു പിന്നാലെ; വീഡിയോ


ഇതേ ദിവസം തന്നെയാണ് കേരളത്തിൽ പൊതുപണിമുടക്ക് നടന്നതും. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ താറുമാറാക്കുന്ന വിധത്തിൽ സ്ഥിര നിയമാനം എന്നൊന്ന് ഇനി ഇല്ല, ആർക്കും ആരെയും ഒരാഴ്ചത്തെ നോട്ടീസിൽ പിരിച്ചു വിടാൻ കഴിയുന്ന ഓർഡർ തൊഴിൽ മന്ത്രാലയം പുറത്തിറക്കുമ്പോൾ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടന്നു കൊണ്ടിരിക്കുകയാണ്. പാർലമെന്റ് പാസാക്കിയ ഒരു നിയമമാണ് അത്തരമൊരു എക്സിക്യൂട്ടീവ് ഓർഡറിലൂടെ ഒരു ഗവൺമെന്റ് തന്നെ അട്ടിമറിക്കുന്നത്. രണ്ടു വിധത്തിലും- തൊഴിൽ സംരക്ഷണത്തിന്റെ പേരിലും പാർലമെന്റിനെ നോക്കുകുത്തിയാക്കുന്ന പ്രവണതയ്ക്കും എതിരെ ഉയരുന്ന ഏത് എതിർപ്പും സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ട്. പക്ഷെ, കേരളത്തിൽ നിന്ന് മാത്രമാണ് സംഘടിതമായ ആ ഒരു എതിർപ്പ് ഈ സർക്കാരും സംഘപരിവാറും നേരിട്ടുകൊണ്ടിരിക്കുന്നത്. അപ്പോൾ ഇന്നലെ നടന്ന പൊതുപണിമുടക്ക് എന്നത് ഒരർഥത്തിൽ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ്.

രാജ്യമൊട്ടാകെ പ്രതിഷേധത്തിലാണ്. ഇന്നാണ് സിംലയിൽ കർഷക മാർച്ച് തുടങ്ങിയത്. ഇത്ര വലിയ ദളിത് പ്രക്ഷോഭം നടന്നിട്ടും അത്ര പെട്ടെന്നൊന്നും നോക്കേണ്ട കാര്യമില്ല, കേസ് ഇനി വേണമെങ്കിൽ 10-ആം തീയതി നോക്കാം എന്ന് സുപ്രീം കോടതി എന്നിട്ടും പറയുന്നു. ഓഗസ്റ് 15-നകം കാര്യങ്ങൾക്ക് തീർപ്പുണ്ടായില്ലെങ്കിൽ സെപ്റ്റംബറിൽ 10 ലക്ഷം പേരെ അണിനിരത്തുമെന്നാണ് ദളിത് സംഘടനകൾ വ്യക്തമാക്കിയിരിക്കുന്നത്. സർക്കാരിനെതിരെ ജനം തിരിഞ്ഞിരിക്കുന്നത്, അതിനൊരു സംഘടിത രൂപം കൈവരുന്നത്, ദളിതരും ആദിവാസികളും കർഷകരും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും ഒക്കെ തെരുവിൽ ഒരുമിച്ച് ഇറങ്ങുന്നത് ഈ സർക്കാർ തിരിച്ചറിയുന്നുണ്ട്. ആ തിരിച്ചറിവിന്റെ ബാക്കി പത്രമാണ് രണ്ടു കാര്യങ്ങൾ. അതിലൊന്ന് മാധ്യമങ്ങളെ ഉപയോഗിച്ച് ക്ര്യത്യമായ മിസ് ഇൻഫോർമേഷൻ പ്രചരിപ്പിക്കലാണ്. അതാണ് ഇന്നലെ ടൈസ് നൗവിൽ കണ്ടത്. ഇന്നലെ ഈ പ്രക്ഷോഭത്തെ കുറിച്ചുള്ള സ്റ്റോറിക്ക് അവർ ഉപയോഗിച്ച ചില ടാഗ്സ് നോക്കുക- shooting, arson, mayhem, Govt, pvt property torched, crores reduced to ashes, Who pays for this? Protest for Riot or Right? Dalit Dangal-infiltrated, Dalit assersion=Danga? Dalit Dangal-7 Killed, Unacceptable hooliganism, 7 states, multiple cities, Shocking video footage and New Delhi: Massive traffic jam in Connaught Place, New Delhi caused by the Dalit protest in the capital, in tweet.

ഇതിന്റെ മറുഭാഗമാണ് 2019 ലക്ഷ്യമാക്കി ഒരു ബദൽ നരേറ്റിവിന്റെ സാദ്ധ്യതകൾ അന്വേഷിക്കുക. അതാണ് ബംഗാളിലും ബിഹാറിലും ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് “നിന്റെയൊക്കെ തൊലി ഞാൻ ഉരിഞ്ഞെടുക്കും” എന്ന് കേന്ദ്രമന്ത്രി കൂടിയായ ബാബുൽ സുപ്രിയോ പ്രസ്താവിക്കുന്നത്. ഇനിയും ഉണ്ടാവും ഓരോരോ നാടുകളിലായി.

ഒരറ്റത്ത് നിന്ന് ബ്രാഹ്മനിസം നടപ്പാക്കുക. അതിലെ പ്രധാനപ്പെട്ട രണ്ട് പ്രതിബന്ധങ്ങളാണ് ദളിതരും തൊഴിലാളികളും. നാളെ ഒരു “വേദപാഠശാല” ഉണ്ടാവുകയും അവിടെ പഠിക്കാന്‍ ചെന്ന ഒരു ദളിതന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിച്ചാലും ഞാന്‍ അത്ഭുതപ്പെടില്ല. ഫാസിസ്റ്റ് നടപടികളിലൂടെ അങ്ങനെ ഒരു വ്യവസ്ഥിതി പതിയെ ആണെങ്കിലും അവർക്ക് നടപ്പാക്കി എടുക്കാൻ സാധിക്കുന്നുണ്ട്. വലിയ പോരാട്ടമാണ് കാലം ആവശ്യപ്പെടുന്നത്. അത് ദളിതന്റെയും കര്ഷകന്റെയും വിദ്യാർത്ഥികളുടെയും മാത്രമല്ല, ജനാധിപത്യത്തിൽ ഇത്തിരിയെങ്കിലും വിശ്വസിക്കുന്ന, അപരനെ ശത്രുവായി കാണാത്ത ഏതൊരാളുടെയും ഉത്തരവാദിത്തമാണ്; മനുഷ്യരാശിയോട്.