| Sunday, 1st April 2018, 12:36 pm

ഫാസിസ്റ്റ് വിരുദ്ധ ദേശീയ യുദ്ധങ്ങള്‍; കുഞ്ഞാലിക്കുട്ടി മോഡല്‍

അബ്ദുറഹ്മാന്‍ പി.കെ.എം

കേരളത്തില്‍ മതപണ്ഡിതന്മാര്‍ക്ക് മിണ്ടാന്‍ പറ്റാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത് എന്നാണല്ലോ പി.കെ കുഞ്ഞാലിക്കുട്ടി പരിഭവം പറയുന്നത്. മതപരമായ വസ്ത്ര ധാരണത്തെക്കുറിച്ച് പറയുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കുകയാണെന്നും സാഹിബ് ഉത്കണ്ഠപ്പെടുന്നുണ്ട്. മതപണ്ഡിതന്മാര്‍ക്ക് മിണ്ടാന്‍ പറ്റാത്ത സ്ഥിതിയുണ്ടെന്നു പറയുന്നത് ഏതെങ്കിലും മതപണ്ഡിതനല്ല, തനി രാഷ്ട്രീയക്കാരനാണ് എന്നതില്‍ തന്നെയുണ്ടല്ലോ ആ പറച്ചിലിന്റെ ലക്ഷ്യം. അതവിടെ നില്‍ക്കട്ടെ. ഏതു മതപണ്ഡിതന്മാരെക്കുറിച്ചാണ് ഇദ്ദേഹം പറയുന്നത്? ഏതു മതപ്രഭാഷണത്തെ കുറിച്ചാണ് സാഹിബ് ആവലാതിപ്പെടുന്നത്? കേരളത്തില്‍ എവിടെയാണ് മതപണ്ഡിതന്മര്‍ക്ക് മിണ്ടാന്‍ പറ്റാത്തത്? പതിനയ്യായിരം വാട്സില്‍ തന്നെ നാടായ നാടുകളിലൊക്കെ മത പ്രഭാഷണം ഇപ്പോഴും നടക്കുന്നില്ലേ?

ആര്‍ക്കെതിരെയെങ്കിലും കേസും കച്ചറയും വന്നോ? അപ്പോള്‍ എന്താണ് സാഹിബിനെ കൊണ്ട് ഇങ്ങനെ നിലവിട്ട് സംസാരിപ്പിക്കുന്ന ഘടകം? ജൗഹര്‍ മുനവ്വറിനെയും ശംസുദ്ധീന്‍ പാലത്തിനെയും പോലുള്ള സലഫികളെക്കുറിച്ച് മതപണ്ഡിതന്മാര്‍ എന്നും അവര്‍ എഴുന്നള്ളിക്കുന്ന ശുദ്ധ അസംബന്ധങ്ങളെ മതപ്രഭാഷണം എന്നുമൊക്കെ വിശേഷിപ്പിച്ചു ആ കെട്ട വത്തക്കയുടെ നീര് പണ്ഡിതരുടെ ശുഭ്രവസ്ത്രത്തില്‍ പുരട്ടുന്നതെന്തിനാണ്? എം.എം അക്ബറിനെതിരെയുള്ള കേസിനാകട്ടെ, മതപ്രഭാഷണവുമായി പുല ബന്ധം പോലുമില്ല.


Read more: ഗാസയില്‍ നിരായുധനായി തിരിഞ്ഞോടുന്ന പ്രതിഷേധക്കാരനെ വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്


പാഠപുസ്തകത്തിലെ പരമത വിദ്വേഷ ജനകമായ പരാമര്‍ശങ്ങള്‍, ഐ.എസ് റിക്രൂട്‌മെന്റ് എന്നിവയുമായാണ് അതിനു ബന്ധം. അദ്ദേഹം മതപ്രഭാഷണം നടത്തുന്നു എന്നതു കൊണ്ടു, അദ്ദേഹം പങ്കാളിയാകുന്നു ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം ബൈ ഡിഫോള്‍ട് അക്ബറിനെ ഒഴിവാക്കാകണം എന്നാണോ സാഹിബിന്റെയും പാര്‍ട്ടിയുടെയും ആവശ്യം? പണ്ടൊരു കേസില്‍ പ്രതിയാക്കപ്പെട്ടപ്പോള്‍, പ്രവാചകന്മാരും പീഢിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നു പറഞ്ഞതിന്റെ പുതിയ വേര്‍ഷനാണോ ഇത്?

മാസ്റ്ററുടെ മിണ്ടാനുള്ള അവകാശത്തിന് വേണ്ടിയാണല്ലോ സാഹിബ് വാദിക്കുന്നത്. സുപ്രസിദ്ധമായ തന്റെ വത്തക്കാ പ്രഭാഷണത്തില്‍ ആ റാഡിക്കല്‍ സലഫി മിണ്ടിയത് ഫാറൂഖ് കോളേജിലെ പെണ്‍കുട്ടികളെ കുറിച്ച് മാത്രമായിരുന്നില്ലല്ലോ. മടവൂര്‍ സി എം മഖാമില്‍ പോകുന്നവരെയും നരിക്കുനിയിലും മടവൂരിലുമുള്ള ബഹുഭൂരിക്ഷം മുസ്ലിംകളെയും വൃത്തികേട് കാണിക്കുന്നവരെന്നും നരകത്തില്‍ പോകുന്നവരെന്നും (കൊല്ലപ്പെടാന്‍ അര്‍ഹതയുള്ള) ബഹുദൈവ വിശ്വാസികളെന്നും കൂടി മൂപ്പര്‍ ആക്ഷേപിച്ചിട്ടുണ്ടല്ലോ. എന്തിന്, പിശാചിന് പിഴപ്പിക്കേണ്ട ആവശ്യമില്ലാത്തവരായാണല്ലോ ഈ മനുഷ്യരെ അയാള്‍ എണ്ണുന്നത്.

ജൗഹറിന്റെ ആക്ഷേപത്തിന് ഇരയായവര്‍ ആരൊക്കെയാണെന്ന് അറിയാമല്ലോ. മടവൂര്‍ സി എം മഖാം ശരീഅത്ത് കോളജിന്റെ പ്രിന്‍സിപ്പല്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ്. അവിടെ പല പരിപാടികളും ഉദ്ഘാടനം ചെയ്യുന്നതും നേതൃത്വം നല്‍കുന്നതും പാണക്കാട് തങ്ങന്മാരാണ്. സിയാറത്തിന് വരാറുള്ളത് സാത്വികരായ പണ്ഡിതന്മാരാണ്. ഇവര്‍ക്കെതിരെ മിണ്ടാനുള്ള അവകാശത്തിന് വേണ്ടി കൂടിയാണല്ലോ സാഹിബ് മിണ്ടിയത് എന്നാലോചിക്കുമ്പോള്‍ കാര്യങ്ങളുടെ പോക്ക് കുറച്ചുകൂടി വ്യക്തമാകും.

കേരളത്തില്‍ മതകാര്യങ്ങള്‍ പറയുന്ന മതപണ്ഡിതന്മാര്‍ മുസ്ലിം ലീഗില്‍ നിന്ന് നേരിട്ടത്ര ഭീഷണിയും ഉപദ്രവങ്ങളും സംഘപരിവാറില്‍ നിന്നു പോലും ഇതുവരെയും നേരിട്ടിട്ടുണ്ടാകില്ല എന്നതിനു കഴിഞ്ഞ 40 വര്‍ഷത്തെ കേരളത്തിലെ മുസ്ലിം സാമൂഹിക ചരിത്രം സാക്ഷിയാണ്. വഹാബിക്കെതിരെ ആര്‍.എസ്.എസ്സുകാരന്‍ മത്സരിച്ചാല്‍ ആര്‍.എസ്.എസ്സിനു വോട്ടു ചെയ്യും എന്നു ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞതില്‍ തന്നെയുണ്ടല്ലോ ആ സാമൂഹിക ചരിത്രത്തിന്റെ രത്‌ന ചുരുക്കം.


Read more: മകന്‍ നഷ്ടപ്പെട്ട ഇമാം പ്രതികാരം അരുതെന്ന് പറഞ്ഞതാണ് സംസ്‌കാരം, തൊലിയുരിക്കുമെന്ന് പറഞ്ഞ നിങ്ങളുടേതല്ല; സംസ്‌കാരം ‘പഠിപ്പിക്കാന്‍’ ശ്രമിച്ച ബി.ജെ.പി നേതാവിന് പ്രകാശ് രാജിന്റെ മറുപടി


പുളിക്കലില്‍ ഇ.കെ ഉള്‍പ്പെടുന്ന മതപണ്ഡിതന്മാരെ മിണ്ടാതിരിപ്പിക്കാന്‍ ചരടുവലിച്ചവരുടെ കൂട്ടത്തില്‍ സാഹിബിന്റെ പഴയകാല നേതാവ് സി.എച്ച് മുഹമ്മദ് കോയ തന്നെ ഉണ്ടായിരുന്നല്ലോ. കേരളത്തില്‍ മുസ്ലിംകള്‍ കൊല്ലപ്പെടുകയോ അക്രമിക്കപ്പെടുകയോ ചെയ്ത ഭൂരി ഭാഗം കേസുകളിലും സാഹിബിന്റെ പാര്‍ട്ടി പ്രതി സ്ഥാനത്തുവന്നതെങ്ങിനെയാകണം? അവിഭക്ത സമസ്ത ഒതായില്‍ സംഘടിപ്പിച്ച പഴയ സുന്നി സമ്മേളനത്തില്‍ മതപണ്ഡിതന്മാര്‍ മിണ്ടാതിരിക്കാന്‍ അദ്ധ്വാനിച്ച കഥ സാഹിബിന് എതായാലും മറക്കാനാകില്ലല്ലോ. മതപണ്ഡിതന്മാര്‍ സംസാരിക്കുന്ന വേദികളിലേക്ക് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ എറിഞ്ഞത്ര സോഡാ കുപ്പികള്‍, ചീ മുട്ടകള്‍, കല്‍ ചീളുകള്‍ എറിഞ്ഞവര്‍ മറ്റാരുണ്ട്? ആ ചരിത്രവും വര്‍ത്തമാനവും മൂടി വെച്ച് കൊണ്ടു കൂടിയാണല്ലോ സാഹിബ് ഇപ്പോള്‍ വീമ്പു പറയാന്‍ ഇറങ്ങിയിരിക്കുന്നത്.

ഒരു മാറ്റം കാണാതിരുന്നു കൂടാ. സലഫീ മതപ്രഭാഷകര്‍ക്കു വേണ്ടി നേരെ ചൊവ്വേ മുസ്ലിം കൂട്ടായ്മ എന്നും പറഞ്ഞു രംഗത്തുവരാനുള്ള ആത്മവിശ്വാസം ലീഗിനു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണല്ലോ കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ഒരു വിഭാഗം മുസ്ലിം സംഘടനകളുടെ യോഗത്തെ കുറിച്ച് പുറത്തു വരുന്ന വാര്‍ത്തകള്‍. സര്‍ക്കാരിന്റെ മദ്യ നയം, സംവരണ അട്ടിമറി എന്നിവയെ കുറിച്ച് ആലോചിക്കാനെന്നു പറഞ്ഞു വിളിച്ച യോഗത്തില്‍ വത്തക്ക മുറിക്കാനുള്ള ലീഗിന്റെ നീക്കത്തിനെതിരെ ഇ.കെ വിഭാഗം തന്നെ നിലപാടെടുത്തത് അതുകൊണ്ടാണല്ലോ. സത്യത്തില്‍ ജൗഹര്‍ മുനവ്വറിന്റെ വത്തക്ക എല്ലാ മുസ്ലിം സംഘടനകളെ കൊണ്ടും തീറ്റിപ്പിക്കുക ലക്ഷ്യം വെച്ചാണല്ലോ നമുക്കൊന്നിരിക്കണ്ടേ എന്നു കുഞ്ഞാലിക്കുട്ടി മുസ്ലിം സംഘടനാ നേതാക്കളെ വിളിച്ചുവരുത്തിയതു തന്നെ. ആ പഴയ ശൗര്യമൊന്നും പണ്ടേ പോലെ ഫലിക്കുന്നില്ലെന്നാണല്ലോ കോഴിക്കോട് നിന്നുള്ള പുതിയ വാര്‍ത്തകള്‍.

ഏതായാലും, ഫാസിസത്തിനെതിരെ ദേശീയ തലത്തില്‍ യുദ്ധം ചെയ്യാന്‍ പോയ ഒരാള്‍, ഫാസിസത്തെ ഇങ്ങനെയൊക്കെയാണ് മനസ്സിലാക്കുന്നതെങ്കില്‍, ഫാസിസം ഉടനെ രാജി വെച്ചു പുറത്തുപോകാനാണ് സാധ്യത. ഇമ്മാതിരി പോരാട്ടങ്ങള്‍ക്ക് പക്ഷേ എണ്ണയും സമയവും കത്തിച്ചു ദല്‍ഹിയില്‍ പോകുന്നതിലും നല്ലത് ആ പഴയ മലപ്പുറം നഗരസഭയിലെ ഓഫീസില്‍ തന്നെ ഇരിക്കുന്നതല്ലേ. ആ ദേശീയ നഷ്ടമെങ്കിലും ഒഴിവാക്കാമല്ലോ

അബ്ദുറഹ്മാന്‍ പി.കെ.എം

We use cookies to give you the best possible experience. Learn more