മഞ്ഞിൽ വിരിഞ്ഞ പൂക്കളെക്കാൾ വിജയമായ ആ ചിത്രമാണ് ലാലിനെ മലയാളത്തിൽ കൂടുതൽ സ്വീകാര്യനാക്കിയത്: ഫാസിൽ
Entertainment
മഞ്ഞിൽ വിരിഞ്ഞ പൂക്കളെക്കാൾ വിജയമായ ആ ചിത്രമാണ് ലാലിനെ മലയാളത്തിൽ കൂടുതൽ സ്വീകാര്യനാക്കിയത്: ഫാസിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 30th January 2024, 9:03 am

ഫാസിൽ ഒരുക്കിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.

നാല് പതിറ്റാണ്ടോളമായി അദ്ദേഹം സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. ഓഡിഷൻ വഴിയാണ് മോഹൻലാലിനെ സിനിമയിലേക്ക് തെരഞ്ഞെടുത്തതെന്ന് ഫാസിൽ മുമ്പ് പറഞ്ഞിട്ടുണ്ട്. സംവിധാനം പോലെ തന്നെ ചില വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള ആളാണ് ഫാസിൽ.

തന്നിലെ അഭിനേതാവിനെ അത്ഭുതപ്പെടുത്തിയ നടനെയാണ് മോഹൻലാലുമൊത്തുള്ള ആദ്യ ഇന്റർവ്യൂവിൽ തന്നെ താൻ കണ്ടതെന്ന് ഫാസിൽ പറയുന്നു.

എന്റെ മാമാട്ടിക്കുട്ടിയമ്മ എന്ന ചിത്രത്തിൽ മോഹൻലാലിനെ അഭിനയിപ്പിക്കുമ്പോൾ നിരവധി വില്ലൻ വേഷങ്ങൾ ചെയ്തുകൊണ്ടിരുന്ന ആളാണ് മോഹൻലാലെന്നും ചിത്രത്തിന്റെ വിജയം കുടുംബ പ്രേക്ഷകർക്കിടയിൽ മോഹൻലാലിനെ കൂടുതൽ സ്വീകാര്യനാക്കിയെന്നും ഫാസിൽ കൗമുദി മുവീസിനോട്‌ പറഞ്ഞു.

‘എന്നിലെ അഭിനേതാവിനെ അത്ഭുതപ്പെടുത്തിയ പ്രകടനമാണ് ആദ്യ ഇന്റർവ്യൂവിൽ മോഹൻലാൽ ചെയ്തത്. ആദ്യ ഇന്റർവ്യൂവിൽ മോഹൻലാൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ ഞാൻ ഇത്ര നന്നായി ചെയ്യുമോയെന്ന് എനിക്ക് തോന്നിപ്പോയി.

അതുകൊണ്ടുതന്നെയാണ് മോഹൻലാൽ വില്ലനായി ഒരുപാട് സിനിമകൾ ചെയ്യുന്നതിന് ഇടയിൽ ഒട്ടും വില്ലനിസം ഇല്ലാത്ത നായകനോടൊപ്പം നിൽക്കുന്ന ഒരു കഥാപാത്രം എന്റെ മാമാട്ടികുട്ടിയമ്മയിൽ ഞാൻ നൽകിയത്.

മഞ്ഞിൽ വിരിഞ്ഞ പൂക്കളെക്കാൾ നന്നായി ഓടിയ, കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് മാമാട്ടികുട്ടിയമ്മ. ആ സിനിമയുടെ വിജയം മലയാളത്തിലെ ഓരോ വീട്ടിലും മോഹൻലാലിനെ സ്വീകാര്യനാക്കി,’ഫാസിൽ പറയുന്നു.

Content Highlight: Fazil Talk About Mohanlal And Ente Mammaty Kuttiyamma