മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ മലയാളത്തിന് കിട്ടിയ താരമാണ് മോഹൻലാൽ.
ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിലൂടെ വില്ലൻ കഥാപാത്രമായാണ് മോഹൻലാൽ സിനിമയിലേക്ക് അരങ്ങേറുന്നത്. ഓഡിഷൻ വഴിയാണ് മോഹൻലാൽ ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
തന്നിലെ അഭിനേതാവിനെ അത്ഭുതപെടുത്തുന്ന പ്രകടനമാണ് ആദ്യ ഇന്റർവ്യൂവിൽ തന്നെ മോഹൻലാൽ കാഴ്ച്ചവെച്ചതെന്ന് ഫാസിൽ പറയുന്നു. കൗമുദി മൂവിസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്നിലെ അഭിനേതാവിനെ അത്ഭുതപ്പെടുത്തിയ പ്രകടനമാണ് ആദ്യ ഇന്റർവ്യൂവിൽ മോഹൻലാൽ നടത്തിയത്. ആദ്യ ഇന്റർവ്യൂവിൽ മോഹൻലാൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ ഞാൻ ഇത്ര നന്നായി ചെയ്യുമോയെന്ന് എനിക്ക് തോന്നിപ്പോയി.
അതുകൊണ്ടുതന്നെയാണ് മോഹൻലാൽ വില്ലനായി ഒരുപാട് സിനിമകൾ ചെയ്യുന്നതിന് ഇടയിൽ ഒട്ടും വില്ലനിസം ഇല്ലാത്ത നായകനോടൊപ്പം നിൽക്കുന്ന ഒരു കഥാപാത്രം എന്റെ മാമാട്ടികുട്ടിയമ്മയിൽ ഞാൻ നൽകിയത്,’ഫാസിൽ പറയുന്നു.
കുടുംബ പ്രേക്ഷകർക്കിടയിൽ മോഹൻലാലിനെ കൂടുതൽ സ്വീകാര്യനാക്കിയത് മാമാട്ടികുട്ടിയമ്മയാണെന്നും ഫാസിൽ പറഞ്ഞു.
‘മഞ്ഞിൽ വിരിഞ്ഞ പൂക്കളെക്കാൾ നന്നായി ഓടിയ, കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് മാമാട്ടികുട്ടിയമ്മ. ആ സിനിമയുടെ വിജയം മലയാളത്തിലെ ഓരോ വീട്ടിലും മോഹൻലാലിനെ സ്വീകാര്യനാക്കി,’ഫാസിൽ കൂട്ടിച്ചേർത്തു.
Content Highlight: Fazil Talk About Audition Of Mohanlal