ശങ്കര്‍, പൂര്‍ണ്ണിമ, മോഹന്‍ലാല്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്ക് ആ പേര് വന്നത് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് സംവിധായകന്‍ ഫാസില്‍. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫാസില്‍ പേരിനു പിന്നിലെ കഥ പറഞ്ഞത്.
ആദ്യം സിനിമയുടെ പേര് ഇളം പൂക്കള്‍ എന്നായിരുന്നുവെന്ന് ഫാസില്‍ പറയുന്നു. പിന്നീട് ചിത്രത്തിനു വേണ്ടി ബിച്ചു തിരുമല രചിച്ച വരികളില്‍ മഞ്ഞില്‍ വിരിഞ്ഞ പൂവേ പറയൂ എന്നുണ്ടായിരുന്നുവെന്നും അതില്‍ നിന്നാണ് ടൈറ്റില്‍ മാറിയതെന്നും സംവിധായകന്‍ ഓര്‍ക്കുന്നു. ആ വരികള്‍ എഴുതാന്‍ കാരണമായ സംഭവം തന്നോട് ബിച്ചു പറഞ്ഞുവെന്നും ഫാസില്‍ പറയുന്നു.
‘ബിച്ചു ഈ ഗാനത്തിന്റെ വരികള്‍ ആലോചിച്ച് പ്രഭാതസവാരി നടത്താറുണ്ടായിരുന്നു. അദ്ദേഹം ആലപ്പുഴയില്‍ കനാലിന്റെ തീരത്തുകൂടി കടന്ന് പോയപ്പോള്‍ മഞ്ഞിങ്ങനെ വീണു കിടക്കുന്നതായി തോന്നി. അത് മനസ്സില്‍ കണ്ടാണ് ബിച്ചു ആ വരികള്‍ എഴുതിയത്’, ഫാസില്‍ പറയുന്നു.
മഞ്ഞില്‍ പൂക്കള്‍ വിരിയാറില്ലെന്ന് പിന്നീടാണ് തനിക്ക് മനസ്സിലായതെന്നും സിനിമയ്ക്ക് അതേ പേര് മതിയെന്ന് അപ്പോള്‍ തന്നെ തീരുമാനിച്ചുവെന്നും ഫാസില്‍ പറഞ്ഞു. സിനിമയിലെ പ്രേമും പ്രഭയും മഞ്ഞില്‍ വിരിഞ്ഞ പൂക്കളായിരുന്നുവെന്നും അതുകൊണ്ട് അവരുടെ ജീവിതത്തിന് ഒരു വസന്തമുണ്ടായിരുന്നില്ലെന്നും ഫാസില്‍ കൂട്ടിച്ചേര്‍ത്തു.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമ നാല്‍പ്പതാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. മോഹന്‍ലാലിന്റെ ആദ്യ സിനിമയായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. ശങ്കര്‍ നായകനായും മോഹന്‍ലാല്‍ വില്ലനായുമാണ് ചിത്രത്തില്‍ എത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Fazil share experience about film manjil virinja pookal