ചെറിയ ഒരു ഇടവേളക്ക് ശേഷമാണ് നസ്രിയ സിനിമയില്‍ വീണ്ടും സജീവമായത്. നാനി നായകനായ തെലുങ്ക് ചിത്രത്തിലാണ് നടി അഭിനയിച്ചത്. ചിത്രത്തില്‍ തെലുങ്ക് ഭാഷ ഡബ്ബ് ചെയ്തതും നസ്രിയ തന്നെയായിരുന്നു.
ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ നസ്രിയയെക്കുറിച്ച് സംസാരിക്കുകയാണ് ഫാസില്‍. നസ്രിയ തനിക്കെപ്പോഴും ഒരു അത്ഭുതമാണെന്നും ഓടി നടന്ന് പടം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആര്‍ട്ടിസ്റ്റ് അല്ലെന്നുമാണ് ഫാസില്‍ പറഞ്ഞത്.
‘നസ്രിയ എനിക്കെപ്പോഴും ഒരു അത്ഭുതമാണ്. ഒരു താരമാണെന്ന് തോന്നിപ്പിക്കുന്ന ഒന്നും നസ്രിയയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അവര്‍ ഒരു ആര്‍ട്ടിസ്റ്റ് ആണ്. ഓടി നടന്ന് പടം ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആര്‍ട്ടിസ്റ്റ് അല്ല. അവിടെയാണ് നസ്രിയയും ഫഹദും തമ്മിലുള്ള സിങ്ക് കാണാന്‍ പറ്റുന്നത്. ഫഹദ് അവനെ എക്‌സൈറ്റ് ചെയ്യിക്കുന്ന കഥാപാത്രങ്ങളെ ചെയ്യുകയുള്ളൂ. നസ്രിയയും അങ്ങനെയാണ്. പക്ഷെ അത് തൊഴിലായി കൊണ്ടുനടക്കണമെന്ന് ആഗ്രഹവുമില്ല.
തെലുങ്ക് ചിത്രത്തില്‍ നസ്രിയ അഭിനയിച്ചത് കണ്ടപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. തെലുങ്ക് ഡബ്ബ് ചെയ്യാന്‍ ഒരുപാട് ബുദ്ധിമുട്ടി. ഒരുപാട് ദിവസങ്ങള്‍ അതിന് വേണ്ടിവന്നു. ഭയങ്കരമായ ക്ഷമയാണ്. ദിവസങ്ങള്‍ അവള്‍ ഡബ്ബിങ്ങിന് വേണ്ടി വെയിറ്റ് ചെയ്തു. നസ്രിയയ്ക്ക് ഭയങ്കര ഡെഡിക്കേഷന്‍ ആണ്,’ ഫാസില്‍ പറഞ്ഞു.
അതേസമയം ഫാസില്‍ നിര്‍മിച്ച മലയന്‍കുഞ്ഞ് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഫഹദ് ഫാസില്‍ നായകനായ ഈ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഫഹദിന്റെ പ്രകടനത്തെ കുറിച്ചും ചിത്രത്തില്‍ സൃഷ്ടിച്ച ഭീകര അന്തരീക്ഷത്തെ കുറിച്ചും വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
മലയന്‍കുഞ്ഞിന് തിരക്കഥ എഴുതിയിരിക്കുന്നത് മഹേഷ് നാരായണനാണ്. സിനിമയുടെ സിനിമാറ്റോഗ്രാഫിയും അദ്ദേഹം തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നവാഗതനായ സജി മോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്.
30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.
Content Highlight: Fazil says that Nazriya has always been a wonder to me, not an artist who wants to do more movies