| Saturday, 23rd July 2022, 2:24 pm

പൃഥ്വിരാജിനോടുള്ള ആ കുറ്റബോധം കൊണ്ടാണ് ഞാൻ ലൂസിഫറിൽ അഭിനയിച്ചത്: ഫാസിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയ ഒരിടവേളക്ക് ശേഷം ഫാസിൽ വീണ്ടും സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു ലൂസിഫർ.പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഫാദർ നെടുമ്പള്ളിയായാണ് ഫാസിലെത്തിയത്.

പൃഥ്വിരാജിന്റെ സിനിമയിൽ അഭിനയിക്കാനുള്ള കാരണം പറഞ്ഞിരിക്കുകയാണ് ഫാസിൽ ഇപ്പോൾ. മൂവി മാൻ ബ്രോഡ്കാസ്റ്റിങ്ങിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൃഥ്വിരാജിനെ ആദ്യമായി ഇന്റർവ്യൂ എടുത്തിരുന്നത് താനായിരുന്നുവെന്നും, എന്നാൽ ആ പടം നടക്കാതെ പോയതിലുള്ള കുറ്റബോധം കൊണ്ടാണ് ലൂസിഫറിൽ അഭിനയിച്ചതെന്നുമാണ് ഫാസിൽ പറഞ്ഞത്.

‘പൃഥ്വിരാജിനെ ആദ്യമായി ഇന്റർവ്യൂ എടുക്കുന്നത് ഞാനാണ്. പൃഥ്വിരാജ് പെട്ടെന്ന് ഒരു ചോക്ലേറ്റ് ഹീറോ ആയി വരേണ്ട ആളല്ലെന്ന് എനിക്ക് അപ്പോഴേ തോന്നിയിരുന്നു. ചെറിയ റോളുകൾ ചെയ്ത് ചെയ്ത് മോഹൻലാൽ, രജനികാന്ത്, കമൽഹാസൻ, അമിതാബ് ബച്ചൻ എന്നിവരെ പോലെ വളരേണ്ട ആളാണെന്ന് തോന്നി.

പക്ഷെ ഇന്റർവ്യൂ ചെയ്ത ആ സബ്ജക്ട് എനിക്ക് വർക്ക് ചെയ്യാൻ പറ്റിയില്ല. അന്നെനിക്ക് പൃഥ്വിരാജിനോട് കുറ്റബോധമുണ്ടാമുണ്ടായിരുന്നു. കാരണം ഇന്റർവ്യൂ ചെയ്തിട്ടും പടം എടുക്കാൻ പറ്റിയില്ലല്ലോ. ആ പൃഥിരാജ് എന്നെ വിളിച്ച് കാണണമെന്നും അദ്ദേഹത്തിന്റെ സിനിമയിൽ ഒരു റോൾ ചെയ്യണമെന്നും പറഞ്ഞാൽ ഞാൻ എങ്ങനെയാണ് നോ പറയുക.

പൃഥ്വി വന്നു ചോദിച്ചാൽ എനിക്ക് അഭിനയിക്കാതിരിക്കാൻ പറ്റില്ല . ഞാൻ അഭിനയിക്കും. അങ്ങനെ അഭിനയിച്ചു. ലൂസിഫറിലെ അഭിനയം കണ്ട പ്രിയൻ ( പ്രിയദർശൻ ) വിളിച്ചത് കൊണ്ടാണ് ഞാൻ കുഞ്ഞാലി മരക്കാരിൽ അഭിനയിക്കുന്നത്. ഇപ്പോൾ ആരെങ്കിലും വന്ന് സാറേ ഒരു നല്ല വേഷമുണ്ട്, സാറിന്റെ ഒരു പതിനഞ്ച് ദിവസം വേണമെന്ന് പറഞ്ഞാൽ ഞാൻ അയ്യോ പറ്റില്ലെന്ന് പറയും. പക്ഷെ ആ ഡയറക്ടറിന്റെ കഥയിലും പ്രസന്റേഷനിലും എനിക്ക് പുതുമ തോന്നിയാൽ ഞാൻ അഭിനയിക്കും. ഇല്ലെങ്കിൽ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഒഴിഞ്ഞ് മാറും,’ ഫാസിൽ പറഞ്ഞു.

അതെ സമയം ഫാസിൽ നിർമിച്ച മലയൻകുഞ്ഞ് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഫഹദ് ഫാസിൽ നായകനായ ഈ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഫഹദിന്റെ പ്രകടനത്തെ കുറിച്ചും ചിത്രത്തിൽ സൃഷ്ടിച്ച ഭീകര അന്തരീക്ഷത്തെ കുറിച്ചും വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

മലയൻകുഞ്ഞിന് തിരക്കഥ എഴുതിയിരിക്കുന്നത് മഹേഷ് നാരായണനാണ്. സിനിമയുടെ സിനിമാറ്റോഗ്രാഫിയും അദ്ദേഹം തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നവാഗതനായ സജി മോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്.

30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്.

Content Highlight: Fazil says that he acted in Lucifer because of that guilt towards Prithviraj

We use cookies to give you the best possible experience. Learn more