ഫഹദ് ഫാസിൽ നായകനായെത്തിയ മലയൻകുഞ്ഞിന് വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഉരുൾപൊട്ടലിന്റെ ഭീകരത ചിത്രീകരിച്ച ഈ സിനിമ ഷൂട്ടിങ് സമയത്ത് തന്നെ ഒരുപാട് വെല്ലുവിളികൾ നേരിട്ടിരുന്നു.
ഉരുൾപൊട്ടൽ പ്രമേയമായി വരുന്ന കഥയായത് കൊണ്ട് തന്നെ മണ്ണിനടിയിൽ ഷൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നെന്ന് ഫഹദ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻസ് വീഡിയോ പുറത്ത് വിട്ടപ്പോഴും ഈ കാര്യം വ്യക്തമായിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ വെച്ച് ഫഹദിന് സംഭവിച്ച ആക്സിഡന്റിനെ കുറിച്ച് പറയുകയാണ് ഫാസിൽ ഇപ്പോൾ. സെറ്റിൽ വെച്ച് ലിഫ്റ്റിൽ നിന്നും 30 അടി താഴ്ച്ചയിലേക്ക് വീഴുകയായിരുന്നെന്നാണ് ഫാസിൽ പറഞ്ഞത്. മൂവി മാൻ ബ്രോഡിക്കസ്റ്റിങ്ങിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2021 ജനുവരിയിലാണ് മലയൻകുഞ്ഞിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. അതിനിടക്ക് ഫഹദിന് ഒരു ആക്സിഡന്റ് പറ്റിയത് കൊണ്ട് സിനിമ നിർത്തിവെക്കേണ്ടി വന്നു.
സെറ്റിൽ വെച്ച് ലിഫ്റ്റിൽ നിന്നും 30 അടി താഴ്ച്ചയിലേക്ക് ഫഹദ് വീണു. വലിയ ആക്സിഡന്റ് ആയിരുന്നു അത്. എന്തോ കൃപ കൊണ്ടാണ് രക്ഷപ്പെട്ടത്. ഒരു മാസം റസ്റ്റ് എടുക്കേണ്ടി വന്നു. ഞാൻ പേടിച്ചിരുന്നു.
ആ സെറ്റ് ഞാൻ പോയി കണ്ടതാണ്. കോടികൾ മുടക്കിയാണ് ആ സെറ്റ് ഉണ്ടാക്കിയത്. വളരെ വേഗത്തിൽ ഫഹദ് താഴേക്ക് പതിക്കുന്ന സീനായിരുന്നു ഷൂട്ട് ചെയ്യുന്നത്.
ലിഫ്റ്റിൽ നിന്നും ഫഹദും അതെ വേഗത്തിൽ താഴേക്ക് വീഴുകയായിരുന്നു. വീഴുന്ന ഫോഴ്‌സിനേക്കാൾ മൂന്നിരട്ടി ഫോഴ്സിൽ ലാൻഡ് ചെയ്ത ലിഫ്റ്റ് അതെ സമയം തന്നെ മുകളിലേക്കും അടിച്ചു. വലിയ ആക്സിഡന്റ് ആയിരുന്നു അത്,’ ഫാസിൽ പറഞ്ഞു.
നവാഗതനായ സജി മോന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് നാരായണനാണ്. 30 വര്‍ഷത്തിന് ശേഷം എ.ആര്‍. റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്. ഫാസിലാണ് ചിത്രം സംവിധാനം ചെയ്തത്.
Content Highlight: Fazil says that Fahad had a big accident on the set of Malayankunju, he fell 30 feet from an elevator