മലയാള സിനിമയില്‍ തന്നെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ക്ലൈമാക്‌സുകളിലൊന്നാണ് ഹരികൃഷ്ണന്‍സിന്റേത്. മമ്മൂട്ടിക്ക് കൂടുതല്‍ ആരാധകരുള്ള സ്ഥലങ്ങളില്‍ ഹരിക്ക് നായികയെ കിട്ടുന്നതായും മോഹന്‍ലാലിനും കൂടുതല്‍ ആരാധകരുള്ള സ്ഥലങ്ങളില്‍ കൃഷ്ണന് നായികയെ കിട്ടുന്നതായുമാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.
രണ്ട് പേര്‍ക്കും കിട്ടാത്ത രീതിയിലുള്ള ക്ലൈമാക്‌സും ചിത്രത്തിന് ഉണ്ടായിരുന്നു എന്ന് പറയുകയാണ് സംവിധായകന്‍ ഫാസില്‍. ചിത്രത്തിന് രണ്ട് ക്ലൈമാക്‌സ് വന്നതിനെ പറ്റിയും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സംസാരിച്ചു.
‘എന്റെ ജീവിതത്തില്‍ ഒന്നോ രണ്ടോ വിവാദങ്ങളെ ഉണ്ടായിട്ടുള്ളൂ. അതിലൊന്ന് ഞാന്‍ മറക്കാന്‍ ശ്രമിക്കുന്നതാണ്. ഇതില്‍ എന്താണ് സംഭവിച്ചതെന്ന് പറയാം. സിനിമയുടെ ഒടുവില്‍ ജൂഹി ചൗളയെ ആര്‍ക്ക് കിട്ടുന്നു എന്നതാണല്ലോ ചോദ്യം. അത് പ്രശ്നമാകും എന്ന് അറിഞ്ഞുകൊണ്ട് തന്നെ മമ്മൂട്ടിക്ക് കിട്ടുന്നതുപോലെയും മോഹന്‍ലാലിന് കിട്ടുന്നതുപോലെയും രണ്ട് രീതിയില്‍ ഷൂട്ട് ചെയ്തു വെച്ചു. വേറെ ഒരെണ്ണം ഇവരിലാര്‍ക്കും കിട്ടാത്ത രീതിയിലും എടുത്തുവെച്ചു.
ഫൈനല്‍ എഡിറ്റിങ് കഴിഞ്ഞപ്പോള്‍ ആര്‍ക്ക് കിട്ടുന്നു എന്ന് കാണിക്കാത്ത സീന്‍ ഉപയോഗിക്കാമെന്നായിരുന്നു തീരുമാനം. അന്ന് ഇന്നത്തെ പോലെയല്ല. നമ്മളൊരു സിനിമയുണ്ടാക്കിയാല്‍ തിയേറ്ററില്‍ ഇടുന്നതിനുമുന്നേ കുറെപ്പേരെ വിളിച്ച് കാണിക്കും. അവരുടെ അഭിപ്രായങ്ങളൊക്കെ അറിയാന്‍ വേണ്ടിയാണ്. അങ്ങനെ കുറേ കുടുംബങ്ങളെ ഈ പടം കാണിച്ചു.
ജൂഹിയെ ആര്‍ക്കാണ് കിട്ടുന്നത് എന്ന് പറയാത്ത ക്ലൈമാക്സുള്ള ഭാഗമാണ് കാണിച്ചത്. പക്ഷേ അതു കണ്ടവരെല്ലാം പറഞ്ഞു ‘ഇത് ഭയങ്കര സങ്കടമായി പോയി. ആര്‍ക്ക് കിട്ടിയാലും ഞങ്ങള്‍ക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. ആര്‍ക്കെങ്കിലും കിട്ടുന്നതായിട്ട് ഒന്ന് കാണിക്കണമായിരുന്നു’ എന്ന്.
ഇത് കേട്ട ഉടനെ എത്ര പ്രിന്റ് റിലീസ് ചെയ്യുന്നുണ്ടെന്ന് ഞാന്‍ അന്വേഷിച്ചു. 36 പ്രിന്റ് തയ്യാറാക്കി വെച്ചിട്ടുണ്ട്. എന്നാല്‍ 18 പ്രിന്റില്‍ ജൂഹിയെ മോഹന്‍ലാലിന് കിട്ടുന്നതായിട്ടും 18 പ്രിന്റില്‍ മമ്മൂട്ടിക്ക് കിട്ടുന്നതായും കാണിക്കാം എന്നും പറഞ്ഞ് ഞാന്‍ അങ്ങ് പോയി. പിന്നെ നടന്നത് ആവേശത്തിന്റെ കാര്യങ്ങളാണ്. വിതരണ മാനേജര്‍മാരും പ്രിന്റ് എടുക്കാന്‍ വരുന്ന റപ്രസന്റേറ്റീവ്മാരും കാണിച്ച ഒരു സംഭവമാണ്. ഞാന്‍ അത് അറിയുന്നുണ്ടായിരുന്നില്ല,’ ഫാസില്‍ പറഞ്ഞു.
Content Highlight: fazil about the double climax of harikrsihnans