മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സാണ്. ബോളിവുഡ് താരം ജൂഹി ചൗള നായികയായ ചിത്രം 1998ലാണ് പുറത്ത് വന്നത്. ആദ്യം ഒരാള്‍ക്ക് വേണ്ടി ആലോചിച്ച ചിത്രമായിരുന്നു ഹരികൃഷ്ണന്‍സെന്നും മമ്മൂട്ടിയെ കൂടി ഉള്‍പ്പെടുത്താമെന്ന് താന്‍ തീരുമാനിക്കുകയായിരുന്നു എന്നും ഫാസില്‍ പറഞ്ഞു. മൂവി മാന്‍ ബ്രോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഫാസില്‍.
‘ഒരിക്കല്‍ ആന്റണി പെരുമ്പാവൂര്‍ വന്ന് പ്രണവം ആര്‍ട്‌സിന് വേണ്ടി ഒരു പടം ചെയ്യാമോ എന്ന് ചോദിച്ചു. അത് മോഹന്‍ലാലിന്റെ കമ്പനിയാണ്. അപ്പോള്‍ എന്തായാലും മോഹന്‍ലാലിനെ വെച്ച് ചെയ്യണം. മോഹന്‍ലാല്‍ കമ്പനി എന്നെ വെച്ചൊരു പടം ചെയ്യുമ്പോള്‍ എനിക്ക് വേണ്ടി പല പടങ്ങളും ചെയ്ത മമ്മൂട്ടിയെ കൂടി കാസ്റ്റ് ചെയ്താലെന്താണെന്ന് ഞാന്‍ പെട്ടെന്ന് ചിന്തിച്ചു.
അത് ഒരാള്‍ക്ക് വെച്ചിരുന്ന സബ്‌ജെക്ടാണ്. അത് വെട്ടി ആര്‍ക്കും പരിക്കില്ലാത്ത രീതിയില്‍ രണ്ടാക്കി. രണ്ട് പേരും വളരെ ആത്മവിശ്വാസത്തോടെ അഭിനയിക്കുന്ന ഒരു സംവിധായകന്‍ ഞാനാണെന്ന് എനിക്ക് നന്നായി അറിയാം. കഥ പോലും കേള്‍ക്കണ്ട. നിങ്ങളാണോ ഡയറക്ട് ചെയ്യുന്നത് എന്നാല്‍ ഞാന്‍ റെഡി എന്ന് മോഹന്‍ലാലും പറയും, മമ്മൂട്ടിയും പറയും. എന്നെക്കൊണ്ട് നശിപ്പിക്കില്ല എന്ന് മോഹന്‍ലാലിനും മമ്മൂട്ടിക്കും തോന്നിയിട്ടുണ്ട്. അതുകൊണ്ട് തുടക്കം മുതല്‍ അവസാനം വരെ ഒരു പ്രശ്‌നവുമില്ല. സുഖമായി അതെടുത്ത് പോയി.
അത് എന്റെ ഒരു മാറി ചിന്തിക്കലായിരുന്നു. എനിക്ക് വേണമെങ്കില്‍ മോഹന്‍ലാലിനെ വെച്ച് ചെയ്യാമായിരുന്നു, മോഹന്‍ലാലിന്റെ കമ്പനിയല്ലേ. അല്ലെങ്കില്‍ ഞാന്‍ സംവിധാനം ചെയ്യാം എനിക്കൊരു കണ്ടീഷന്‍ ഉണ്ട്, മമ്മൂട്ടി ആണ് ഹീറോ എന്നെനിക്ക് പറയാമായിരുന്നു. രണ്ട് അണ്ണന്മാരേയും വെച്ചങ്ങ് ചെയ്താലെന്താണെന്ന് എനിക്ക് തോന്നി, അങ്ങനെയൊരു ചലഞ്ചായിരുന്നു,’ ഫാസില്‍ പറഞ്ഞു.
Content Highlight: fazil about mammootty, mohanlal and harikrishnans