|

കാരായി ചന്ദ്രശേഖരന് അനുമോദനങ്ങളുമായി ഫസലിന്റെ സഹോദരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തലശ്ശേരി: തലശ്ശേരി നഗരസഭാ ചെയര്‍മാനായി അധികാരമേറ്റ കാരായി ചന്ദ്രശേഖരന് അനുമോദനങ്ങളുമായി കൊല്ലപ്പെട്ട എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിന്റെ സഹോദരന്‍ അബ്ദുറഹ്മാന്‍. സത്യപ്രതിജ്ഞ ചെയ്ത കാരായി ചന്ദ്രശേഖരനെ അദ്ദേഹത്തിന്റെ മുറിയിലെത്തിയാണ് അബ്ദുറഹ്മാന്‍ അനുമോദിച്ചത്.

കാരായി ചന്ദ്രശേഖരന് ബൊക്കെ നല്‍കിയ അബ്ദുറഹ്മാന്‍ അദ്ദേഹത്തെ ആശ്ലേഷിച്ചശേഷമാണ് അനുമോദിച്ചത്. ഫസല്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഏറണാകുളം ജില്ലയില്‍ കഴിഞ്ഞുവരികയാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും. ജാമ്യവ്യവസ്ഥയില്‍ ഇളവു നേടിയാണ് കാരായി ചന്ദ്രശേഖരന്‍ സത്യപ്രതിജ്ഞയ്ക്കായി തലശേരിയിലെത്തിയത്.

ഫസല്‍ വധക്കേസില്‍ ഇരുവര്‍ക്കും പങ്കില്ലെന്ന് അബ്ദുറഹ്മാന്‍ തെരഞ്ഞെടുപ്പിനു മുമ്പ് കൈരളി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഫസല്‍ വധത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സംശയിക്കുന്നുണ്ടെന്നു വ്യക്തമാക്കിയ അബ്ദുറഹ്മാന്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയേയും പ്രതിപക്ഷനേതാവിനേയും സമീപിക്കുമെന്നും അറിയിച്ചിരുന്നു.

സി.പി.ഐ.എം നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും അന്വേഷണസംഘം രാഷ്ട്രീയ പ്രേരിതമായി പ്രതിചേര്‍ത്തതാണ്. കേസിന്റെ എല്ലാ ഘട്ടത്തിലും തനിക്കും കുടുംബത്തിനും ആവശ്യമായ സഹായങ്ങള്‍ നല്‍കിയത് കാരായി രാജനാണെന്നും അബ്ദുറഹ്മാന്‍ പറഞ്ഞിരുന്നു.

കാരായി രാജനും കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചിരുന്നു. ബുധനാഴ്ച കണ്ണൂരിലെത്തിയ അദ്ദേഹം ഇന്ന് നടക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കും.

Latest Stories