കയ്യില്‍ കറുത്ത തുണി ചുറ്റി രാജ്യസഭയില്‍ നിന്നും പുറത്തിറങ്ങി പി.ഡി.പി എം.പി; കശ്മീര്‍ ജനതയ്ക്കിടയില്‍ പിളര്‍പ്പുണ്ടാക്കാനുള്ള തീരുമാനമെന്ന് ഫയാദ് അഹമ്മദ്
ന്യൂദല്‍ഹി: ജമ്മു കശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണമായും എടുത്ത് കളയാനുള്ള ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് രാജ്യസഭയ്ക്കുളളില്‍ നിന്നും കറുത്ത തുണി കയ്യില്‍ ചുറ്റിയിറങ്ങി പി.ഡി.പി. എം.പി ഫയാദ് അഹമ്മദ് മിര്‍. തന്റെ വസത്രം വലിച്ചുകീറിയ ശേഷമായിരുന്നു ഇദ്ദേഹം കയ്യില്‍ കറുത്ത തുണി ചുറ്റിയത്.
കശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണമായും എടുത്ത് കളയുകയും കശ്മീരിനെ വിഭജിക്കുകയും ചെയ്തതിലൂടെ കാശ്മീരിലെ ജനങ്ങളുടെ വിശ്വാസമാണ് നഷ്ടപ്പെടുത്തിയിരിക്കുന്നതെന്ന് ഫയാദ് അഹമ്മദ് പറഞ്ഞു. ഒരു തരത്തിലും അംഗീകരിക്കാനാവാത്ത നടപടിയാണ് ഇതെന്നും എം.പി പറഞ്ഞു.
ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലവതരിപ്പിക്കുന്നതിനിടെ ഭരണഘടന കീറി പ്രതിഷേധിക്കാന്‍ ശ്രമിച്ച പി.ഡി.പി എം.പിമാരെ രാജ്യസഭാധ്യക്ഷന്‍ എം. വെങ്കയ്യാ നായിഡു സഭയില്‍ നിന്നും പുറത്താക്കിയിരുന്നു.
ഫയാദിന് പുറമെ നാസിര്‍ അഹമ്മദിനോടും അധ്യക്ഷന്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും അതുണ്ടാകാത്തതിനാല്‍ മാര്‍ഷല്‍മാരെ ഉപയോഗിച്ച് ഉപരാഷ്ട്രപതി കൂടിയായ നായിഡു അവരെ നീക്കുകയായിരുന്നു.
ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കാനുള്ള ബില്ലും അമിത് ഷാ അവതരിപ്പിച്ചിരുന്നു. ജമ്മു കശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂര്‍ണമായും എടുത്ത് കളയാനുള്ള ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെ മറികടന്നുകൊണ്ടായിരുന്നു അമിത് ഷാ പ്രമേയം അവതരിപ്പിച്ചത്. ഉപരാഷ്ട്രപതിക്കുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് ബില്‍ അവതരിപ്പിച്ചത്.
വളരെ സുപ്രധാനമായ നിയമനിര്‍മാണമാണ് നടക്കാന്‍ പോകുന്നതെന്നും അതിനാല്‍ തന്നെ പതിവ് ചട്ടങ്ങളും കീഴ്വഴക്കങ്ങളും മാറ്റിവെച്ച് ബില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ ബില്‍ അവതരിപ്പിച്ചത്.