| Saturday, 17th December 2022, 11:50 pm

സൂപ്പര്‍ സംവിധായകരുടെ ഈ വര്‍ഷത്തെ ഇഷ്ട ചിത്രങ്ങള്‍; ലിസ്റ്റില്‍ ഇടം പിടിച്ചത് മൂന്ന് മലയാളം ചിത്രങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങളെ പറ്റി സംസാരിക്കുകയാണ് തെന്നിന്ത്യയിലെ സൂപ്പര്‍ സംവിധായകരും നടന്മാരും. ഫിലിം കമ്പാനിയന്‍ നടത്തിയ ഫിലിം മേക്കേഴ്‌സ് ആഡയില്‍ ലോകേഷ് കനകരാജ്, എസ്.എസ്. രാജമൗലി, ഗൗതം വാസുദേവ് മേനോന്‍, കമല്‍ ഹാസന്‍, പൃഥ്വിരാജ്, നിര്‍മാതാവ് സ്വപ്‌ന ദത്ത് ചലസാനി എന്നിവരാണ് 2022ല്‍ ഇഷ്ടപ്പെട്ട സിനിമകളെ പറ്റി പറഞ്ഞത്.

തിരുച്ചിത്രമ്പലമാണ് തനിക്ക് ഈ വര്‍ഷം ഏറ്റവുമിഷ്ടപ്പെട്ട സിനിമയായി ഗൗതം വാസുദേവ്‌ മേനോന്‍ പറഞ്ഞത്. ആ സിനിമ താന്‍ ചെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയെന്ന് ഗൗതം വാസുദേവ് പറഞ്ഞു. ‘തിയേറ്ററില്‍ നന്നായി വര്‍ക്കായ സിനിമയാണ്. തിയേറ്ററുകളിലെ റെസ്‌പോണ്‍സ് ഞാന്‍ കണ്ടിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിഷഭ് ഷെട്ടി ചിത്രം കാന്താരയാണ് സ്വപ്‌ന ദത്ത് ചലസാനി പറഞ്ഞത്. തല്ലുമാലയാണ് തന്റെ ഇഷ്ടചിത്രമായി ലോകേഷ് കനകരാജ് പറഞ്ഞത്. ‘ആ സിനിമ ഞാന്‍ ചെയ്താല്‍ കൊള്ളാമെന്നുണ്ടായിരുന്നു. ഞാന്‍ രണ്ടുമൂന്ന് തവണ ആ സിനിമ കണ്ടു. അതിലെ എഡിറ്റ് എനിക്ക് വളരെ ഇഷ്ടമായി. ഞാന്‍ ചെയ്യുന്ന ടൈപ്പ് സിനിമയാണത്. നേരത്തെ അയ്യപ്പനും കോശിയും കണ്ടപ്പോഴും എനിക്ക് ഇതുതന്നെ തോന്നിയിരുന്നു,’ ലോകേഷ് പറഞ്ഞു.

ജന ഗണ മനയാണ് രാജമൗലി തെരഞ്ഞെടുത്തത്. ‘സിനിമയുടെ പേര് ഓര്‍മയില്ല. പൃഥ്വിരാജിന്റെ സിനിമയാണ്. പൊലീസ് ഓഫീസര്‍ പ്രതികളിലൊരാള്‍ക്ക് സിഗരറ്റ് നല്‍കുകയാണ്. ( പൃഥ്വിരാജ് ചിത്രത്തിന്റെ പേര് ജന ഗണ മന എന്ന് പറയുന്നു) ആ മുഴുവന്‍ സീനിന്റേയും സെറ്റ് അപ്പ്, അത് എങ്ങനെയാണ് നിര്‍മിച്ചെടുത്തിരിക്കുന്നത് എന്ന് നോക്കൂ. അതിലെ പെര്‍ഫോമന്‍സ്, എഴുതിയിരിക്കുന്ന രീതി, അതൊക്കെ കണ്ട് എനിക്ക് വലിയ അസൂയ തോന്നി. എനിക്ക് എന്തുകൊണ്ട് ഇങ്ങനെ ഒരു ചിന്ത വന്നില്ലെന്ന് തോന്നി.

അതുപോലെ വിക്രത്തിലെ ലാസ്റ്റ് സീന്‍. കമല്‍ സാര്‍ കണ്ണാടി വെച്ചിട്ട് ബബിള്‍ ഗം വായിലേക്ക് ഇടുന്ന രംഗം. ഇത് എന്തുകൊണ്ട് എന്റേതായില്ല എന്ന് തോന്നി,’ രാജമൗലി പറഞ്ഞു.

ഒരു സിനിമ കണ്ടിട്ട് ഇത് എന്തുകൊണ്ട്‌ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ മലയാളം സിനിമ ആയില്ലെന്ന് തോന്നിയത് കാന്താരയാണെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ‘കേരളത്തിലെ സംസ്‌കാരത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് ഈ ചിത്രം, പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍. റിഷഭിനോടും ഞാനിത് പറഞ്ഞിരുന്നു. എനിക്ക് ആസൂയ തോന്നിയ ചിത്രമാണ് അത്,’ പൃഥ്വിരാജ് പറഞ്ഞു.

തന്റെ ഇഷ്ട ചിത്രങ്ങള്‍ പറയുകയാണെങ്കില്‍ ഒരുപാട് ഉണ്ടെന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്. വിക്രം എനിക്ക് സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, കമല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Favorite films of the year by super directors; Three Malayalam films made it to the list

We use cookies to give you the best possible experience. Learn more