| Monday, 15th March 2021, 8:02 am

ട്രംപിനേ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളൂ; മടിച്ചു നില്‍ക്കരുതെന്ന് അദ്ദേഹം അവരോട് പറഞ്ഞാല്‍ കാര്യം നടക്കും; ആന്റണി ഫൗസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ക്കിടയില്‍ വാക്‌സിന്‍ വിരുദ്ധ വികാരമുണ്ടെന്നും അവര്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ താത്പര്യമില്ലെന്നുമുള്ള സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി അമേരിക്കന്‍  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജിയുടെയും പകര്‍ച്ചവ്യാധി രോഗങ്ങളുടെയും ഡയറക്ടറായ ആന്റണി ഫൗസി.

കൊറോണ വാക്‌സിനേഷനെടുക്കാന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സ്വാധീനം ഉപയോഗിക്കുകയാണെങ്കില്‍ വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ആന്റണി ഫൗസി പറഞ്ഞു.

” ട്രംപ് മുന്നോട്ടുവന്ന്, പോയി വാക്‌സിനെടുക്കൂ, അത് നിങ്ങളുടെ ആരോഗ്യത്തിനും കുടുംബത്തിന്റെ ആരോഗ്യത്തിനും രാജ്യത്തിന്റെ ആരോഗ്യത്തിനും വളരെ പ്രധാന്യമുള്ളതാണെന്ന് പറയണം,” ഫൗസി പറഞ്ഞു.

കഴിഞ്ഞ മാസം ഫ്‌ളോറിഡയിലെ യോഗത്തില്‍വെച്ച് ഡൊണാള്‍ഡ് ട്രംപ് ജനങ്ങളോട് വാക്‌സിന്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കൊവിഡുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപിന്റെ അശാസ്ത്രീയ പ്രചരണങ്ങള്‍ വലിയ വിവാദമായിരുന്നു. ആന്റണി ഫൗസിയും ട്രംപും തമ്മില്‍ നിരവധി വിഷയങ്ങളില്‍ പരസ്യമായ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ട്രംപ് പോയതുകൊണ്ട് തനിക്കിപ്പോള്‍ സമാധാനവും സ്വാതന്ത്ര്യവും ലഭിച്ചതുപോലെയാണ് തോന്നുന്നതെന്ന് തുറന്ന് പറഞ്ഞ് ഫൗസി മുന്നോട്ടുവന്നിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ സത്യങ്ങള്‍ ഇനി പ്രത്യാഘാതങ്ങള്‍ നേരിടുമെന്ന് ഭയക്കാതെ തുറന്ന് പറയാമല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Fauci hopes Trump will encourage supporters to get COVID vaccine

We use cookies to give you the best possible experience. Learn more