അമേരിക്കയില്‍ 14 ലക്ഷത്തോളം കൊവിഡ് ബാധിതര്‍ ; ലോക്ഡൗണ്‍ നീക്കുന്നത് ഒഴിവാക്കാന്‍ പറ്റുന്ന മരണങ്ങള്‍ക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ്
COVID-19
അമേരിക്കയില്‍ 14 ലക്ഷത്തോളം കൊവിഡ് ബാധിതര്‍ ; ലോക്ഡൗണ്‍ നീക്കുന്നത് ഒഴിവാക്കാന്‍ പറ്റുന്ന മരണങ്ങള്‍ക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th May 2020, 8:03 am

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 43,37,358 ആയി. 292,424 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 15,96,965 പേര്‍ക്ക് രോഗം ഭേദമായി. അമേരിക്കയില്‍ 83,377 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 14 ലക്ഷത്തിലേറെ പേര്‍ക്കാണ് അമേരിക്കയില്‍ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്.

അമേരിക്കയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നതിനെതിരെ രാജ്യത്തെ പകര്‍ച്ച വ്യാധി വിദഗ്ധനും കൊവിഡ് പ്രതിരോധത്തിന് മുന്‍നിരയിലുമുള്ള ഡോ. അന്തോണി ഫൗസി രംഗത്തെത്തി. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും ഒഴിവാക്കാന്‍ കഴിയുന്ന മരണങ്ങള്‍ക്ക് കാരണമാവും എന്നുമാണ് ഫൗസി മുന്നറിയിപ്പ് നല്‍കുന്നത്.

‘ ഏറ്റവും നല്ല സാഹചര്യങ്ങളില്‍ പോലും നിയന്ത്രണങ്ങളില്‍ നിന്ന് പിന്‍മാറുമ്പോള്‍ ചില കേസുകള്‍ പ്രത്യക്ഷപ്പെടുന്നത് നിങ്ങള്‍ കാണും,’ ഫൗസി പറഞ്ഞു.

‘ പുതിയ കേസുകള്‍ പ്രത്യക്ഷപ്പെടുകയും അത് വീണ്ടും ഒരു വലിയ വ്യാപനത്തിലെത്തുമെന്നാണ് എന്റെ ആശങ്ക, ഇതിന്റെ പരിണിത ഫലങ്ങള്‍ ഗുരുതരമായിരിക്കും,’ ഫൗസി കൂട്ടിച്ചേര്‍ത്തു.

വളരെ വേഗം അമേരിക്കന്‍ നഗരങ്ങള്‍ തുറക്കുന്നത് ഒഴിവാക്കാന്‍ കഴിയുന്ന മരണങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാക്കുക മാത്രമല്ല, സാമ്പത്തിക മേഖലയെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് പിന്നോട്ടാക്കുകയും ചെയ്യുമെന്നും ഇദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക