'ഈ തെറ്റിന് നിങ്ങളുടെ വിവാഹം റദ്ദാക്കും' ജയ് ശ്രീറാം വിളിച്ച മുസ്‌ലിം മന്ത്രിയ്‌ക്കെതിരെ ഫത് വ
Daily News
'ഈ തെറ്റിന് നിങ്ങളുടെ വിവാഹം റദ്ദാക്കും' ജയ് ശ്രീറാം വിളിച്ച മുസ്‌ലിം മന്ത്രിയ്‌ക്കെതിരെ ഫത് വ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 31st July 2017, 8:26 am

പാട്‌ന: ജയ് ശ്രീറാം എന്നു വിളിച്ച ബീഹാറിലെ മുസ്‌ലിം മന്ത്രിയ്‌ക്കെതിരെ ഫത്വ. ജനതാദള്‍ യു നേതാവ് ഖുര്‍ഷിദ് എന്ന ഫിറോസ് അഹമ്മദിനെതിരെയാണ് ഫത് വ പുറപ്പെടുവിച്ചിരിക്കുന്നത്.

ഇമാറത് ശരിഅയിലെ മുഫ്തി സുഹൈല്‍ ഖ്വാസ്മിയാണ് ഫത് വപുറപ്പെടുവിച്ചിരിക്കുന്നത്. ഫിറോസ് അഹമ്മദിന്റെ വിവാഹം റദ്ദാക്കുമെന്നും തെറ്റുതിരുത്തിയശേഷമേ അദ്ദേഹത്തിന് വീണ്ടും നിക്കാഹ് ചെയ്യാന്‍ കഴിയൂവെന്നുമായിരുന്നു ഫത് വ.

വെള്ളിയാഴ്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിശ്വാസ വോട്ടുനേടിയതിനു പിന്നാലെ ബി.ജെ.പി എം.എല്‍.എമാര്‍ക്കൊപ്പമായിരുന്നു ഫിറോസ് അഹമ്മദ് ജയ് ശ്രീറാം എന്നു വിളിച്ചത്. ഇതാണ് ഫത് വയ്ക്ക് ആധാരം.


Must Read: ‘വോട്ടുകള്‍ക്കുവേണ്ടി ഞങ്ങള്‍ കൊല്ലപ്പെട്ടേനെ’ ബി.ജെ.പി ഭീഷണി ഭയന്നാണ് ബംഗളുരുവിലേക്ക് രക്ഷപ്പെട്ടതെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍


“എല്ലാ മതങ്ങളേയും ബഹുമാനിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ജയ് ശ്രീറാം എന്നു വിളിച്ച് എനിക്ക് മുസ്‌ലീങ്ങള്‍ക്കുവേണ്ടി ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ എന്തിന് ഇത്രവലിയ ബഹളം” സംഭവത്തോടു പ്രതികരിച്ചുകൊണ്ട് ഫിറോസ് ചോദിക്കുന്നു.

ഫത് വ പുറത്തുവന്നതോടെ ഖേദപ്രകടനവുമായി ഫിറോസ് രംഗത്തെത്തുകയും ചെയ്തു.

“എന്റെ പരാമര്‍ശത്താല്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഞാന്‍ ഖേദിക്കുന്നു. ആരെയും വേദനിപ്പിക്കുകയെന്നതായിരുന്നു എന്റെ ലക്ഷ്യം. ജനങ്ങളെ സേവിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. എന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു.” അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.