വയനാട്: ഹൈദരലി തങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് വയനാട്ടില്‍ യുവാവിനും കുടുംബത്തിനും മഹല്ല് കമ്മിറ്റിയുടെ ഊരുവിലക്ക്. ആനപ്പാറ നരിക്കുണ്ട് സ്വദേശിയായ ലബീബിനും കുടുംബത്തിനുമാണ് പ്രദേശത്തെ മഹല്ല് കമ്മിറ്റി ഭ്രഷ്ട് കല്‍പ്പിച്ചത്. ലബീബിന്റെ വീട്ടിലെ വിവാഹം, വീടുതാമസം,മറ്റു പരിപാടികള്‍ക്കൊന്നും സഹകരിക്കേണ്ടെന്നും ഒറ്റപ്പെടുത്തണമെന്നുമാണ് പള്ളിക്കമറ്റിയുടെ ആഹ്വാനം.
കുടുംബത്തിന് വിലക്ക് കല്‍പ്പിക്കുന്നതായി അറിയിച്ച് കൊണ്ട് ലബീബിന്റെ പിതാവിന് പള്ളിക്കമ്മിറ്റി ഔദ്യോഗികമായി കത്ത് നല്‍കിയിട്ടുമുണ്ട്. വയനാട് ജില്ലാ ഖാസിയായ ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരായ ലബീബിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമുദായത്തിന് നിരക്കാത്തതാണെന്നും ഫേസ്ബുക്ക് പോസ്റ്റ് മഹല്ല് നിവാസികള്‍ക്കും പള്ളിക്കമ്മറ്റിക്കും ദുഖമുണ്ടാക്കിയതായുംകത്തില്‍ പറയുന്നു.
പള്ളിക്കമ്മിറ്റി പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിലാണ് കത്ത്. മെയ് 22ന് ചേര്‍ന്ന അടിയന്തര ഭരണസമിതി യോഗത്തിലാണ് ലബീബിനെയും കുടുംബത്തെയും വിലക്കാനുള്ളം പള്ളിക്കമ്മിറ്റിയെടുത്തത്. ഇക്കാര്യം വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം പരസ്യമായി മഹല്ല് അംഗങ്ങളെ അറിയിക്കാനും കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്.
അതേ സമയം ഭ്രഷ്ട് കല്‍പ്പിക്കാനുള്ള മഹല്ല് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ലബീബ് പറഞ്ഞു. മെയ് 29നായിരുന്ന ലബീബിന്റെ വിവാഹം.