കോഴിക്കോട്: മുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.
‘കേസെടുത്ത് ഈ സമര വീര്യം ഇല്ലാതാക്കി കളയാം എന്ന് കരുതേണ്ട. കണ്ടാലറിയാവുന്ന പതിനായിരങ്ങളില്‍പ്പെട്ട പെണ്കുട്ടികളുടെ ചിത്രങ്ങളിതാ’ എന്ന തലവാചകത്തോടെ റാലിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചായിരുന്നു തഹ്‌ലിയയുടെ പ്രതികരണം.
വഖഫ് സംരക്ഷണ റാലിക്കെതിരെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലീഗ് നേതാക്കള്‍ക്കും കണ്ടാലറിയുന്ന 10,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസപ്പെടുത്തി, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം, വഖഫ് സംരക്ഷണ റാലിക്ക് മുന്നോടിയായുള്ള പ്രകടനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ മുദ്രാവാക്യമുയര്‍ത്തിയതില്‍ മാപ്പ് പറഞ്ഞ് ലീഗ് പ്രവര്‍ത്തകന്‍ രംഗത്തെത്തിയിരുന്നു. കണ്ണൂര്‍ സ്വദേശി് താജുദ്ദീന്‍ എന്നയാളാണ് വീഡിയോ സന്ദേശത്തിലൂടെ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുന്നത്.