| Friday, 26th January 2024, 2:00 pm

സാം ബഹദൂറിലെ ഇന്ദിരാഗാന്ധിയുടെ വേഷം ആദ്യം ഞാന്‍ നിരസിച്ചു: കാരണം വ്യക്തമാക്കി ഫാത്തിമ സന ഷെയ്ഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ചിത്രമാണ് സാം ബഹദൂര്‍. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ഈ ചിത്രം 2023 ഡിസംബര്‍ ഒന്നിനായിരുന്നു റിലീസ് ചെയ്തിരുന്നത്.

വിക്കി കൗശല്‍ നായകനായ ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്തിരുന്നത് ഫാത്തിമ സന ഷെയ്ഖ് ആയിരുന്നു. സാം ബഹദൂറിലെ അഭിനയത്തിന് അവര്‍ക്ക് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.

എന്നാല്‍ താന്‍ ആ വേഷം ആദ്യം നിരസിച്ചിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഇപ്പോള്‍ ബോളിവുഡ് ഹങ്കാമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

വളരെ പ്രാധാന്യമുള്ളതും വെല്ലുവിളി നിറഞ്ഞതുമായ ഒരു കഥാപാത്രമായിരുന്നു ഇന്ദിരാഗാന്ധിയുടേതെന്നും അത് ചെയ്യാന്‍ താന്‍ അനുയോജ്യയാണോയെന്ന് സംശയിച്ചിരുന്നെന്നും ഫാത്തിമ സന ഷെയ്ഖ് പറഞ്ഞു. സംവിധായിക മേഘ്ന ഗുല്‍സാറാണ് പിന്നീട് തന്നെ ആ കഥാപാത്രം ചെയ്യാന്‍ സ്വാധീനിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ആ കഥാപാത്രം ചെയ്യില്ല എന്നായിരുന്നു ആദ്യം പറഞ്ഞത്. ഞാന്‍ അതിനുള്ള ശരിയായ ആളാണെന്ന് എനിക്ക് തോന്നിയിരുന്നില്ല. എന്നാല്‍ അപ്പോള്‍ മേഘ്‌ന പറഞ്ഞത്, ഞാന്‍ കരുതുന്നത് നിങ്ങളാണ് ശരിയായ വ്യക്തി എന്നായിരുന്നു,’ ഫാത്തിമ സന ഷെയ്ഖ് പറഞ്ഞു.

താന്‍ ആ കഥാപാത്രം ചെയ്യാനായി ഇന്ദിരാഗാന്ധിയുടെ പഴയ വീഡിയോകള്‍ ഒരുപാട് കണ്ടിട്ടുണ്ടെന്നും സാം ബഹദൂറില്‍ തന്റെ കഥാപാത്രം ചെയ്യാനായി ഇന്ദിരാഗാന്ധിയുടെ ഏതൊക്കെ വശങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് മേഘ്ന ഗുല്‍സാറാണ് തനിക്ക് പറഞ്ഞു തന്നതെന്നും ഫാത്തിമ സന ഷെയ്ഖ് പറഞ്ഞു. ഒപ്പം ഇന്ദിരാഗാന്ധിയുടെ മേക്കപ്പ് ചെയ്യുന്നത് വലിയ വെല്ലുവിളിയായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സാം ബഹദൂറിലെ അഭിനയത്തിന് നടന്‍ വിക്കി കൗശല്‍ വലിയ കയ്യടി നേടിയിരുന്നു. ഇന്നാണ് ചിത്രം ഒ.ടി.ടിയില്‍ റിലീസിനെത്തിയത്. ഫാത്തിമ സന ഷെയ്ഖിനും വിക്കി കൗശലിനും പുറമെ സന്യ മല്‍ഹോത്ര, നീരജ് കബി, എഡ്വേര്‍ഡ് സോണന്‍ബ്ലിക്ക്, മുഹമ്മദ് സീഷന്‍ അയ്യൂബ് എന്നിവരുമാണ് സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

Content Highlight: Fatima Sana Shaikh Says She Initially Rejected The Role Of Indira Gandhi In Sam Bahadur

We use cookies to give you the best possible experience. Learn more