| Thursday, 4th August 2022, 7:24 pm

അഫ്ഗാന്‍ അഭയാര്‍ത്ഥിയായി വന്ന് ഓസ്ട്രേലിയയുടെ ആദ്യ ഹിജാബ്ധാരിയായ സെനറ്ററായി മാറി; ചരിത്രമെഴുതി ഫാത്തിമാ പേമാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാന്‍ബറ: ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ ചരിത്രം സൃഷ്ടിച്ച് ഹിജാബ്ധാരിയായ ആദ്യ സെനറ്ററായി 27കാരിയായ ഫാത്തിമ പേമാന്‍.

ഹിജാബ് ധരിച്ചുകൊണ്ട് പാര്‍ലമെന്റിലെത്തുന്ന ആദ്യ സെനറ്ററായാണ് ഫാത്തിമ പേമാന്‍ ചരിത്രമെഴുതിയത്.

ജൂലൈ 27നായിരുന്നു ഫാത്തിമ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ അഫ്ഗാന്‍- ഓസ്‌ട്രേലിയന്‍ പൗരയും, നിലവിലെ പാര്‍ലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കൂടിയാണ് ഫാത്തിമ പേമാന്‍.

”തലയില്‍ സ്‌കാര്‍ഫ് ധരിക്കുന്നു എന്നുകരുതി മറ്റുള്ളവര്‍ എന്നെ ജഡ്ജ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാനും അവരെപ്പോലെ ഓസ്ട്രേലിയക്കാരിയാണ്,” ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാത്തിമ പേമാന്‍ പറഞ്ഞു. തന്നെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തത് ഓസ്‌ട്രേലിയയിലുള്ള എല്ലാ മുസ്‌ലിങ്ങളെയും സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നും ഫാത്തിമ പേമാന്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥിയായിരുന്നു ഫാത്തിമ പേമാന്റെ പിതാവ്.

തന്റെ നേട്ടത്തിനും വിജയത്തിനും മരിച്ചുപോയ അച്ഛന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ഫാത്തിമ പേമാന്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്തത്. ”ഈ നേട്ടത്തില്‍ നന്ദി പറയേണ്ടത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭയാര്‍ത്ഥിയായി ഈ മണ്ണില്‍ എത്തിയ എന്റെ അച്ഛനോടാണ്. അച്ഛന്റെ ത്യാഗങ്ങള്‍ മറക്കാന്‍ കഴിയാത്തവയാണ്.

അദ്ദേഹത്തിന്റെ മക്കള്‍ ഇന്ന് എത്രത്തോളമെത്തിയെന്ന് കാണാന്‍ അദ്ദേഹം ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുകയാണ്,” സത്യപ്രതിജ്ഞകൊണ്ടുള്ള തന്റെ ആദ്യ പ്രസംഗത്തില്‍ ഫാത്തിമ പേമാന്‍ പറഞ്ഞു. പ്രസംഗം മുഴുവിപ്പിക്കാനാകാതെ തൊണ്ടയിടറിയ പേമാനെ സെനറ്റ് അംഗങ്ങള്‍ ആശ്വസിപ്പിക്കുകയായിരുന്നു.

‘പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നെങ്കില്‍ ഈ പാര്‍ലമെന്റ് ഹിജാബ് ധരിച്ചൊരു സ്ത്രീയെ തെരഞ്ഞെടുക്കുമോ? അഫ്ഗാനില്‍ ജനിച്ചൊരു യുവതി, ഒരു അഭയാര്‍ത്ഥിയുടെ മകള്‍ ഇന്ന് ഈ ചേംബറില്‍ നില്‍ക്കുമെന്ന് ആരാണ് കരുതിയിരുന്നത്?

ഒരു ടാക്‌സി ഡ്രൈവറായും, സെക്യൂരിറ്റി ജീവനക്കാരനുമായി ജോലി ചെയ്തുകൊണ്ട് അച്ഛന്‍ അനുഭവിച്ച ത്യാഗങ്ങളെക്കുറിച്ച് എനിക്കറിയാം. കുടുംബത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനും, തനിക്ക് ലഭിക്കാതെ പോയ നല്ലൊരു ഭാവി എനിക്കും സഹോദരങ്ങള്‍ക്കും ലഭിക്കാനുമായിരുന്നു അത്,” ഫാത്തിമ പേമാന്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

ഫാത്തിമയുടെ പിതാവ് അബ്ദുള്‍ പേമാന്‍, 1999ല്‍ ഒരു അഭയാര്‍ത്ഥിയായി ഓസ്ട്രേലിയയില്‍ വരുകയും ഇമിഗ്രേഷന്‍ തടങ്കലില്‍ അടയ്ക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് തനിക്ക് എട്ട് വയസുളളപ്പോള്‍ 2003ല്‍ അമ്മക്കും മൂന്ന് സഹോദരങ്ങള്‍ക്കുമൊപ്പമാണ് ഫാത്തിമ ഓസ്ട്രേലിയയിലെത്തുന്നത്.

പെര്‍ത്തിലെ ഓസ്ട്രേലിയന്‍ ഇസ്‌ലാമിക് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന പേമാന്‍ മെഡിസിനു യൂണിവേഴ്‌സിറ്റില്‍ ചേരുകയും പിന്നീട് രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് കടക്കുകയുമായിരുന്നു.

”അച്ഛനായിരുന്നു രാഷ്ട്രീയത്തില്‍ ചേരാനുളള പ്രേരണ. നിങ്ങളെ ഞാന്‍ തിരിച്ചു അഫ്ഗാനിലേക്ക് കൊണ്ടുപോകും, എന്ന് എപ്പോഴും പറയുമായിരുന്നു. അവിടെ ചേര്‍ന്ന് നിങ്ങള്‍ മത്സരിച്ചു ജയിക്കണം. ജനങ്ങള്‍ക്ക് സമാധാനവും ക്ഷേമവും ഉറപ്പുവരുത്താനായി പ്രവര്‍ത്തിക്കണം എന്ന് പറഞ്ഞിരുന്നു,” ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാത്തിമ പറഞ്ഞു.

2008ലായിരുന്നു ഫാത്തിമ പേമാന്റെ പിതാവ് അബ്ദുള്‍ പേമാന്‍ മരിച്ചത്.

Content Highlight: Fatima Payman, Australia’s first hijab-wearing senator, daughter of a refugee from Afghanistan creates history

We use cookies to give you the best possible experience. Learn more