കോഴിക്കോട്: കോടഞ്ചേരിയില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി മെമ്പര്‍ ഷെജിനും ജോയ്സനയും തമ്മിലുള്ള വിവാഹം ലവ് ജിഹാദാണെന്ന രീതിയിലുള്ള സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം. തോമസിന്റെ പ്രസ്താവന കേവലമൊരു നാക്കുപിഴ അല്ലെന്ന് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ.
ഒളിഞ്ഞു പറയാറുള്ള സംഘപരിവാര്‍ ആശയങ്ങള്‍ തെളിഞ്ഞുപറഞ്ഞു പോയതാണ് ജോര്‍ജ് എം. തോമസ് എന്ന കൃസംഘിയെ ജനം തിരിച്ചറിയാന്‍ ഇടവന്നതെന്നും തഹ്‌ലിയ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം.
ആസൂത്രിതമായ വര്‍ഗീയ പ്രചാരണവും കൃത്യമായ സാമുദായിക വിഭജനവും നടത്തി തന്നെയാണ് കുറച്ചു വര്‍ഷങ്ങളായി സി.പി.ഐ.എം തിരുവമ്പാടി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അമീറും ഹസനും കുഞ്ഞാലിക്കുട്ടിയുമാണ് യു.ഡി.എഫിനെ നയിക്കുന്നത് എന്ന് പറഞ്ഞു തെരഞ്ഞെടുപ്പ് നേരിട്ട സി.പി.ഐ.എം നേതാക്കള്‍ക്ക് ജോര്‍ജ് എം. തോമസിന്റെ കൃസംഘിത്തരത്തെ കേവലം നാക്ക് പിഴ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാനാവില്ലെന്നും തഹ്‌ലിയ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജോര്‍ജ് എം. തോമസിന്റെ പ്രസ്താവന കേരളത്തിലെ പാര്‍ട്ടി പരിശോധിക്കുമെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ലവ് ജിഹാദ് പ്രചരണത്തെ ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.
പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. ലവ് ജിഹാദ് വാദം ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
‘പാര്‍ട്ടിയുടെ നിലപാട് വ്യക്തമാണ്. സ്വന്തം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാര്‍ക്കും ഇന്ത്യന്‍ ഭരണ ഘടന നല്‍കുന്നുണ്ട്. ആ തെരെഞ്ഞെടുപ്പ് ഭരണ ഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശമാണ്. ഒരാള്‍ തെരഞ്ഞെടുക്കുന്ന പങ്കാളി മറ്റൊരു മതവിഭാഗത്തില്‍ പെട്ടതാണെങ്കില്‍ അത് ലവ് ജിഹാദാണെന്ന് പറയാനുള്ള അവകാശം ആര്‍ക്കുമില്ല.
എന്താണ് ഈ ലവ് ജിഹാദ്. ഇന്റര്‍കാസ്റ്റ് വിവാഹവും ഇന്‍ര്‍ഫെയ്ത്ത് വിവാഹവും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടോ? ഒരു മതവിഭാഗത്തിലുള്ള വ്യക്തി മറ്റൊരു മതവിഭാഗത്തില്‍ പെട്ട വ്യക്തിയെ വിവാഹം കഴിക്കാന്‍ സാധിക്കില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല,’ യെച്ചൂരി പറഞ്ഞു. തന്റെ പ്രസ്താവന നാക്കുപിഴയാണന്ന് മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസും പറഞ്ഞിരുന്നു.
Content Highlights: Fatihma Tahliya says CPIM faces election in Thiruvambadi With Communal Partitioning