കോഴിക്കോട്: കോടഞ്ചേരിയില്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി മെമ്പര്‍ ഷെജിനും ജോയ്സനയും തമ്മിലുള്ള വിവാഹം ലവ് ജിഹാദാണെന്ന രീതിയിലുള്ള സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ് എം. തോമസിന്റെ പ്രസ്താവന കേവലമൊരു നാക്കുപിഴ അല്ലെന്ന് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ.
ഒളിഞ്ഞു പറയാറുള്ള സംഘപരിവാര്‍ ആശയങ്ങള്‍ തെളിഞ്ഞുപറഞ്ഞു പോയതാണ് ജോര്‍ജ് എം. തോമസ് എന്ന കൃസംഘിയെ ജനം തിരിച്ചറിയാന്‍ ഇടവന്നതെന്നും തഹ്‌ലിയ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം.
ആസൂത്രിതമായ വര്‍ഗീയ പ്രചാരണവും കൃത്യമായ സാമുദായിക വിഭജനവും നടത്തി തന്നെയാണ് കുറച്ചു വര്‍ഷങ്ങളായി സി.പി.ഐ.എം തിരുവമ്പാടി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അമീറും ഹസനും കുഞ്ഞാലിക്കുട്ടിയുമാണ് യു.ഡി.എഫിനെ നയിക്കുന്നത് എന്ന് പറഞ്ഞു തെരഞ്ഞെടുപ്പ് നേരിട്ട സി.പി.ഐ.എം നേതാക്കള്‍ക്ക് ജോര്‍ജ് എം. തോമസിന്റെ കൃസംഘിത്തരത്തെ കേവലം നാക്ക് പിഴ എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാനാവില്ലെന്നും തഹ്‌ലിയ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജോര്‍ജ് എം. തോമസിന്റെ പ്രസ്താവന കേരളത്തിലെ പാര്‍ട്ടി പരിശോധിക്കുമെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ലവ് ജിഹാദ് പ്രചരണത്തെ ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും യെച്ചൂരി പറഞ്ഞു.