| Wednesday, 31st May 2023, 3:33 pm

മതപഠനകേന്ദ്രത്തെ ക്രൂശിച്ചവര്‍ മാപ്പ് പറയുമോ? സംഘികളെ നാണിപ്പിക്കും വിധം ഇസ്‌ലാമോഫോബിയ വളര്‍ത്തിയ സഖാക്കള്‍ കുറ്റമേറ്റ് പറയുമോ: തഹ്‌ലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം മതകേന്ദ്രത്തില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അധ്യാപകരെയും സ്ഥാപനത്തെയും ക്രൂശിച്ചവര്‍ മാപ്പ് പറയുമോയെന്ന് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.

ഒരു മദ്രസയില്‍ അനിഷ്ട്ട സംഭവങ്ങള്‍ നടക്കുമ്പോഴേക്കും മദ്രസയേയും അധ്യാപകരേയും ക്രൂശിച്ചു കൊണ്ട് ക്യാമ്പെയ്ന്‍ നടത്തി വരുന്നത് സംഘികള്‍ കാലങ്ങളായി ചെയ്യുന്ന ആചാരമാണെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ സംഘികളെ നാണിപ്പിക്കും വിധത്തില്‍ ആ വിഷയം കൈകാര്യം ചെയ്തത് കേരളത്തിലെ യുക്തിവാദികളും ലിബറലുകളുമാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സ്ഥാപനത്തെ വിമര്‍ശിച്ചും, തള്ളിപ്പറഞ്ഞും പോസ്റ്റ് ചെയ്യാത്തതില്‍ സൈബര്‍ ആക്രമണമുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ബലരാമപുരത്തെ മതപഠന കേന്ദ്രത്തിലെ പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എനിക്കെതിരെ വലിയ സൈബര്‍ ആക്രമണമായിരുന്നു നടന്നിരുന്നത്. ആ മതസ്ഥാപനത്തെ വിമര്‍ശിച്ചും, തള്ളിപ്പറഞ്ഞും ഞാന്‍ പോസ്റ്റ് ചെയ്തില്ല എന്നതായിരുന്നു വിമര്‍ശനത്തിന്റെയും സൈബര്‍ ആക്രമണത്തിന്റെയും കാതല്‍.

ഒരു മദ്രസയില്‍ അനിഷ്ട്ട സംഭവങ്ങള്‍ നടക്കുമ്പോഴേക്കും മദ്രസയേയും അധ്യാപകരേയും ക്രൂശിച്ചു കൊണ്ട് ക്യാമ്പെയ്ന്‍ നടത്തി വരുന്നത് സംഘികള്‍ കാലങ്ങളായി ചെയ്തു പോരുന്ന ആചാരമാണ്.

ഈ ആചാരത്തെ സംഘികളെ നാണിപ്പിക്കും വിധത്തില്‍ ഏറ്റെടുക്കുകയായിരുന്നു കേരളത്തിലെ യുക്തിവാദികളും ലിബറലുകളും. അവരുടെ ആ അജണ്ടക്കൊത്ത് തുള്ളാനല്ല ഇവിടെ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ പ്രവര്‍ത്തകരിരിക്കുന്നത്.

ഇന്നിതാ വിശദമായ പോലീസ് അന്വേഷണത്തിലൂടെ സത്യം പുറത്ത് വന്നിരിക്കുന്നു. ഒരു ആണ്‍സുഹൃത്തുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചത്.
ഈ അവസരത്തില്‍ ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിലെ അധ്യാപകരെയും സ്ഥാപനത്തെയും ക്രൂശിച്ചവര്‍ മാപ്പ് പറയുമോ?

സംഘികളെ നാണിപ്പിക്കും വിധത്തില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തിയ സഖാക്കള്‍ കുറ്റം ഏറ്റ് പറയാനെങ്കിലും തയ്യാറാകുമോ?,’ തഹ്‌ലിയ പറഞ്ഞു.

കഴിഞ്ഞ ദിവസം മതപഠനശാലയില്‍ ആത്മഹത്യ ചെയ്ത പതിനേഴുകാരി പീഡനത്തിന് ഇരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൂന്തുറ സ്വദേശിയായ യുവാവിനെതിരെ പോക്സോ കേസ് ചുമത്തി.

പെണ്‍കുട്ടി മരിക്കുന്നതിന് ആറ് മാസം മുമ്പാണ് പീഡനം നടന്നതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. മതപഠനശാലയില്‍ എത്തുന്നതിന് മുമ്പേ പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്നാണ് പൊലീസ് നിഗമനം.

പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് പിന്നാലെ മതപഠനശാലക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. പെണ്‍കുട്ടിയുടേത് ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്.

content highlight: fathima thehliya about thiruvananthapuram incident

We use cookies to give you the best possible experience. Learn more