കോഴിക്കോട്: പോക്‌സോ കേസില്‍ പ്രതിയായ റിട്ട. അധ്യാപകനും സി.പി.ഐ.എം നഗരസഭ കൗണ്‍സിലറുമായ കെ.വി. ശശികുമാറിനെതിരെ വിമര്‍ശനവുമായി എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. ശശികുമാര്‍ എന്ന അധ്യാപകനെതിരേയും കൂട്ടു നിന്നവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ബാലവകാശ കമ്മീഷനെന്താണ് താമസമെന്ന് തഹ്‌ലിയ ചോദിച്ചു. ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫാത്തിമ തഹ്‌ലിയുടെ പ്രതികരണം.
‘ഒരു വിദ്യാര്‍ത്ഥിയെയല്ല. മുപ്പത് വര്‍ഷം അറുപതിലധികം പെണ്‍കുട്ടികളെയാണ് ശശികുമാര്‍ എന്ന അധ്യാപകന്‍ അതിക്രൂരമായി പീഡിപ്പിച്ചത്. തൊടലും പിടിക്കലും മാത്രമല്ല പെനിട്രേഷന്‍ വരെ നടന്നിട്ടുള്ള കേസുകളുണ്ട്. തന്റെ അധ്യാപകവൃത്തിയെ കുറ്റകൃത്യം ചെയ്യാനുള്ള ഒരവസരമായിട്ടാണ് അദ്ദേഹം കണ്ടത്. ഇതാദ്യത്തെ സംഭവമല്ല. കേരളത്തിലെ സ്‌ക്കൂളുകളില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ നിത്യസംഭവമായി മാറുകയാണ്.
ഇത്തരം വൈകൃത മനസുള്ളവരെ അധ്യാപകരായി നിയമിക്കുന്നവരെ ഉള്‍പ്പെടുത്തിയുള്ള നടപടിയാണ് ആവശ്യം. വിരമിച്ചതിനു ശേഷം ഒരധ്യാപകന്‍ എന്ന നിലയിലെ ഒരു റിട്ടയര്‍മെന്റ് ബെനിഫിറ്റിനും ശശികുമാര്‍ എന്ന വ്യക്തി അര്‍ഹനല്ല. ആയത് കൊണ്ട് അത്തരത്തിലുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തി വെക്കാന്‍ സര്‍ക്കാറിനോട് ബാലവകാശകമ്മീഷന്‍ ശുപാര്‍ഷ ചെയ്യേണ്ടതുണ്ട്.
പൊലീസിനൊപ്പം ബാലവകാശകമ്മീഷന്റെ ഇടപെടലും ഈ കേസില്‍ അനിവാര്യമാണ്. സ്‌കൂള്‍ അധികാരികള്‍ക്കെതിരേയും ശശികുമാര്‍ എന്ന അധ്യാപകനെതിരേയും കൂട്ടു നിന്നവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ബാലവകാശ കമ്മീഷനെന്താണ് താമസം?,’ തഹ്‌ലിയ ഫേസ്ബുക്കില്‍ എഴുതി.
അതേസമയം, കെ.വി. ശശികുമാറിനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥിനികള്‍ കഴിഞ്ഞ ദിവസംരംഗത്തെത്തിയിരുന്നു. മലപ്പുറത്തെ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ ശശികുമാറിനെതിരെ പരാതിയുമായി മുന്നോട്ട് വന്നെന്ന് പൂര്‍വ വിദ്യാര്‍ഥിനി സംഘടനാ പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംഘടനക്ക് വേണ്ടി ബീന പിള്ള, മിനി സക്കീര്‍ എന്നിവരാണ് പത്രസമ്മേളനം നടത്തിയത്.അധ്യാപകനായിരുന്ന 30 വര്‍ഷത്തിനിടെ ശശികുമാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം ഉയര്‍ന്നത്.