പുറത്ത് പിണറായി വിജയനുണ്ട്, വീട്ടിലിരിക്കുക; പിണറായി ബാധിത പ്രദേശങ്ങള്‍ കണ്ടെയ്മന്റ് സോണ്‍: ഫാത്തിമ തഹ്‌ലിയ
Kerala News
പുറത്ത് പിണറായി വിജയനുണ്ട്, വീട്ടിലിരിക്കുക; പിണറായി ബാധിത പ്രദേശങ്ങള്‍ കണ്ടെയ്മന്റ് സോണ്‍: ഫാത്തിമ തഹ്‌ലിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th February 2023, 9:53 pm

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ അമിത സുരക്ഷ പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ.

2020-2021 സമയത്ത് പുറത്ത് കൊറോണയുണ്ട്, വീട്ടിലിരിക്കുക എന്ന് പറയുന്നത് പോലെ പിണറായി വിജയനുണ്ട്, വീട്ടിലിരിക്കുക എന്ന് പറയേണ്ട സ്ഥിതിയാണെന്നും ഫാത്തിമ തഹ്‌ലിയ പരിഹസിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അവരുടെ പ്രതികരണം.

പിണറായി ബാധിത പ്രദേശങ്ങള്‍ പൊലീസ് കണ്ടെയ്മന്റ് സോണാക്കി മാറ്റുകയാണെന്നും തഹ്‌ലിയ പറഞ്ഞു.

‘2020 – 2021 പുറത്ത് കൊറോണയുണ്ട്, വീട്ടിലിരിക്കുക.
2022- 2023 പുറത്ത് പിണറായി വിജയനുണ്ട്. വീട്ടിലിരിക്കുക.
പിണറായി ബാധിത പ്രദേശങ്ങള്‍ കണ്ടെയ്മന്റ് സോണാക്കി മാറ്റുന്ന പൊലീസിനോട് സഹകരിക്കണമെന്ന് പൊതു ജനങ്ങളോട് വിനയപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു,’ തഹ്‌ലിയ എഴുതി.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും അനധികൃതമായി കരുതല്‍ തടങ്കിലെടുക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതികരിച്ചു.

മുഖ്യമന്ത്രിക്ക് പൊതുപരിപാടികള്‍ ഉണ്ടെങ്കില്‍ ജനത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും സുധാകരന്‍ പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘കണ്ണൂരിലും പാലക്കാടും കോഴിക്കോടും എറണാകുളത്തും ഉള്‍പ്പെടെ എല്ലാ ജില്ലകളിലും അപ്രഖ്യാപിത അടിയന്താരവസ്ഥക്ക് തുല്യമായ നടപടികളാണ് മുഖ്യമന്ത്രിക്ക് വേണ്ടി പോലീസുകാര്‍ കാട്ടിക്കൂട്ടുന്നത്. പൊതുജനത്തെ വഴിയില്‍ തടഞ്ഞും രാഷ്ട്രീയ എതിരാളികളെ ജയിലടച്ചും മുഖ്യമന്ത്രി കാട്ടിക്കൂട്ടുന്ന പേക്കൂത്ത് പ്രതിഷേധാര്‍ഹമാണ്. സഞ്ചാരസ്വാതന്ത്ര്യവും ഇഷ്ടമുള്ള വസ്ത്രധാരണവും ഉള്‍പ്പെടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ മേല്‍ കടന്നുകയറുകയാണ് സംസ്ഥാന ഭരണകൂടം,’ കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.