കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെച്ചൊല്ലി ഇടതുപക്ഷ പ്രൊഫൈലുകള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ.
ഭാരത് ജോഡോ യാത്രക്ക് മുസ്‌ലിം ലീഗിന്റെ പച്ചക്കൊടി കെട്ടാന്‍ അനുവദിക്കുന്നില്ലെന്നാണ് പ്രചരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് ദേശീയ തലത്തില്‍ നടത്തുന്ന ഒരു യാത്രയില്‍ തീര്‍ത്തും മറ്റൊരു പാര്‍ട്ടിയായ ലീഗിന്റെ കൊടി കെട്ടേണ്ടതിന്റെ ആവശ്യമെന്താണെന്നും തഹ്‌ലിയ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.
‘സഖാവെന്നോ സംഘിയെന്നോ തിരിച്ചറിയാന്‍ കഴിയാത്ത ചിലര്‍ പുതിയ കുത്തിതിരിപ്പുമായി വന്നിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്രക്ക് മുസ്‌ലിം ലീഗിന്റെ പച്ചക്കൊടി കെട്ടാന്‍ അനുവദിക്കുന്നില്ലത്രേ. അത് കൊള്ളാം, കോണ്‍ഗ്രസ് ദേശീയ തലത്തില്‍ നടത്തുന്ന ഒരു യാത്രയില്‍ തീര്‍ത്തും മറ്റൊരു പാര്‍ട്ടിയായ ലീഗിന്റെ കൊടി കെട്ടേണ്ടതിന്റെ ആവശ്യമെന്താണ്?
ലീഗിന്റെ മാത്രമല്ല, യു.പി.എയിലെ മറ്റൊരു ഘടക കക്ഷിയുടേയും കൊടി ജാഥയിലില്ല. സി.പി.ഐ.എം
നടത്തുന്ന യാത്രയില്‍ സി.പി.ഐക്കാരന്‍ കൊടിയുമായി പോവാറില്ലല്ലോ? അതുകൊണ്ട്, താങ്കള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്ന ആ കുത്തിതിരിപ്പു യന്ത്രം ദയവായി ഓഫാക്കൂ!,’ തഹ്‌ലിയ ഫേസ്ബുക്കില്‍ എഴുതി.
അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പാറശ്ശാലയില്‍ നിന്നാണ് ആരംഭിച്ചത്. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഡി.സി.സി പ്രസിഡന്റ് പാലോട് രവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നെല്‍ക്കതിരും ഇളനീരും നല്‍കിയാണ് സംഘത്തെ സ്വീകരിച്ചത്.
കേരളത്തില്‍ ഏഴ് ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയപാത വഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര.
യാത്ര കടന്നുപോകാത്ത ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ ഏഴ് മുതല്‍ 11 വരെയും വൈകുന്നേരം നാല് മുതല്‍ ഏഴ് വരെയുമാണ് യാത്രയുടെ സമയക്രമം.
CONTENT HIGHLIGHTS: Fathima Thahliya Says Left Profiles Are Making Baseless Allegations Over Rahul Gandhi’s Bharat Jodo Yatra