| Tuesday, 17th August 2021, 9:49 pm

വാര്‍ത്താസമ്മേളനം വിളിച്ച് ഫാത്തിമ തഹ്‌ലിയ; അധിക്ഷേപ കമന്റുകളുമായി ലീഗ് അനുകൂലികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗ്- ഹരിത വിവാദത്തില്‍ ബുധനാഴ്ച വാര്‍ത്താസമ്മേളനം വിളിച്ച് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. ഫേസ്ബുക്കിലൂടെയാണ് തഹ്‌ലിയ ഇക്കാര്യം അറിയിച്ചത്.

വാര്‍ത്താസമ്മേളനം വിളിച്ചതായി അറിയിച്ചുള്ള തഹ്‌ലിയയുടെ പോസ്റ്റിന് താഴെ ലീഗ് അനുഭാവികളും പ്രവര്‍ത്തകരും അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയുമുള്ള കമന്റിടുകയാണ്.

ചാഞ്ഞതിനേയും ചീഞ്ഞതിനേയും വെട്ടണം എന്നാണ് ഒരാളുടെ കമന്റ്. ലീഗില്‍ നിന്ന് പുറത്തായാല്‍ ഒരു വിലയും കാണില്ലെന്നാണ് മറ്റൊരാളുടെ കമന്റ്. ഗൗരി അമ്മ എന്നെഴുതി പുച്ഛഭാവത്തോടെയുള്ള സ്‌മൈലിയാണ് മറ്റൊരാളുടെ കമന്റ്.

നേരത്തെ ലീഗിനെതിരെ പരോക്ഷ വിമര്‍ശനവുമായി തഹ്‌ലിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. പാര്‍ട്ടിയിലെ പെണ്ണുങ്ങള്‍ തന്റെ ചൊല്‍പ്പടിയ്ക്ക് നില്‍ക്കണമെന്ന ഇ.എം.എസിന്റെ ആണഹന്തയ്‌ക്കെതിരെ പൊരുതിയ കെ.ആര്‍. ഗൗരിയാണ് തന്റെ ഹീറോയെന്നാണ് തഹ്‌ലിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം മുസ്‌ലിം ലീഗ് മരവിപ്പിച്ചിരുന്നു. ഹരിത നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് ലീഗിന്റെ വാദം.


ഹരിതയോടുള്ള മുസ്‌ലിം ലീഗിന്റെ നിലപാടില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ് രാജിവെച്ചിരുന്നു.

‘പാര്‍ട്ടിയുടെ സ്ത്രീ വിരുദ്ധ-ജനാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ഭാരവാഹിത്വം ഒഴിയുകയാണെന്ന്,’ രാജിക്കത്തില്‍ അബ്ദു സമദ് പറഞ്ഞു.

അതേസമയം ആരോപണവിധേയരായ എം.എസ്.എഫ് നേതാക്കളായ പി.കെ നവാസ്, കബീര്‍ മുതുപറമ്പ്, വി.എ നവാസ് എന്നിവരോട് വിശദീകരണം തേടുമെന്ന് ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്.

ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം ഹരിതാ നേതാക്കള്‍ തള്ളിയതോടെയാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ തീരുമാനിച്ചത്.


ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത്.

എന്നാല്‍ പാര്‍ട്ടിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയം സംഘടനയുടെ പുറത്തേക്ക് കൊണ്ടുപോയത് അച്ചടക്കലംഘനമാണ് എന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല. പി.കെ നവാസിനെതിരെ നടപടിയെടുക്കാതെ പരാതി പിന്‍വലിക്കില്ല എന്നായിരുന്നു ഇവരുടെ നിലപാട്.

ഇതിനെ തുടര്‍ന്നാണ് ഹരിത നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ലീഗ് തീരുമാനിച്ചത്.

അതേസമയം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. എം.എസ്.എഫ് ഹരിത നേതാക്കളുടെ പരാതിയില്‍ കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ലൈംഗിക ചുവയോടെ സംസാരിച്ചതിന് സെക്ഷന്‍ 354(എ) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Fathima Thahliya Press Conference Muslim League Activist Verbal Abuse

We use cookies to give you the best possible experience. Learn more