തിരുവനന്തപുരം: കണ്ണൂരിലെ മുസ്‌ലിം കല്യാണ വീടുകളില്‍ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്താണ് ഭക്ഷണം വിളമ്പുന്നതെന്ന നിഖില വിമലിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. മുസ്‌ലിങ്ങളുടെ പരമ്പരാഗാത വിശ്വാസമനുസരിച്ചാണ് സ്ത്രീകള്‍ക്ക് വേറെ പന്തലില്‍ ഭക്ഷണം കഴിക്കാനിരുത്തുന്നതെന്നും മലബാറില്‍ മാത്രമല്ല കേരളത്തിന് പുറത്തും ഇതേ രീതിയാണെന്നും തഹ്‌ലിയ പറഞ്ഞു.
വിശ്വാസത്തിന്റെ പുറത്തുള്ള ഇത്തരം വേര്‍തിരിവുകളെ വിവേചനമെന്നൊക്കെ പറഞ്ഞ് വിമര്‍ശിക്കുന്നത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസിലെ ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു തഹ്‌ലിയയുടെ പ്രതികരണം.
‘മലബാറില്‍ മാത്രമാണ് ഇത്തരം വേര്‍തിരിവ് കാണുന്നതെന്നാണ് നിഖില പറഞ്ഞത്. അത് തെറ്റാണ് പരമ്പരാഗതമായ മുസ്‌ലിം വിശ്വാസമനുസരിച്ച് കൂടിച്ചേരലുകള്‍ ഒഴിവാക്കുക എന്ന രീതി നിലനില്‍ക്കുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമൊക്കെ ഇതേ അവസ്ഥയാണ് നിലനില്‍ക്കുന്നത്.
നിഖില അവരുടെ ജീവിത സാഹചര്യങ്ങളില്‍ നിന്നാണ് സംസാരിക്കുന്നത്. അതിന്റെ പേരില്‍ അവര്‍ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നത് അംഗീകരിക്കാനാവില്ല.
സ്ത്രീകളെ ഭക്ഷണം കൊടുക്കുന്ന സ്ഥലത്ത് നിന്ന് മാറ്റി നിര്‍ത്തി എന്നത് വിവേചനമാണെന്ന് പറയുന്നത് ശരിയല്ല. ഇത് മതപരമായ വിശ്വാസത്തിന്റെ പുറത്തുള്ള വേര്‍തിരിവാണ്. വിവേചനമെന്നൊക്കെ പറയുകയാണെങ്കില്‍ അവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളിലും ഭക്ഷണത്തിലുമൊക്കെ വ്യത്യാസമുണ്ടാകണമല്ലോ? ഇവിടെ അങ്ങനെ വല്ലതും നടക്കുന്നുണ്ടോ?
പുരുഷന് കൊടുക്കുന്ന അതേ ഭക്ഷണം തന്നെയല്ലെ സ്ത്രീക്കും വിളമ്പുന്നത്. പുരുഷന് കിട്ടുന്ന അതേ സൗകര്യങ്ങളും സ്ത്രീക്കും കിട്ടുന്നുണ്ട്. സൗകര്യത്തിനനുസരിച്ചായിരിക്കാം വീടിന്റെ പിറക് വശത്തൊക്കെ സ്ത്രീകള്‍ക്ക് കൂടാനുള്ള വേദിയൊരുക്കുന്നത്. ഈ വേര്‍തിരിവിനെ വിവേചനമായി വ്യാഖ്യാനിക്കുന്നത് ശരിയല്ല,’ തഹ്‌ലിയ പറഞ്ഞു.
സിനിമ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെയാണ് മലബാറിലുള്ള മുസ്‌ലിം വീടുകളില്‍ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്താണ് ഭക്ഷണം വിളമ്പുന്നതെന്ന് നിഖില പറഞ്ഞത്. ഇതിന് പിന്നാലെ വലിയ തോതിലുള്ള സൈബര്‍ ആക്രമണവും താരത്തിന് നേരിടേണ്ടി വന്നിരുന്നു.
Content Highlight: fathima thahliya on nikhila vimal