കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികള്‍ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നതും കലഹിക്കുന്നതും സി.എച്ച്. മുഹമ്മദ് കോയ പകര്‍ന്ന് തന്ന ഊര്‍ജം കൊണ്ടാണെന്ന് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.
സി.എച്ചിന്റെ 38-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മാധ്യമം ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് തഹ്‌ലിയയുടെ പ്രതികരണം.
‘സര്‍ക്കാര്‍ സര്‍വീസിലും ജുഡീഷ്യറിയിലും ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന വാദക്കാരനായിരുന്നു സി.എച്ച്. നീതി നടപ്പാക്കിയാല്‍ മാത്രം പോരാ, അത് നടപ്പാക്കിയതായി ഏവര്‍ക്കും തോന്നണം എന്ന നിര്‍ബന്ധബുദ്ധിയുമുണ്ടായിരുന്നു,’ തഹ്‌ലിയ പറയുന്നു.
സ്ത്രീ വിദ്യാഭ്യാസത്തിന്റേയും ഉന്നമനത്തിന്റേയും അധികാര പങ്കാളിത്തത്തിന്റെയും കാര്യത്തില്‍ സി.എച്ച്. കൈക്കൊണ്ട നടപടികള്‍ക്ക് തുടര്‍ച്ചയുണ്ടായില്ലെന്നും തഹ്‌ലിയ കൂട്ടിച്ചേര്‍ത്തു.
‘മുസ്‌ലിം പെണ്‍കുട്ടികള്‍ പഠിച്ചും നയിച്ചും മുന്നേറുന്നത് കാണുമ്പോള്‍, അവകാശങ്ങള്‍ക്കായി കരളുറപ്പോടെ സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ ആര്‍ക്കെങ്കിലും വിമ്മിട്ടം തോന്നുന്നുണ്ടെങ്കില്‍ അറിഞ്ഞുകൊള്ളുക ഈ മഹാ മനീഷിയാണ് അതിനുത്തരവാദി,’ തഹ്‌ലിയ പറഞ്ഞു.
ലീഗിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയ ഹരിത വിഷയത്തിലെ അനുകൂല നിലപാടുകളാണ് തഹ്‌ലിയയ്ക്ക് എം.എസ്.എഫ് ഭാരവാഹി സ്ഥാനത്ത് നിന്നും പുറത്തോട്ടുള്ള വഴിയൊരുക്കിയത്. ലീഗിലെ പ്രമുഖരടക്കം പല നേതാക്കളും ഹരിത വിഷയത്തെ ലഘൂകരിച്ച് രംഗത്തെത്തിയിരുന്നു.
ഹരിത വിവാദത്തില്‍ ഫാത്തിമ തഹ്‌ലിയ നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് ലീഗ് അഭിപ്രായപ്പെട്ടത്.
പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മറ്റിക്ക് പകരമായി പുതിയ കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫാത്തിമ തഹ്ലിയയെ സ്ഥാനത്ത് നിന്ന് മാറ്റിയത്. 2016 മുതല്‍ ഹരിതയുടെയും എം.എസ്.എഫിന്റെയും മുഖമായി പാര്‍ട്ടിയില്‍ ഉള്ള വ്യക്തിയാണ് ഫാത്തിമ തഹ്‌ലിയ.