| Tuesday, 14th September 2021, 10:38 pm

സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്; ലീഗ് വിടില്ലെന്ന് ഫാത്തിമ തഹ്‌ലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ മുസ്‌ലിം ലീഗ് വിടുമെന്ന വാര്‍ത്തകളെ തള്ളി ഫാത്തിമ തഹ്‌ലിയ. മുസ്‌ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നതെന്നും തഹ്‌ലിയ പറഞ്ഞു.

ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് താന്‍ ചിന്തിച്ചിട്ടേയില്ലെന്നും തഹ്‌ലിയ പറഞ്ഞു. മറിച്ചുള്ള വാര്‍ത്തകള്‍ ദുരുദ്ദേശപരമാണെന്നും തഹ്‌ലിയ കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിം ലീഗിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയ ഹരിത വിഷയത്തിലെ അനുകൂല നിലപാടുകളാണ് തഹ്ലിയയ്ക്ക് എം.എസ്.എഫ് ഭാരവാഹി സ്ഥാനത്ത് നിന്നും പുറത്തോട്ടുള്ള വഴിയൊരുക്കിയത്. ലീഗിലെ പ്രമുഖരടക്കം പല നേതാക്കളും ഹരിത വിഷയത്തെ ലഘൂകരിച്ച് രംഗത്തെത്തിയിരുന്നു.

ഹരിത വിവാദത്തില്‍ ഫാത്തിമ തഹ്‌ലിയ നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് ലീഗ് അഭിപ്രായപ്പെട്ടത്.

പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മറ്റിക്ക് പകരമായി പുതിയ കമ്മിറ്റി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫാത്തിമ തഹ്‌ലിയയെ സ്ഥാനത്ത് നിന്ന് മാറ്റിയത്. 2016 മുതല്‍ ഹരിതയുടെയും എം.എസ്.എഫിന്റെയും മുഖമായി പാര്‍ട്ടിയില്‍ ഉള്ള വ്യക്തിയാണ് ഫാത്തിമ തഹ്‌ലിയ.

നേരത്തെ ഹരിത വിവാദത്തില്‍ ഫാത്തിമ തഹ്‌ലിയ പത്രസമ്മേളനം നടത്തിയിരുന്നു.

ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ചതിന് പിന്നാലെയായിരുന്നു തഹ്‌ലിയയുടെ വാര്‍ത്താസമ്മേളനം. ഇത് ഗുരുതര അച്ചടക്ക ലംഘനമായിട്ടാണ് ലീഗ് വിലയിരുത്തുന്നത്.

പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മിറ്റിക്ക് പകരം ഞായറാഴ്ചയാണ് പുതിയ സംസ്ഥാന കമ്മിറ്റി ലീഗ് പ്രഖ്യാപിച്ചത്. ലീഗ് സെക്രട്ടറി പി.എം.എ. സലാമാണ് ഹരിതയുടെ പുതിയ കമ്മറ്റി പ്രഖ്യാപിച്ചത്.

പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിയില്‍ ട്രഷററായിരുന്ന പി.എച്ച്. ആയിഷ ബാനുവാണ് ഹരിതയുടെ പുതിയ അധ്യക്ഷ. ജനറല്‍ സെക്രട്ടറിയായി റുമൈസ റഫീഖിനെയും ട്രഷററായി നയന സുരേഷിനെയുമാണ് തെരഞ്ഞെടുത്തത്.

ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം

മുസ്‌ലിം ലീഗിന്റെ ആദര്‍ശത്തില്‍ വിശ്വസിച്ചാണ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണ്

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Fathima Thahilya denies report step down from Muslim League

We use cookies to give you the best possible experience. Learn more