| Thursday, 16th December 2021, 2:12 pm

ലിബറല്‍ ആങ്ങളമാരുടെ കയ്യടി വേണ്ട, വായടപ്പിക്കാമെന്നും കരുതണ്ട; വിയോജിക്കുന്നവര്‍ക്ക് മേല്‍ പിന്തിരിപ്പന്‍ ചാപ്പ കുത്തുന്നത് തുടരട്ടെയെന്ന് ഫാത്തിമ തെഹ്‌ലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഓരോ വ്യക്തിയുടേയും അവകാശങ്ങള്‍ക്ക് വില നല്‍കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതെന്ന് എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. ലിംഗഭേദമില്ലാതെ ഏതൊരു വിദ്യാര്‍ത്ഥിക്കും യൂണിഫോമിന്റെ എല്ലാ ഘടകങ്ങളും ധരിക്കാന്‍ അനുവദിക്കലാണ് ജനാധിപത്യമെന്ന് തെഹ്‌ലിയ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തെഹ്‌ലിയ ഇക്കാര്യം വ്യക്തമാക്കിയത്.

ജന്‍ഡര്‍ ന്യൂട്രാലിറ്റിയും ജെന്‍ഡര്‍ സേന്‍സിറ്റൈസേഷനും രണ്ട് വ്യത്യസ്ത ആശയങ്ങളാണെന്നും ആളുകളുടെ സ്വത്വത്തെ മറച്ചുവെക്കപ്പെടാതെ നിലകൊള്ളാന്‍ സാധിക്കുക എന്നതാണ് ജന്‍ഡര്‍ ഇക്വാലിറ്റിയെന്നും തെഹ്‌ലിയ പറയുന്നു.

ഏതൊരു സ്വത്വത്തേയും ഇല്ലാതാക്കി പൊതുസ്വത്വം എന്ന ഏകീകരണരൂപം മാനദണ്ഡമായി മാറിയാല്‍ അത് മറ്റ് സ്വത്വങ്ങളെ അരികുവത്കരിക്കും. ഓരോ വ്യക്തിയുടേയും അന്തസിന് ചേര്‍ന്ന, അവരുടെ ശാരീരിക സ്വയംഭരണവും സമഗ്രതയും ഉള്‍പ്പെടുന്ന അവകാശങ്ങള്‍ വകവെച്ച് നല്‍കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തേണ്ടത്.

അല്ലാതെ തെരഞ്ഞെടുക്കാനുള്ള അവകാശത്തെ എടുത്തുകളയലോ പരിമിതപ്പെടുത്തലോ അല്ല. മുന്നോട്ടുള്ള അവരുടെ ജീവിതത്തില്‍ ലിംഗഭേദമില്ലാതെ ഏതൊരു വിദ്യാര്‍ത്ഥിക്കും യൂണിഫോമിന്റെ എല്ലാ ഘടകങ്ങളും ധരിക്കാന്‍ അനുവദിക്കലാണ് ജനാധിപത്യം.

ഇത് യു.ജി.സിയുടെ തന്നെ സാക്ഷം കമ്മിറ്റി റിപ്പോര്‍ട്ടിലും കേരളത്തില്‍ നടന്ന കേരള ഹയര്‍ എജുക്കേഷന്‍ കൗണ്‍സിലിനു കീഴില്‍ നടന്ന പഠനങ്ങളിലും പറയുന്നുണ്ടെന്നും തെഹ്‌ലിയ പറയുന്നു.

തന്റെ അഭിപ്രായങ്ങളാണ് താന്‍ പറയുന്നതെന്നും ഈ വിഷയത്തില്‍ വിയോജിക്കുന്നവര്‍ക്ക് മേല്‍ പിന്തിരിപ്പന്‍ ചാപ്പ കുത്തുന്നത് തുടരട്ടെ, പക്ഷേ വയായടപ്പിക്കാം എന്ന് കരുതേണ്ടെന്ന് തെഹ്‌ലിയ കൂട്ടിചേര്‍ത്തു.

‘ലിംഗസ്വത്വം’ എന്നത് ജൈവികമാണെന്നും ഒരാളുടെ ലിംഗസ്വത്വത്തെ കണ്ടെടുക്കാനോ, രൂപപ്പെടുത്താനോ സാധ്യമല്ലെന്ന് തെഹ്‌ലിയ നേരത്തെ പറഞ്ഞിരുന്നു.

പുരുഷാധിപത്യമനോഭാവവും കാപട്യം നിറഞ്ഞ ലിബറല്‍ വാദവും തന്നെയാണ് ഇത്തരത്തിലുള്ള അനാവശ്യപരിഷ്‌ക്കരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു.

ഈയിടെയായി ശിരോവസ്ത്രം ധരിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി കോടതിയെ സമീപിച്ചവരെയൊന്നും കാണാതെയാവില്ല ഈ ഉദ്യമത്തിന് സര്‍ക്കാര്‍ തയ്യാറായത്. മറിച്ച് എല്ലാ കാലത്തും വിശ്വാസികളുടെ അവകാശങ്ങളെ മുറിപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ് മനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണിതെന്നും തെഹ്‌ലിയ പറഞ്ഞു.

ശിരോവസ്ത്രം ധരിക്കുന്ന ഒരുപാട് കുട്ടികള്‍ നമ്മുടെ സ്‌ക്കൂളുകളില്‍ പഠിക്കുന്നുണ്ട്. പുതിയ പരിഷ്‌ക്കരണങ്ങളില്‍ ശിരോവസ്ത്രം എത്രത്തോളം പ്രായോഗികമാവും എന്ന് ചിന്തിക്കേണ്ടതില്ലല്ലോ എന്നും തെഹ്‌ലിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ആദ്യമായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയിരിക്കുകയാണ് ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സക്കന്‍ഡറി സ്‌കൂള്‍. പ്ലസ് വണ്‍ തലത്തിലാണ് ആദ്യമായി പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ ചില എല്‍.പി. സ്‌കൂളുകളില്‍ ഒറ്റ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്. മുതിര്‍ന്ന കുട്ടികള്‍ പഠിക്കുന്ന ക്ലാസുകളിലും ഈ മാറ്റം കൊണ്ടുവരണമെന്ന സ്‌കൂളിലെ അധ്യാപകരുടെ നിര്‍ദേശത്തിന് പി.ടി.എ. പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ഫാത്തിമ തെഹ്‌ലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജന്റര്‍ ന്യൂട്രാലിറ്റി (ലിംഗ നിഷ്പക്ഷത) എന്നതും ജന്റര്‍ സെന്‍സിറ്റൈസേഷന്‍(ലിംഗ സംവേദനക്ഷമത) എന്നതും രണ്ടും വ്യത്യസ്ത ആശയങ്ങളാണ്. ആളുകളുടെ സ്വത്വത്തെ സെന്‍സര്‍ ചെയ്യപ്പെടാതെ, മറച്ചുവെക്കപ്പടാതെ, മറ്റൊരാളായി അഭിനയിക്കപ്പെടാതെ, നിങ്ങള്‍ക്ക് നിങ്ങളായി നിലക്കൊള്ളാന്‍ സാധിക്കുക എന്നതാണ് ജന്റര്‍ ഇക്ക്വാലിറ്റി.

ഏതൊരു സ്വതത്തേയും ഇല്ലാതാക്കി പൊതുസ്വത്വം എന്ന ഏകീകരണരൂപം മാനദണ്ഡമായി മാറിയാല്‍ അത് മറ്റ് സ്വത്വങ്ങളെ അരികുവല്‍ക്കരിക്കും. ഓരോ വ്യക്തിയുടെ അന്തസ്സിനു ചേര്‍ന്ന, അവരുടെ ശാരീരിക സ്വയംഭരണവും സമഗ്രതയും ഉള്‍പ്പെടുന്ന അവകാശങ്ങള്‍ വക വെച്ച് നല്‍കാനുളള ശ്രമമാണ് സര്‍ക്കാര്‍ നടത്തേണ്ടത്.

അല്ലാതെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ എടുത്തുകളയലോ പരിമിതപ്പെടുത്തലോ അല്ല! മുന്നോട്ടുള്ള അവരുടെജീവിതത്തില്‍ ലിംഗഭേദമില്ലാതെ ഏതൊരു വിദ്യാര്‍ത്ഥിക്കും യൂണിഫോമിന്റെ എല്ലാ ഘടകങ്ങളും ധരിക്കാന്‍ അനുവദിക്കലാണ് ജനാധിപത്യം. അവിടെ ലിംഗനിഷ്പക്ഷതയല്ല ലിംഗ സംവേദനക്ഷമതയാണ് നമ്മുടെ മാര്‍ഗം.

ഇത് യു.ജി.സിയുടെ തന്നെ സാക്ഷം കമ്മിറ്റി റിപ്പോര്‍ട്ടിലും കേരളത്തില്‍ നടന്ന കേരള ഹയര്‍ എജുക്കേഷന്‍ കൗണ്‍സിലിനു കീഴില്‍ നടന്ന പഠനങ്ങളിലും പറയുന്നുണ്ട്. ലിബറല്‍ ആങ്ങളമാരുടെ കയ്യടി കിട്ടാനല്ല ഞാന്‍ നിലപാട് പറയുന്നത്. എന്റെ ബോധ്യങ്ങളാണ് ഞാന്‍ പറയുന്നത്. വിയോജിക്കുന്നവര്‍ക്ക് മേല്‍ പിന്തിരിപ്പന്‍ ചാപ്പ കുത്തുന്നത് തുടരട്ടെ, പക്ഷേ വയായടപ്പിക്കാം എന്ന് കരുതണ്ട !

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Fathima Thahiliya urges agianst gender neutral uniform

We use cookies to give you the best possible experience. Learn more