കോഴിക്കോട്: നായകളും മനുഷ്യരും സമാധാനപരമായി ഒരുമിച്ച് ജീവിക്കണമെന്ന കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്റെ പരാമര്‍ശത്തിന് പിന്നാലെ പരിഹാസവുമായി എം.എസ്.എഫ് നേതാവ് അഡ്വ. ഫാത്തിമ തഹിലിയ. തെരുവു നായകളുമായി സഹകരിച്ച് ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അവര്‍ താന്‍ പറയുന്നത് കേള്‍ക്കുന്നില്ലെന്നും സമയം കിട്ടുമ്പോള്‍ മേയര്‍ സമാധാനപരമായി അവരോട് സംസാരിച്ച് ഒരു തീരുമാനത്തിലെത്തണമെന്നുമാണ് ഫാത്തിമ തഹിലിയയുടെ പ്രതികരണം.
കോഴിക്കോട് കോര്‍പ്പറേഷന്‍ നായകള്‍ വിലസുന്ന സ്ഥലമാണെന്നും തന്റെ വീടിന് മുമ്പിലും ഇവരെ കൂട്ടത്തോടെ കാണാറുണ്ടെന്നും ഫാത്തിമ തഹിലിയ പറഞ്ഞു. ഞങ്ങള്‍ അത്ര പ്രശ്‌നക്കാരൊന്നും അല്ലെന്ന് മേയര്‍ അവരെ ഉപദേശിക്കണമെന്നാണ് തഹ്‌ലിയ പറയുന്നത്. നായകള്‍ കാരണം വഴി നടക്കാന്‍ പ്രയാസമാണ് ഇവര്‍ ആളുകളെ കാണുമ്പോഴേക്കും ആക്രമിക്കാന്‍ വരികയാണെന്നും തഹിലിയ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പരാമര്‍ശം.
കഴിഞ്ഞ ദിവസം മീഡിയ വണ്‍ ചാനലുമായി നടത്തിയ സംഭാഷണത്തിലാണ് നായകളും മനുഷ്യരും സമാധാനപരമായി ഒരുമിച്ച് കഴിയണമെന്ന് ബീന ഫിലിപ്പ് പറഞ്ഞത്. നായ്ക്കളെ കൊല്ലുകയെന്നതല്ല തെരുവുനായ പ്രശ്നത്തിനുള്ള പരിഹാരമെന്നും സൂററ്റില്‍ പ്ലേഗ് ഉണ്ടായത് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയപ്പോഴാണെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
‘തെരുവുനായ്ക്കളെ കൊല്ലുകയെന്നതല്ല പ്രശ്ന പരിഹാരം. നായകള്‍ ലോകത്ത് അവയുടേതായ കര്‍ത്തവ്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും നമ്മളത് അറിയാതെ പോകുന്നുണ്ട്. മനുഷ്യരും നായ്ക്കളും ഒരുമിച്ച് ഈ ഭൂമിയില്‍ ജീവിക്കുന്ന അവസ്ഥയിലേക്ക് വരാന്‍ നമുക്ക് കഴിയണം.
ഭൂമിയില്‍ മനുഷ്യന്റെ ഏറ്റവും അടുത്ത മൃഗവും സ്‌നേഹിതരുമാണ് നായകള്‍. ആ രീതിയില്‍ അവയെ കണ്ട് പരിപാലിക്കാന്‍ നമുക്ക് സാധിക്കണം. നായ്ക്കളെ സ്നേഹിച്ച് സൗമ്യരാക്കാന്‍ നമുക്ക് കഴിയണമെന്നാണ് ഈ അവസ്ഥയില്‍ എല്ലാവരോടും പറയാനുള്ളത്. അതിന് സാധിക്കാതെ വരുമ്പോഴാണ് മറ്റ് മാര്‍ഗങ്ങള്‍ ആലോചിക്കേണ്ടിവരുന്നത്,’ എന്നാണ് ബീന ഫിലിപ്പ് പറഞ്ഞത്.
കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിരവധി പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം കോഴിക്കോട് പന്ത്രണ്ടു വയസുകാരനെ തെരുവുനായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി നൂറാസിനെ തെരുവ് നായ ആക്രമിക്കുന്നതിന്റെ ഭീകര ദൃശ്യങ്ങളാണ് സി.സി.ടി.വിയില്‍ പതിഞ്ഞത്.
സൈക്കിളില്‍ വീടിന്റെ ഗേറ്റിന് സമീപം നില്‍ക്കുന്ന നൂറാസിന് നേരെ തെരുവ് നായ ചാടിവീഴുന്നതും നിലത്ത് വീണ ശേഷം കൈയില്‍ കടിച്ച് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് നഗരത്തിലെ ബേപ്പൂര്‍ അരക്കിണറില്‍ മൂന്ന് കുട്ടികളുള്‍പ്പെടെ നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റത്. അരക്കിണര്‍ ഗോവിന്ദപുരം സ്‌കൂളിന് സമീപത്ത് വെച്ചാണ് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ബഹുമാനപ്പെട്ട കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന്,
തെരുവ് നായ്ക്കള്‍ വിലസുന്ന സ്ഥലമാണ് കോഴിക്കോട് കോര്‍പ്പറേഷനിലെ എന്റെ വീട് സ്ഥിതി ചെയ്യുന്ന ചാലപ്പുറം. പല ദിവസങ്ങളിലും എന്റെ വീട്ടിലേക്കുള്ള വഴിയില്‍ ഇവന്മാരുടെ സാന്നിധ്യം കാരണം വഴി നടക്കാന്‍ പറ്റാറില്ല. ടൂ വീലറിന്റെ പിന്നാലെ അവരോട് അക്രമിക്കാന്‍ വന്ന അനുഭവം ഒരുപാടുണ്ട്.
അങ്ങ് നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ച് കഴിയണം എന്ന് പറഞ്ഞതായി അറിഞ്ഞു. എനിക്കും അപ്രകാരം സമാധാനത്തില്‍ ജീവിക്കണമെന്നുണ്ട്. പക്ഷേ അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല.
കാണുമ്പോഴേക്ക് കൂട്ടത്തോടെ ചാടിക്കടിക്കാന്‍ വരുകയാണവര്‍.
അതു കൊണ്ട് അങ്ങയുടെ ദയവുണ്ടായി കോഴിക്കോട് കോര്‍പ്പറേഷനിലെ തെരുവ് നായകളോട് അങ്ങ് സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം.
ഞങ്ങളൊന്നും അത്ര കുഴപ്പക്കാരല്ലെന്നും, ഞങ്ങളെ ചാടിക്കടിക്കാന്‍ വരരുത് എന്നും ഉപദേശിക്കണം.
ഏറെ പ്രതീക്ഷകളോടെ
അഡ്വ. ഫാത്തിമ തഹിലിയ
Content Highlight: Fathima thahiliya slams calicut mayor beena philip over her comments on stray dogs and people to live in harmony