'കാപട്യം നിറഞ്ഞ ലിബറല്‍ വാദം, കമ്മ്യൂണിസ്റ്റ് മനോഭാവത്തിന്റെ പ്രതിഫലനം'; ജന്ററല്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ ഫാത്തിമ തെഹ്‌ലിയ
കോഴിക്കോട്: ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം ആശയത്തിനെതിരെ എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. ‘ലിംഗസ്വത്വം’ എന്നത് ജൈവികമാണെന്നും ഒരാളുടെ ലിംഗസ്വത്വത്തെ കണ്ടെടുക്കാനോ, രൂപപ്പെടുത്താനോ സാധ്യമല്ലെന്നും അവര്‍ പറഞ്ഞു.
പുരുഷാധിപത്യമനോഭാവവും കാപട്യം നിറഞ്ഞ ലിബറല്‍ വാദവും തന്നെയാണ് ഇത്തരത്തിലുള്ള അനാവശ്യപരിഷ്‌ക്കരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു.
ഈയിടെയായി ശിരോവസ്ത്രം ധരിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി കോടതിയെ സമീപിച്ചവരെയൊന്നും കാണാതെയാവില്ല ഈ ഉദ്യമത്തിന് സര്‍ക്കാര്‍ തയ്യാറായത്. മറിച്ച് എല്ലാ കാലത്തും വിശ്വാസികളുടെ അവകാശങ്ങളെ മുറിപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ് മനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണിതെന്നും തഹ്‌ലിയ പറഞ്ഞു.
വിശ്വാസപരമായ വസ്ത്രധാരണങ്ങളും. ശിരോവസ്ത്രം ധരിക്കുന്ന ഒരുപാട് കുട്ടികള്‍ നമ്മുടെ സ്‌ക്കൂളുകളില്‍ പഠിക്കുന്നുണ്ട്. പുതിയ പരിഷ്‌ക്കരണങ്ങളില്‍ ശിരോവസ്ത്രം എത്രത്തോളം പ്രായോഗികമാവും എന്ന് ചിന്തിക്കേണ്ടതില്ലല്ലോ എന്നും തഹ്‌ലിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു ജനാധിപത്യരാജ്യത്ത് ‘ജെന്റര്‍ ന്യൂട്രല്‍’ എന്ന പദത്തിനെ നാം വായിക്കപ്പെടേണ്ടത് ലിംഗഭേദമന്യേ അവസരസമത്വവും ലിംഗനീതിയും നടപ്പാക്കുവാനുള്ള മാര്‍ഗമായിട്ടാണ്.
പരമ്പരാഗതമായി നിര്‍വചിച്ചിട്ടുളള ലിംഗപരമായ റോളുകളോ, സ്റ്റീരിയോ ടൈപ്പുകളോ, മുന്‍വിധികളോ ഇല്ലാതെ ഏവര്‍ക്കും ജീവിക്കാനുള്ള അവസരമുണ്ടാകുക എന്നതാണ് ജന്റര്‍ ന്യൂട്രാല്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്.അങ്ങനെയെങ്കില്‍ എല്ലാവരും ഒരേ വസ്ത്രം ധരിച്ചാല്‍ ലിംഗനീതിയാവും എന്ന ആശയത്തെയാണ് താന്‍ ചോദ്യം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോമാക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹരിത സംസ്ഥാന പ്രസിഡന്റ് പി.എച്ച് ആയിശ ബാനുവും പറഞ്ഞിരുന്നു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ രീതിയില്‍ വസ്ത്രം ധരിക്കുകയും അതുവഴി ലിംഗസമത്വം ഉറപ്പാക്കാന്‍ സാധിക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍, സര്‍ക്കാര്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം അവതരിപ്പിച്ചത് മുതല്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ആദ്യമായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയിരിക്കുകയാണ് ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സക്കന്‍ഡറി സ്‌കൂള്‍. പ്ലസ് വണ്‍ തലത്തിലാണ് ആദ്യമായി പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ ചില എല്‍.പി. സ്‌കൂളുകളില്‍ ഒറ്റ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്. മുതിര്‍ന്ന കുട്ടികള്‍ പഠിക്കുന്ന ക്ലാസുകളിലും ഈ മാറ്റം കൊണ്ടുവരണമെന്ന സ്‌കൂളിലെ അധ്യാപകരുടെ നിര്‍ദേശത്തിന് പി.ടി.എ. പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.
ഫാത്തിമ തഹ്‌ലിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘ലിംഗസ്വത്വം’ എന്നത് ജൈവികമാണ്. ഒരാളുടെ ലിംഗസ്വത്വത്തെ കണ്ടെടുക്കാനോ, രൂപപ്പെടുത്താനോ സാധ്യമല്ല. അത് ഓരോ വ്യക്തികളിലും ജൈവികമായി രൂപപ്പെടേണ്ടതാണ്. ‘ലിംഗസ്വത്വം’ എന്നത് നിങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നു എന്നതാണ്. ഒരു പക്ഷേ ജനിക്കുന്ന സമയത്തെ ലൈംഗികതയില്‍ നിന്നും വിഭിന്നമായ സ്വത്വമാകും നിങ്ങളില്‍ രൂപപ്പെടുന്നത്. അതിനെ ഉള്‍ക്കൊള്ളുക എന്നതാണ് ജനാധിപത്യം.
വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു ജനാധിപത്യരാജ്യത്ത് ‘ജെന്റര്‍ ന്യൂട്രല്‍’ എന്ന പദത്തിനെ നാം വായിക്കപ്പെടേണ്ടത് ലിംഗഭേദമന്യേ അവസരസമത്വവും ലിംഗനീതിയും നടപ്പാക്കുവാനുള്ള മാര്‍ഗമായിട്ടാണ്. പരമ്പരാഗതമായി നിര്‍വചിച്ചിട്ടുളള ലിംഗപരമായ റോളുകളോ, സ്റ്റീരിയോ ടൈപ്പുകളോ, മുന്‍വിധികളോ ഇല്ലാതെ ഏവര്‍ക്കും ജീവിക്കാനുള്ള അവസരമുണ്ടാകുക എന്നതാണ് ജന്റര്‍ ന്യൂട്രാല്‍ കൊണ്ട് അര്‍ത്ഥമാക്കുന്നത്.
അങ്ങനെയെങ്കില്‍ എല്ലാവരും ഒരേ വസ്ത്രം ധരിച്ചാല്‍ ലിംഗനീതിയാവും എന്ന ആശയത്തെയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്. ബാലുശേരിയിലെ സ്‌ക്കൂളധികാരികള്‍ പെണ്‍കുട്ടികളായ വിദ്യാര്‍ത്ഥികളോട് പാന്റും ഷര്‍ട്ടും ധരിക്കാന്‍ ആവശ്യപ്പെട്ടതിലെ പ്രായോഗികത മാത്രമല്ല എന്റെ വിഷയം. അവസര സമത്വവും ലിംഗനീതിയും ഉറപ്പാക്കുന്നതിന് പകരം വസ്ത്രധാരണത്തിന്റെ തന്നെ കാര്യത്തില്‍ യൂണിഫോമിറ്റി കൊണ്ട് വന്നതിനെകൂടിയാണ് ഞാന്‍ ചോദ്യം ചെയ്യുന്നത്.
ഒരു ജന്റര്‍ കൂടുതലായുപയോഗിക്കുന്ന വസ്ത്രം വ്യത്യസ്ത ജെന്ററില്‍ പെട്ട മറ്റു വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍ അടിച്ചേല്‍പ്പിക്കുന്നത് മഹത്തായ കാര്യമായി അവതരിപ്പിക്കുന്നതിനോട് തന്നെ വിയോജിക്കുന്നു. നാണക്കേടും, വിമര്‍ശനവും, ഭീഷണിയുമില്ലാതെ എല്ലാവര്‍ക്കും സുരക്ഷിതത്വവും, അവര്‍ക്കാവശ്യമുള്ള വസ്ത്രം ധരിക്കാന്‍ പിന്തുണയ്ക്കുന്ന സംസ്‌ക്കാരം രൂപപ്പെടുത്തുകയല്ലെ യതാര്‍ത്ഥ ലിബറല്‍ വാദം ചെയ്യേണ്ടത്? പുരുഷാധിപത്യമനോഭാവവും കാപട്യം നിറഞ്ഞ ലിബറല്‍ വാദവും തന്നെയാണ് ഇത്തരത്തിലുള്ള അനാവശ്യപരിഷ്‌ക്കരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഇതോടൊപ്പം ചര്‍ച്ചചെയ്യേണ്ടകാര്യം തന്നെയാണ് വിശ്വാസപരമായ വസ്ത്രധാരണങ്ങളും. ശിരോവസ്ത്രം ധരിക്കുന്ന ഒരുപാട് കുട്ടികള്‍ നമ്മുടെ സ്‌ക്കൂളുകളില്‍ പഠിക്കുന്നുണ്ട്. പുതിയ പരിഷ്‌ക്കരണങ്ങളില്‍ ശിരോവസ്ത്രം എത്രത്തോളം പ്രായോഗികമാവും എന്ന് ചിന്തിക്കേണ്ടതില്ലല്ലോ?
ഈയിടെയായി ശിരോവസ്ത്രം ധരിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി കോടതിയെ സമീപിച്ചവരെയൊന്നും കാണാതെയാവില്ല ഈ ഉദ്യമത്തിന് സര്‍ക്കാര്‍ തയ്യാറായത്. മറിച്ച് എല്ലാ കാലത്തും വിശ്വാസികളുടെ അവകാശങ്ങളെ മുറിപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ്മനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണിത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ