പെരുന്നാള്‍ അവധി രണ്ട് ദിവസമാക്കണമെന്ന് എം.എസ്.എഫ് നേതാവ് ഫാത്തിമ താഹിലിയ; 'മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും അത് സൗകര്യപ്രദമാകും'
HOLYDAYS
പെരുന്നാള്‍ അവധി രണ്ട് ദിവസമാക്കണമെന്ന് എം.എസ്.എഫ് നേതാവ് ഫാത്തിമ താഹിലിയ; 'മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും അത് സൗകര്യപ്രദമാകും'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2019, 7:25 pm

റംസാന്‍ അവധി രണ്ട് ദിവസമായി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് എംഎസ്എഫ് ദേശീയ ഉപാദ്ധ്യക്ഷ ഫാത്തിമ തഹിലിയ. പെരുന്നാള്‍ ആകാന്‍ സാധ്യതയുള്ള രണ്ട് ദിവസവും അവധിയായി മുന്‍കൂട്ടി പ്രഖ്യാപിച്ചാല്‍ മുസ്ലിങ്ങള്‍ക്ക് മാത്രമല്ല, മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും അത് സൗകര്യപ്രദമാകുമെന്നും അനിശ്ചിതത്വം നീക്കാമെന്നും ഫാത്തിമ പറഞ്ഞു.

ഫേസ്ബുക്കിലൂടെയാണ് ഫാത്തിമ തഹിലിയയുടെ പ്രതികരണം. പ്രതികരണം താഴെ വായിക്കാം.

ചെറിയ പെരുന്നാള്‍ അവധി രണ്ട് ദിവസമാക്കണം.

നാളെ പരീക്ഷയുള്ള തിരുവനന്തപുരത്ത് പഠിക്കുന്ന ഒരു മലബാറുകരനെ കുറിച്ചോന്നോര്‍ത്ത് നോക്കൂ. നാളെ പെരുന്നാള്‍ ആണോ പരീക്ഷയാണോ എന്ന അനിശ്ചിതത്തില്‍ പഠിക്കണോ അതോ നാട്ടിലേക്ക് വരണോ എന്ന് ശങ്കിച്ചു നില്പുണ്ടാകും അവന്‍. പെരുന്നാളും പരീക്ഷയും കോളമാകുന്ന അവസ്ഥ. ചെറിയ പെരുന്നാള്‍ ആകാന്‍ സാധ്യതയുള്ള രണ്ട് ദിവസവും അവധിയായി മുന്‍കൂട്ടി പ്രഖ്യാപിച്ചാല്‍ മുസ്ലിങ്ങള്‍ക്ക് മാത്രമല്ല, മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും അത് സൗകര്യപ്രദമാകും. അവധിയുടെ കാര്യത്തിലുള്ള അനിശ്ചിതത്വവും നീക്കാനാകും.

 

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റിയിരുന്നു. ജൂണ്‍ ഒന്നിന് തുറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ വരുന്ന പെരുന്നാള്‍ അവധികള്‍ കണക്കിലെടുത്താണ് മന്ത്രിസഭയുടെ തീരുമാനം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജൂണ്‍ നാലിനോ അഞ്ചിനോ ചെറിയ പെരുന്നാള്‍ ആകുവാന്‍ സാധ്യതയുള്ളതിനാല്‍ സ്‌കൂള്‍ തുറക്കുന്നത് ആറിലേക്ക് മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. മധ്യവേനലവധിക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കുന്നതു നീട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സര്‍ക്കാരിനു കത്തുനല്‍കുകയും ചെയ്തിരുന്നു.