'പുരുഷന്മാരുടേത് 18 ആക്കി കുറയ്ക്കണം'; 18നും 20നും ഇടയിലുള്ള പെണ്‍കുട്ടികളുടെ വിവാഹം നിരോധിക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമെന്ന് ഫാത്തിമ തഹ്‌ലിയ
Kerala News
'പുരുഷന്മാരുടേത് 18 ആക്കി കുറയ്ക്കണം'; 18നും 20നും ഇടയിലുള്ള പെണ്‍കുട്ടികളുടെ വിവാഹം നിരോധിക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമെന്ന് ഫാത്തിമ തഹ്‌ലിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th December 2021, 10:22 pm

കോഴിക്കോട്: വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18ല്‍ നിന്നും 21 ആയി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഫാത്തിമ തഹ്‌ലിയ.

18നും 20നും ഇടയിലുള്ള പെണ്‍കുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് അവര്‍ പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു തഹ്‌ലിയയുടെ പ്രതികരണം. പുരുഷന്മാരുടെ വിവാഹ പ്രായം 18 ആക്കി കുറയ്ക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.

‘പെണ്‍കുട്ടികളുടെ മിനിമം വിവാഹപ്രായം 18 ആണെങ്കിലും 18ആം വയസ്സില്‍ തന്നെ അവര്‍ വിവാഹിതരാവണമെന്ന അഭിപ്രായം എനിക്കില്ല. സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവര്‍ എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്.

ഓരോ സ്ത്രീക്കും അത് വ്യത്യസ്തപ്പെട്ടിരിക്കും. ചിലര്‍ക്കത് 18 ആവാം, മറ്റു ചിലര്‍ക്ക് അത് 28 ആവാം, വേറെ ചിലര്‍ക്ക് 38 ആവാം. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളാണ് അവളുടെ ജീവിതം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. ഭരണകൂടമോ സമൂഹമോ അല്ല,’ ഫാത്തിമ തഹ്‌ലിയ പറഞ്ഞു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ സ്ത്രീക്ക് ദോഷമാണ് ചെയ്യുക. ഇത് പറയുമ്പോളൊരു മറുചോദ്യം ഉണ്ടാകും. 18 മുതല്‍ 20 വയസ്സിലുള്ള പുരുഷന്മാരുടെ വിവാഹം നിരോധിച്ചത് അവരുടെ വ്യക്തിസ്വാതന്ത്യത്തിലേക്കുള്ള കടന്നുകയറ്റമല്ലെ എന്ന്.

തീര്‍ച്ചയായും അതെ. പുരുഷന്മാരുടെ വിവാഹ പ്രായവും 18 ആക്കി കുറയ്ക്കുകയാണ് വേണ്ടത്. ദേശീയ ലോ കമ്മിഷന്റെ കണ്‌സല്‍റ്റേഷന്‍ പേപ്പറിലും പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹ പ്രായം 18 ആക്കണമെന്ന അഭിപ്രായമുണ്ടായിട്ടുണ്ടെന്നും അവര്‍ കുട്ടിച്ചര്‍ത്തു.

വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18ല്‍ നിന്നും 21 ആയി ഉയര്‍ത്താനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം
അംഗീകരിച്ചിരുന്നു. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ നിയമഭേദഗതി കൊണ്ടുവന്നേക്കും.

കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടയിലാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്.

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തല്‍, ജനസംഖ്യാനിയന്ത്രണം, സ്ത്രീ പുരുഷ സമത്വം തുടങ്ങിയവ ലക്ഷ്യം വച്ചാണ് നടപടി.

പ്രായപരിധി ഉയര്‍ത്തുന്നതിന്റെ ഭാഗമായി ശൈശവ വിവാഹ നിരോധന നിയമത്തിലാകും ആദ്യം ഭേദഗതി വരുത്തേണ്ടത്. നിലവില്‍ പുരുഷന്മാരുടെ കുറഞ്ഞ വിവാഹപ്രായം 21 വയസ്സാണ്.

CONTENT HIGHLIGHTS:  Fathima Tahliya says banning the marriage of girls between the ages of 18 and 20 is an encroachment on individual freedom