കോഴിക്കോട്: സമൂഹത്തില്‍ ഇസ്‌ലമോഫോബിയ വളര്‍ത്തിയതില്‍ ചെറുതല്ലാത്ത പങ്ക് സി.പി.ഐ.എമ്മിനുണ്ടെന്ന് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ.
വിഴിഞ്ഞം, ആവിക്കല്‍തോട് സമരത്തോടുള്ള വ്യത്യസ്ത സമീപനം പരിശോധിച്ചാല്‍ സി.പി.ഐ.എമ്മിന്റെ ഇസ്‌ലാമാഫോബിയ അറിയാമെന്നും ഫാത്തിമ തഹ്‌ലിയ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.
‘സി.പി.ഐ.എമ്മിന്റെ ഇസ്‌ലാമാഫോബിയ അറിയണമെങ്കില്‍ വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തോടും ആവിക്കല്‍തോട് മാലിന്യ പ്ലാന്റ് വിരുദ്ധ സമരത്തോടും അവര്‍ കാണിക്കുന്ന വ്യത്യസ്ത സമീപനം പരിശോധിച്ചാല്‍ മതി.
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരെ ലത്തീന്‍ കത്തോലിക്കാ സഭ പ്രത്യക്ഷ സമരത്തിലാണ്. അവരുടെ സമരം തീര്‍ത്തും ന്യായമാണ് താനും. പുരോഹിതര്‍ ളോഹ അണിഞ്ഞു സമരത്തില്‍ പങ്കെടുക്കുന്നു. അവര്‍ക്കെതിരെ തീവ്രവാദ – വര്‍ഗീയവാദ ആരോപണങ്ങള്‍ സി.പി.ഐ.എമ്മിന്റെ ഭാഗത്ത് നിന്ന് ഉയരുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ഇതേസമരം മലബാറിലായിരുന്നു നടന്നിരുന്നത് എന്നും മുസ്‌ലിം മതസംഘടനകള്‍ പ്രത്യക്ഷ സമരത്തിലേക്ക് വന്നു എന്നും കരുതുക. എന്തൊക്കെ പുകിലാകും സി.പി.ഐ.എം ഉണ്ടാക്കുക.
ഗെയില്‍, ആവിക്കല്‍തോട് മാലിന്യ പ്ലാന്റ് വിരുദ്ധ സമരങ്ങളോടുള്ള സി.പി.ഐ.എമ്മിന്റെ ഇസ്‌ലാമാഫോബിക് പ്രതികരണങ്ങള്‍ ഓര്‍മയില്ലേ. നമ്മുടെ സമൂഹത്തില്‍ ഇസ്‌ലമോഫോബിയ വളര്‍ത്തിയതില്‍ ചെറുത് അല്ലാത്ത പങ്ക് സി.പി.ഐ.എമ്മിനുണ്ട്,’ തഹ്‌ലിയ ഫേസ്ബുക്കില്‍ കുറിച്ചു.