|

ദിലീപിന് അനുകൂലമായ പൊതുബോധം സൃഷ്ടിച്ച് കോടതി വിധിയെ സ്വാധീനിക്കാനാണ് ശ്രീലേഖ ശ്രമിക്കുന്നത്: ഫാത്തിമ തഹ്‌ലിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപ് നിരപരാധിയാണെന്ന പരാമര്‍ശം നടത്തിയ മുന്‍ ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖക്കെതിരെ എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. ദിലീപിന് അനുകൂലമായ പൊതുബോധം സൃഷ്ടിച്ച് കോടതി വിധിയെ സ്വാധീനിക്കാനാണ് ആര്‍. ശ്രീലേഖ ശ്രമിക്കുന്നതെന്ന് ന്യായമായും സംശയിക്കേണ്ടതുണ്ടെന്ന് തഹ്‌ലിയ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തഹ്‌ലിയയുടെ പ്രതികരണം.

‘ദിലീപ് പ്രതിയായ റേപ്പ് കേസില്‍ ദിലീപിനെ ന്യായീകരിച്ചും കേരള പൊലീസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയും മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ നടത്തിയ പ്രസ്താവനകള്‍ അത്യന്തം ഗുരുതരമാണ്. പൊലീസിലെ ഉന്നത സ്ഥാനത്തിരുന്ന ഒരു വ്യക്തിയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്.

ദിലീപിന് അനുകൂലമായ പൊതുബോധം സൃഷ്ടിച്ച് കോടതി വിധിയെ സ്വാധീനിക്കാനാണ് ആര്‍. ശ്രീലേഖ ശ്രമിക്കുന്നത് എന്ന് ന്യായമായും സംശയിക്കേണ്ടതുണ്ട്. വിചാരണയുടെ ഈ ഘട്ടത്തില്‍ ആര്‍. ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ്. ഈ വിഷയത്തില്‍ ആഭ്യന്തരമന്ത്രി നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ തഹ്‌ലിയ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു തന്റെ യൂട്യൂബ് ചാനലിലൂടെ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ വിവാദ വീഡിയോ പുറത്തുവിട്ടത്. ദിലീപ് നിരപരാധിയാണ്, ദിലീപിനെതിരെ തെളിവുകളില്ല, അന്വേഷണസംഘം ദിലീപിനെതിരെ കള്ളത്തെളിവുകളുണ്ടാക്കി എന്നീ പരാമര്‍ശങ്ങളായിരുന്നു ആര്‍. ശ്രീലേഖ നടത്തിയത്.

ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും വീഡിയോയില്‍ ശ്രീലേഖ പറഞ്ഞിരുന്നു. ദിലീപ് മറ്റൊരാളുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോഷോപ്പ് ചെയ്തതാണെന്നും ഒരു പൊലീസുദ്യോഗസ്ഥന്‍ തന്നെ അത് സമ്മതിച്ചതാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

താന്‍ പറയുന്നത് വിശ്വസിക്കേണ്ടവര്‍ വിശ്വസിച്ചാല്‍ മതിയെന്നും ദിലീപിനെ ശിക്ഷിക്കാന്‍ ഒരു തെളിവുമില്ലാതിരിക്കെയാണ് ഗൂഢാലോചന എന്ന പേരില്‍ പുതിയ കേസ് ഉയര്‍ന്നുവന്നതെന്നും അവര്‍ വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Fathima Tahliya says R. Sreelekha is trying to influence court verdict by creating public perception in favor of Dileep