| Thursday, 14th November 2019, 11:33 pm

ഈ വര്‍ഷത്തെ അഞ്ചാമത്തെ ആത്മഹത്യയാണ് ഫാത്തിമയുടേത്; അധികാരികള്‍ ഒന്നും തന്നെ ചെയ്യുന്നില്ല; മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും വിദ്യാര്‍ത്ഥി പറയുന്നു

കവിത രേണുക

ഫാത്തിമയുടെ ആത്മഹത്യയില്‍ പുറത്തുവന്നിരിക്കുന്നത് മദ്രാസ ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികളോടുള്ള കടുത്ത വിവേചനങ്ങളാണ്. ആത്മഹത്യയില്‍ നടപടിയെടുക്കാത്തതിലും മറ്റു ആവശ്യങ്ങളുമുന്നയിച്ചും ഐ.ഐ.ടി ക്യാംപസിലെ വിദ്യാര്‍ത്ഥികള്‍ ചിന്താ ബാര്‍ കൂട്ടായ്മയുടെ കീഴില്‍ പ്രകടനം നടത്തി. നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പ്രകടനത്തില്‍ ഡയറക്ടറെ തടഞ്ഞു നിര്‍ത്തിയാണ് പ്രമേയം കൈമാറിയത്. ഫാത്തിമയുടെ മരണത്തെ സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥി ഡൂള്‍ ന്യൂസിനോട് സംസാരിക്കുന്നു.

‘ഫാത്തിമയ്ക്ക് ഇന്റേര്‍ണല്‍ വിഷയങ്ങളിലല്ലാതെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നോ എന്നൊന്നും സുഹൃത്തുക്കള്‍ക്ക് പോലും അറിയുമായിരുന്നില്ല.

ഫാത്തിമയുടെ അതേ ബാച്ചിലുള്ള കുറച്ചു സുഹൃത്തുക്കള്‍ക്കും അതേ ബാച്ചിലുള്ള സീനിയേഴ്‌സിനുമൊക്കെ അവളുടെ വിയോഗത്തില്‍ മാനസികമായി നല്ല ദുഃഖമുണ്ട്. ഹ്യുമാനിറ്റിസ് ഡിപാര്‍ട്ട്‌മെന്റില്‍ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നത്. എന്നാല്‍ ഐ.ഐ.ടി ക്യാംപസിനകത്തെ മൊത്തം കണക്കു നോക്കിക്കഴിഞ്ഞാല്‍ ഈ വര്‍ഷത്തെ അഞ്ചാമത്തെ ആത്മഹത്യയാണ് ഫാത്തിമയുടേത്. ഐ.ഐ.ടി അഡമിനിസ്‌ട്രേഷന്‍ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ല എന്ന തോന്നലുണ്ട് ഞങ്ങള്‍ക്ക്. അതിന്റെ ഭാഗമായാണ് ഇന്ന് പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്.

കഴിഞ്ഞ സെമസ്റ്ററില്‍ തന്നെ നാല് ആത്മഹത്യകള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില് ‘ചിന്താ ബാര്‍’ എന്ന പേരില്‍ വിദ്യാര്‍ത്ഥികളെ കൂട്ടി ഒരു ചര്‍ച്ച സംഘടിപ്പിക്കുകയും കുറെ പേര്‍ അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ തുറന്നു പറയുകയും ചെയ്തു. അവര്‍ പറഞ്ഞ കാര്യങ്ങളെ രേഖപ്പെടുത്തി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടായിരുന്നു. ആ റിപ്പോര്‍ട്ട് ആണ് ഔദ്യോഗിക വിദ്യാര്‍ത്ഥി സമിതിയില്‍ ആദ്യം സമര്‍പ്പിച്ചത്.

ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ഐ.ഐ.ടിയിലെ സ്റ്റുഡന്റ് ഗ്രൂപ്പായ ‘ചിന്താ ബാറി’ന്റെ കീഴില്‍ ക്യാംപസില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതില്‍ പ്രധാനമായും മൂന്നു ആവശ്യങ്ങളാണ് മുന്നോട്ടു വെച്ചത്.

ഫാത്തിമയുടെ കുടുംബത്തിന്റെ ആരോപണങ്ങള്‍ കണക്കിലെടുത്ത് ക്യാംപസിനകത്ത് ഒരു അന്വേഷണം നടത്തുക, പൊലീസിന്റെ അന്വേഷത്തോട് പൂര്‍ണമായും സഹകരിക്കുക എന്നതായിരുന്നു ആദ്യത്തെ ആവശ്യം.

ഇവിടുത്തെ കുട്ടികള്‍ അഭിമുഖീകരിക്കുന്ന പഠന സംബന്ധമായും അല്ലാത്തതുമായ ബുദ്ധിമുട്ടുകള്‍, ഇതിനിടയിലുള്ള വിവേചനങ്ങള്‍, അവരുടെ മാനസികാരോഗ്യത്തിനെ ബാധിക്കുന്നവിഷയങ്ങള്‍ തുടങ്ങി എന്തു പ്രശ്‌നവും പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതി തുടങ്ങണം എന്നതായിരുന്നു രണ്ടാമത്തെ ആവശ്യമായി പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയത്.

എല്ലാ ഡിപാര്‍ട്ടുമെന്റിലും വിദ്യാര്‍ത്ഥികള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിനായി ഒരു കംപ്ലയിന്റ് കമ്മിറ്റി സ്ഥാപിക്കുക  എന്നതാണ് മൂന്നാമത്തെ ആവശ്യം.

ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ചില കുട്ടികള്‍ക്കൊക്കെ കടുത്ത വിഷാദമുണ്ട്. അത്തരം സാഹചര്യങ്ങളെ മറികടക്കുന്നതിന് ഒരു കൗണ്‍സിലര്‍ ആവശ്യമാണ്. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് അവരുടെ അടുത്ത സുഹൃത്തുക്കളും ബാച്ചിലെ കുട്ടികള്‍ക്കുമൊക്കെ ആവശ്യമെങ്കില്‍ ചെന്നുകാണാന്‍ ഒരു കൗണ്‍സിലറെ നിയമിക്കണം എന്നതാണ് പ്രകടനത്തിലൂടെ ഉന്നയിച്ച ആവശ്യം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുമ്പും ആത്മഹത്യകള്‍ നടന്ന സാഹചര്യത്തില്‍ കഴിഞ്ഞ സെമസ്റ്ററില്‍ തന്നെ ഒരു പ്രമേയം പാസാക്കിയിരുന്നു. കുട്ടികളുടെ പഠനവും മാനസികമായ ആരോഗ്യവും സംബന്ധിച്ച് പരിശോധിക്കാന്‍ സമിതി വേണം എന്നതായിരുന്നു അന്ന് പാസാക്കിയ പ്രമേയം. എന്നാല്‍ അത് പാസാക്കിയതല്ലാതെ പിന്നീട് കൂടുതലായി ഒന്നും അതിന്മേല്‍ നടന്നില്ല. ഫാത്തിമയുടെ മരണം കൂടി വന്നപ്പോള്‍ വീണ്ടും അതേ ആവശ്യം ഇന്നത്തെ പ്രമേയത്തിലും ഉന്നയിക്കുകയായിരുന്നു.

ഡയറക്ടറുടെ ഓഫീസിലേക്കായിരുന്നു പ്രകടനം. പ്രമേയം കൊടുക്കാനായിട്ട് പോവുമ്പോള്‍ ഡയറക്ടര്‍ കാറെടുത്ത് പോവുകയായിരുന്നു. അദ്ദേഹത്തിന്റെ കാറ് തടഞ്ഞു നിര്‍ത്തിയിട്ടാണ് പ്രമേയം അദ്ദേഹത്തിന് നല്‍കിയത്.

ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ക്യാംപസിനകത്ത് ആഭ്യന്തരമായി അന്വേഷണം നടത്തുന്ന കാര്യത്തില്‍ ഉറപ്പില്ലാ എന്നാണ് അദ്ദേഹം പറഞ്ഞത്.

ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്തായാലും ഫാത്തിമയുടെ കുടുംബത്തിനോട് ഡയറക്ടര്‍ക്ക് പരാതി നല്‍കാന്‍ പറയുന്നുണ്ട്. അവരുടെ പരാതിയനുസരിച്ച് ആഭ്യന്തരമായി ഈ വിഷയം അന്വേഷിക്കുന്നതില്‍ വീണ്ടും ഞങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തും.

ഫാത്തിമയ്ക്ക് മുമ്പ് ഇത്തരത്തിലെന്തെങ്കിലും പ്രശ്‌നം നേരിട്ടിരുന്നോ എന്നറിയില്ല, പക്ഷെ മറ്റു വിദ്യാഭ്യാസ സ്ഥാപനത്തിലും കേന്ദ്ര സര്‍വകലാശാലകളിലുമുള്ളതുപോലെ തന്നെ ഇവിടെയും ദളിതുകള്‍ക്കും മുസ്‌ലീള്‍ക്കുമെതിരെയൊക്കെ പലതരത്തിലുമുള്ള പ്രശ്‌നങ്ങളുമുണ്ടാവാറുണ്ട്. അത് പറയാറുമുണ്ട്. എന്നാല്‍ ഇവിടെ എന്താണ് കൃത്യമായി സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. അതു കൊണ്ടാണ് ഞങ്ങള്‍ അന്വേഷിക്കാന്‍ നിര്‍ബന്ധിക്കുന്നത്.

ഈ സംഭവത്തിന് അടുത്ത ദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഒരു അനുശോചന യോഗം നടത്തിയിരുന്നു. അതില്‍ കുറെ പേര്‍ സംസാരിക്കുകയും ഫാത്തിമയെക്കുറിച്ചുള്ള അവരുടെ ഓര്‍മകള്‍ പങ്കു വെയ്ക്കുകയും ചെയ്തിരുന്നു. അല്ലാതെ കൂടുതല്‍ വിഷയങ്ങളൊന്നും ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. അതിനു ശേഷം ഡിപ്പാര്‍ട്ടുമെന്റിലെ വിദ്യാര്‍ത്ഥികളുടെ ഒരു യോഗം അധ്യാപകരുടെ സാന്നിധ്യത്തില്‍ നടത്തുകയും അവിടെ വെച്ച് വിദ്യാര്‍ത്ഥികളുടെ പ്രശനങ്ങള്‍ അവര്‍ തുറന്നു പറയുകയും ചെയ്തിരുന്നു. പ്രശ്‌നങ്ങള്‍ പരിഗണിക്കാം എന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്.
അതില്‍ പങ്കെടുത്ത അധ്യാപകരില്‍ ചിലരെങ്കിലും വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ മാറണമെന്ന് വിചാരിക്കുന്നവരാണ്. അതൊരു പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

ഐ.ഐ.ടിയില്‍ നടന്ന മരണങ്ങളില്‍ ആദ്യമായിട്ടാണ് ഒരു ആത്മഹത്യാകുറിപ്പ് പുറത്ത് വരുന്നത്. അതിനുമുമ്പേ നടന്ന ആത്മഹത്യകളിലൊന്നും തന്നെ കാരണം എന്താണെന്ന് നമുക്കറിയില്ല. അക്കാദമിക്കായിട്ടുള്ള സമ്മര്‍ദ്ദം തന്നെ വലിയൊരു പ്രശ്‌നമാണ്. അതിലപ്പുറം പ്രത്യേകം എന്തെങ്കികലും കാരണം ഉണ്ടായിരുന്നോ എന്നതു സംബന്ധിച്ച് വിവരം അധികം ലഭ്യമല്ല. എന്തായാലും ഫാത്തിമയുടെ കുറിപ്പ് പുറത്ത് വന്നത്‌കൊണ്ടു മാത്രമാണ് വിഷയം വിവാദമായത്’.

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more