കൊല്ലം: ഫാത്തിമ മാതാ കോളെജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. സജിമോന്‍, ലില്ലി, നിഷ എന്നീ അധ്യാപകരെയാണ് കോളേജ് മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്.
വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ അധ്യാപകരുടെ മാനസിക പീഡനമാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ കോളെജിലെ ഇന്റേണല്‍ കമ്മിറ്റി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് അധികൃതരുടെ നടപടി.
നവംബര്‍ 28 ബുധനാഴ്ചയാണ് രാഖി കൃഷ്ണ തീവണ്ടിക്ക് മുന്നില്‍ചാടി ജീവനൊടുക്കിയത്. സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനി കോപ്പിയടിച്ചുവെന്ന ആരോപണം ഉയര്‍ന്നതോടെ കുട്ടിയെ കോളെജിലെ കോപ്പിയടി തടയുന്നതിനുള്ള സ്‌ക്വാാഡിന്റെ മുന്നില്‍ അധ്യാപിക ഹാജരാക്കി.
സ്‌ക്വാഡിലുള്ളവരും മറ്റ് അധ്യാപകരും കുട്ടിയെ മാനസികമായി തളര്‍ത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. ഇതിനുപുറമെ കുട്ടിയുടെ ഫോട്ടോ എടുത്തുവെന്നും പരാതിയുണ്ട്.
അധികൃതരുടെ നടപടിയില്‍ മനംനൊന്ത് കുട്ടി കോളെജില്‍നിന്ന് ഇറങ്ങിയോടുകയും എന്‍.എന്‍ കോളെജിന് മുന്നില്‍വച്ച് തീവണ്ടിക്ക് മുന്നില്‍ ചാടുകയുമായിരുന്നു. സംഭവത്തില്‍ കോളെജ് അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് രാഖിയുടെ കുടുംബവും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.