ചെന്നൈ: മദ്രാസ് ഐ.ഐ.ടിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കെതിരെ തെളിവില്ലെന്ന് പൊലീസ്. ആഭ്യന്തര അന്വേഷണം വേണമോ എന്ന് ഡയറക്ടര്‍ ഇന്ന് ചര്‍ച്ച ചെയ്യും.
വിദ്യാര്‍ത്ഥികളുള്‍പ്പെടെ മുപ്പതോളം പേരെ രണ്ടു തവണ ചോദ്യം ചെയ്തിട്ടും അധ്യാപകര്‍ക്കെതിരെ സംശയാസ്പദമായി ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
എന്നാല്‍ ആഭ്യന്തര അന്വേഷണത്തെ സംബന്ധിച്ച് വിദ്യാര്‍ത്ഥികളുമായി ഐ.ഐ.ടി ഡയറക്ടര്‍ ഇന്ന് ചര്‍ച്ച നടത്തും.
നേരത്തെ ആഭ്യന്തര അന്വേഷണം നടത്തില്ലെന്ന അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇതേ തുടര്‍ന്ന് നിരാഹാരമിരുന്ന ഐ.ഐ.ടി മദ്രാസിലെ വിദ്യാര്‍ത്ഥികള്‍ ഫാത്തിമയുടെ ദുരൂഹ മരണത്തിനിടയാക്കിയ കാരണം വിശദമായി ചര്‍ച്ച ചെയ്യാമെന്ന ഡീനിന്റെ ഉറപ്പിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിച്ചത്.
ഡയറക്ടര്‍ തിരികെ വന്നാലുടന്‍ ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണത്തിന്റെ കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നും ഡീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച ഇമെയിലില്‍ വ്യക്തമാക്കിയുരുന്നു.