ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ; അന്വേഷണം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്
Kerala News
ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ; അന്വേഷണം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th November 2019, 5:31 pm

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത കേസ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണങ്ങള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥരും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടാകും. ഫാത്തിമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും പരിശോധിക്കുമെന്നും കമ്മീഷണര്‍ എ.കെ വിശ്വനാഥന്‍ വ്യക്തമാക്കി.

അതേസമയം, ഫാത്തിമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ട് അധ്യാപകരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെയും സഹപാഠികളെയും ഉള്‍പ്പടെ പതിമൂന്ന് പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്.

കേസിലെ മുഖ്യപ്രതിയായ ഹ്യുമാനിറ്റീസ് അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ ഒളിവിലാണ്. ഫാത്തിമയുടെ മരണത്തിന് ശേഷം സുദര്‍ശന്‍ പത്മനാഭന്‍ ക്യാമ്പസില്‍ എത്തിയിട്ടില്ല. ഇദ്ദേഹത്തിനെതിരെ ഫാത്തിമയുടെ സഹപാഠികള്‍ മൊഴി നല്‍കിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ വര്‍ഗീയ പീഡനം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നു ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാ കുറിപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു.

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. ന്യായവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു.

കാമ്പസുകളിലെ കാവിവത്ക്കരണം അവസാനിപ്പിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു. വിവേചനമാണ് ഫാത്തിമയുടെ മരണകാരണമെന്നത് ഞെട്ടിപ്പിക്കുന്നതാണ്. മതപരമായ കാരണങ്ങളാലാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന ഫാത്തിമയുടെ രക്ഷിതാക്കളുടെ ആരോപണം ഗുരുതരമാണെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.

ചെന്നൈ ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് ആന്റ് ഡവലപ്മെന്റ് സ്റ്റഡീസ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലത്തീഫിനെ നവംബര്‍ ഒമ്പതിനാണ് ഹോസ്റ്റല്‍ റൂമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ഐ.ഐ.ടിയില്‍ ജാതീയവും മതപരവുമായ വിവേചനം ഫാത്തിമ അനുഭവിച്ചിരുന്നുവെന്ന് പിതാവ് അബ്ദുള്‍ ലത്തീഫും പറഞ്ഞിരുന്നു ”ഫാത്തിമ എന്ന പേര് തന്നെ ഒരു പ്രശ്‌നമാണ് വാപ്പിച്ചാ എന്ന് അവള്‍ പറഞ്ഞിരുന്നെന്നും ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് അവിടത്തെ ചില അധ്യാപകര്‍ക്ക് പ്രശ്‌നമായിരുന്നെന്നുമായിരുന്നു പിതാവിന്റെ വാക്കുകള്‍.