| Sunday, 17th November 2019, 8:09 am

ഫാത്തിമയുടെ ആത്മഹത്യ: ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇന്ന് ക്യാംപസിലെത്തും; തൂങ്ങിമരണമെന്ന് എഫ്.ഐ.ആര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യചെയ്ത മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നത വിദ്യഭ്യാസ സെക്രട്ടറി ഇന്ന് ഐ.ഐ.ടിയിലെത്തും.

സ്ഥിതിഗതികള്‍ വിലയിരുത്തി വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉന്നത വിദ്യഭ്യാസ സെക്രട്ടറി ആര്‍.സുബ്രഹ്മണ്യം ഐ.ഐ.ടിയിലെത്തുന്നത്. മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്റിയാലിന്റെ നിര്‍ദേശ പ്രകാരമാണിത്.

ഫാത്തിമ ലത്തീഫിന്റേത് തൂങ്ങിമരണമാണെന്ന് എഫ്.ഐ.ആറിലുള്ളത്. ഫാത്തിമ തൂങ്ങിമരിച്ചത് നൈലോണ്‍ കയറിലാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. മരിച്ച ദിവസം രാത്രി ഫാത്തിമ വിഷമിച്ചിരിക്കുന്നത് കണ്ടതായി സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. മരണം പൊലീസിനെ അറിയിച്ചത് വാര്‍ഡന്‍ ലളിതയാണെന്നും എഫ്.ഐ.ആറിലുണ്ട്.

അതേസമയം, കേസ് അന്വേഷിക്കുന്ന സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കൊല്ലത്തെത്തി ഫാത്തിമയുടെ സഹോദരിയുടെ മൊഴിയെടുക്കും. ഫാത്തിമയുടെ ലാപ്‌ടോപും ഐപാഡും അന്വേഷണം സംഘം പരിശോധനയ്ക്കായി ഏറ്റെടുക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കളുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ഐ.ഐ.ടി കാമ്പസില്‍ പൊലീസിനെ വിന്യസിക്കുകയും ചെയ്തു. സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ കാമ്പസ് വിട്ടുപോകരുതെന്ന് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു.

മദ്രാസ് ഐ.ഐ.ടിയിലെ ഹ്യുമാനിറ്റീസ് ആന്റ് ഡവലപ്‌മെന്റ് സ്റ്റഡീസ് വിദ്യാര്‍ഥിയായ ഫാത്തിമ ലത്തീഫിനെ നവംബര്‍ ഒമ്പതിനാണ് ഹോസ്റ്റല്‍ റൂമില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ വര്‍ഗീയ പീഡനം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നു ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാ കുറിപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു.

ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. ന്യായവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഐ.ഐ.ടിയില്‍ ജാതീയവും മതപരവുമായ വിവേചനം ഫാത്തിമ അനുഭവിച്ചിരുന്നുവെന്ന് പിതാവ് അബ്ദുള്‍ ലത്തീഫും പറഞ്ഞിരുന്നു ”ഫാത്തിമ എന്ന പേര് തന്നെ ഒരു പ്രശ്നമാണ് വാപ്പിച്ചാ എന്ന് അവള്‍ പറഞ്ഞിരുന്നെന്നും ഫാത്തിമ ലത്തീഫ് എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് അവിടത്തെ ചില അധ്യാപകര്‍ക്ക് പ്രശ്നമായിരുന്നെന്നുമായിരുന്നു പിതാവിന്റെ വാക്കുകള്‍.

We use cookies to give you the best possible experience. Learn more