ചെന്നൈ: മദ്രാസ് ഐ.ഐ.ടി ഹോസ്റ്റിലില്‍ ആത്മഹത്യചെയ്ത വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ കുടുംബത്തിനെതിരെ ഐ.ഐ.ടി അധികൃതര്‍ പൊലീസിന് കത്തു നല്‍കിയതായി ബന്ധുവിന്റെ ആരോപണം.
സാമ്പത്തിക ശേഷിയുള്ളതിനാലാണ് ഫാത്തിമയുടെ കുടുംബം മരണം വിവാദമാക്കുന്നതെന്നും ഐ.ഐ.ടിയെ താറടിച്ചു കാണിക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നെന്ന് ബന്ധു പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു ഫാത്തിമയുടെ ബന്ധു ഷമീറിന്റെ പ്രതികരണം.
ഫാത്തിമ മുമ്പ് മറ്റു അധ്യാപകര്‍ക്കെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കുന്നതായും ഷമീര്‍ പറഞ്ഞു.
‘ഫാത്തിമ മരിച്ചതിനു ശേഷം ഐ.ഐ.ടിയില്‍ നിന്നും ആരും തന്നെ ഇതുവരെ നാട്ടിലെ വീട് സന്ദര്‍ശിക്കുകയോ അതുമായി ബന്ധപ്പെട്ട് ഫോണില്‍ ബന്ധപ്പെടുകയോ ഒന്നും തന്നെ ചെയ്തിട്ടില്ല. ഇത്രയും ദാരുണമായ മരണം സംഭവിച്ചിട്ട് ക്യാംപസിലെ അധികാരികളാരും തന്നെ ആശുപത്രിയിലോ പൊലീസ് സ്‌റ്റേഷനിലോ ഒന്നും വന്നിട്ടില്ല.
മരണം നടന്നിട്ട് പത്തു ദിവസത്തോളമാകുമ്പോഴാണ് ഫാത്തിമയുടെ പിതാവിന് ഒരു മെയില്‍ അയക്കുന്നത്. ആവശ്യമുണ്ടെങ്കില്‍ അവരെ വിളിക്കാം എന്നും കുടുംബത്തോടൊപ്പമുണ്ടെന്നുമായിരുന്നു മെയിലില്‍ ഉള്ളത്. എന്നാല്‍ യാതൊരു പിന്തുണയും ഇതുവരെ ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്നാല്‍ അതേ സമയം ഞങ്ങള്‍ക്ക് മെയില്‍ ചെയ്തതിന് സമാന്തരമായി അവര്‍ കുടുംബത്തിനെതിരെ ഒരു മെയില്‍ പൊലീസിനും നല്‍കിയിട്ടുണ്ട്’. ഷമീര്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അബ്ദുള്‍ ലത്തീഫിന്റെ കുടുംബം സാമ്പത്തിക ശേഷിയുള്ളയാണെന്നും ഫാത്തിമയ്ക്ക് അത്തരമൊരു അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നും അത് മനഃപൂര്‍വം കെട്ടിച്ചമച്ചതാണെന്നുമാണ് കത്തില്‍ ഉള്ളതെന്ന് ഷമീര്‍ പറഞ്ഞു.
സംഭവത്തില്‍ ആരോപിതനായ സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകനെ സംരക്ഷിക്കാനുള്ള നടപടിയാണ് ഐ.ഐ.ടി അധികൃതര്‍ എടുക്കുന്നതെന്നും ഷമീര്‍ ആരോപിച്ചു.
ഫാത്തിമയുടെ പോസ്റ്റുമോര്‍ട്ടം വീഡിയോയില്‍ പകര്‍ത്തിയിട്ടില്ലെന്നും ഷമീര്‍ പറയുന്നു. വെറും പതിനഞ്ച് മിനിട്ടു കൊണ്ടാണ് പോസ്റ്റുമോര്‍ട്ടം അവസാനിപ്പിച്ചതെന്നും ഷമീര്‍ ആരോപിച്ചു.
അതേ സമയം ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നത വിദ്യഭ്യാസ സെക്രട്ടറി ഇന്ന് ഐ.ഐ.ടിയിലെത്തും.
ഫാത്തിമ ലത്തീഫിന്റെ മരണം തൂങ്ങി മരണമാണെന്നായിരുന്നു എഫ.്‌ഐ.ആറിലുള്ളത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ വര്‍ഗീയ പീഡനം മൂലമാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നു ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാ കുറിപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു.
ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും രംഗത്തെത്തിയിരുന്നു. ന്യായവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു.